Sunday, April 30, 2017

ആനന്ദ മാര്‍‌ഗം.

നന്മയും തിന്മയും തിരിച്ചറിയപ്പെടാന്‍ പോലും പ്രയാസം അനുഭവപ്പെടുന്ന ഇക്കാലത്ത്‌ നന്മയുടെ വാഹകരെന്നും സം‌ശുദ്ധമായ വിശ്വാസത്തിന്റെ ധ്വജവാഹകരെന്നും ഒക്കെ പറയപ്പെടുന്ന വിശ്വാസി സമൂഹത്തിലെ ഒരു വിഭാഗം കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ സകല സീമകളും ലംഘിക്കുന്നു.പങ്കു വെയ്‌ക്കപ്പെട്ട വീഡിയൊ ഒരു നോക്കിനപ്പുറം പോലും നോക്കാനെനിക്കായില്ല.ശുഭ്ര വസ്‌ത്ര ധാരികളായ ഒരു പറ്റം മുല്ലകള്‍ മന്ത്രങ്ങളുരുവിട്ട്‌ തുള്ളിത്തിളക്കുന്ന ചിത്രം.തിളച്ച ഉരുളിയില്‍ എണ്ണ തിളക്കും കണക്കേ അവര്‍ ആടിത്തിമര്‍‌ക്കുന്ന ചിത്രം.അക്ഷരാര്‍ഥത്തില്‍ പകച്ചു പോയി.ആത്മീയാന്വേഷണത്തില്‍ അവര്‍ കണ്ടെത്തിയിരിക്കാവുന്ന ആനന്ദ മാര്‍‌ഗം.

ദൈവത്തോട്‌ മുഖാമുഖമെന്ന പ്രതീതിയിലുള്ള ആനന്ദ ദായകമായ നിമിഷങ്ങള്‍ വിവരണാതീതമത്രെ.ഈ സുവര്‍‌ണ്ണാവസരത്തിന്റെ ആത്മീയ ഭാവം പ്രധാനം ചെയ്യുന്ന പരക്ഷേമ തല്‍‌പരതയില്‍ സേവന നിരതമാവുമ്പോള്‍ കിട്ടുന്ന ആനന്ദവും മാനസികോല്ലാസവും പ്രവാചക പാഠങ്ങളിലൂടെ പഠിപ്പിക്കപ്പെടുന്നുണ്ട്‌.

മധു നുകരുന്ന മധുപന്റെ ഇമ്പത്തോടെ നാഥനെ സ്‌മരിക്കുക.മതിവരാതെ വിരമിക്കുക.മനസ്സ്‌ ശാന്തമായ ആഴിപോലെ.അനന്തമായ നീലാകാശം പോലെ അനുഭവേദ്യമാകും.എന്നാല്‍ നിശ്ചയിക്കപ്പെട്ട മുഖാമുഖ വേളകളുടെ ആത്മാവറിയാതെ 'നിക്കരിക്കുന്നവര്‍‌ക്ക്‌  ഈ സുഖം ലഭിച്ചു കൊള്ളണമെന്നില്ല.ഒടുവില്‍ ഇക്കുട്ടര്‍ എത്തിപ്പെടുന്ന ആനന്ദമാര്‍‌ഗങ്ങളാകട്ടെ ഒരു തരം ആഭാസക്കളരികളും.

സുഖ ദുഖ സമിശ്രമായ ലോകത്ത്‌ നാഥനില്‍ സകലതും ഭരമേല്‍പിച്ച്‌ ജിവിതത്തിന്റെ ഏതവസ്ഥയിലും സുഖം നുകരുന്ന അവസ്ഥ ലഭിക്കുന്നവനാണ്‌ സാക്ഷാല്‍ വിശ്വാസി.അക്ഷരാര്‍ഥത്തില്‍ ആനന്ദം കൊള്ളുന്നവനും അവന്‍ തന്നെ.

ഇസ്‌ലാം ഒരു ദര്‍ശനമാണ്‌ അതിനെ മനസാ വാചാ കര്‍മ്മണാ അംഗീകരിക്കുന്നവനെയാണ്‌ മുസ്‌ലിം(അനുസരിക്കുന്നവന്‍)എന്ന്‌ പറയുന്നത്‌.ഒരു ശക്തിയും ഇല്ല  പ്രപഞ്ച  നാഥനല്ലാതെ എന്നതാണ്‌ ഈ ദര്‍ശനത്തിന്റെ മന്ത്രവും മര്‍മ്മവും.പ്രസ്‌തുത മന്ത്രധ്വനിയെ യഥാവിധി മനസ്സിലാക്കി ജീവിതം നയിക്കുക എന്നതത്രെ ഈ  ദര്‍ശനത്തിന്റെ വക്താക്കളുടെ ധര്‍മ്മം.ഇത്തരത്തിലുള്ള നിഷ്‌കളങ്കമായ ബോധം ആരുടെയെങ്കിലും മനസ്സില്‍ അങ്കുരിച്ച്‌ കഴിഞ്ഞാല്‍ അഥവാ മനം മാറ്റം സം‌ഭവിച്ചാല്‍ ഒരു ശക്തിക്കും അവനെ പിന്തിരിപ്പിക്കാന്‍ കഴിയില്ല. ഈ മഹദ്‌ മന്ത്രം ഹൃദയാന്തരങ്ങളില്‍ വേണ്ടവിധം മുദ്രണം ചെയ്യപ്പെടാത്തവരും പൊതു സമൂഹത്തില്‍ ഇതേ ധാരയുടെ വിലാസം പേറുന്നവരാണെന്നതും ഒരു വസ്‌തുതയാണ്‌.

അദൃശ്യനായ ദൈവത്തിലും അവന്റെ മാലാഖമാരിലും ഉള്ള വിശ്വാസം ,മുന്‍ കഴിഞ്ഞ സകല പ്രവാചകന്മാരിലും അവര്‍ക്ക്‌ അവതീര്‍ണ്ണമായതിലും ഉള്ള വിശ്വസം മരണാനന്തരവും വിധിയിലുമുള്ള വിശ്വാസം നന്മതിന്മകള്‍ അല്ലാഹുവില്‍ നിന്നാണെന്നുമുള്ള  ദൃഡബോധ്യവും വിശ്വാസകാര്യങ്ങളായി പഠിപ്പിക്കപ്പെട്ടവയാണ്‌.

സത്യസാക്ഷ്യവും ,നമസ്‌കാരവും ,വ്രതവും ,സകാത്തും ,ഹജ്ജും , കര്‍മ്മങ്ങളായി നിര്‍വഹിക്കാന്‍  കല്‍പിക്കപ്പെട്ടവയാണ്‌.

വിശ്വാസ സംഹിതകളും കര്‍മ്മ നിബന്ധനകളും കൃത്യവും സൂക്ഷ്‌മവുമായി വിശുദ്ധഖുര്‍ആന്‍ വരച്ചു കാണിക്കുന്നുണ്ട്‌.നമസ്‌കാരവുമായി ബന്ധപ്പെട്ട കര്‍മ്മത്തിന്റെ പ്രകടന പ്രകീര്‍ത്തന സമയ നിഷ്‌ഠ തുടങ്ങിയ കാര്യങ്ങള്‍ പ്രവാചക ബോധനങ്ങളിലൂടെയാണ്‌ വിശദീകരിക്കപ്പെട്ടിട്ടുള്ളത്‌.

വിശുദ്ധ വേദം ദര്‍ശനവും പ്രവാചകന്‍ അതിന്റെ ദര്‍പ്പണവുമത്രെ.ഈ ദര്‍‌ശനവും ദര്‍‌പ്പണവും മാറ്റിവെച്ചു കൊണ്ട്‌ ഏതൊക്കെയോ ഹാവ ഭാവങ്ങളിലെ മായാലോകത്ത് വിശ്വാസി സമൂഹത്തിന്റെ വിലാസം പേറുന്നവര്‍ അകപ്പെട്ടിരിക്കുന്നു എന്നതായിരിക്കണം അവിശ്വാസികളായി ഗണിക്കപ്പെടുന്നവരുടെ പേകൂത്തുകളേക്കാള്‍ ലജ്ജാകരം.

Friday, April 28, 2017

അമിതമായാല്‍ അമൃതും വിഷം

ഓരോ കഴിഞ്ഞ കാലഘട്ടവും പരിശോധിക്കുമ്പോള്‍ അതതു കാലത്തെ ജനസ്വാധീനമുള്ളവയില്‍ ഏറ്റവും മികച്ചത്‌ പ്രവാചകന്മാരും പ്രബോധകന്മാരും അനുയായികളും സമൂഹവും ഉപയോഗപ്പെടുത്തിയിരുന്നു എന്നു കാണാം.അക്കാലത്തെ ജീവിത വിഭവങ്ങളിലെ എല്ലാ മേത്തരം സംവിധാനങ്ങളും സാമ്പത്തിക സ്‌ഥിതിയനുസരിച്ച്‌ സ്വന്തമാക്കുന്നതില്‍ വിലക്കുകളുണ്ടായിട്ടില്ല.എന്നാല്‍ ഒന്നിലും അതിരു കവിയുമായിരുന്നില്ല.പ്രതിരോധ സംവിധാനങ്ങളിലായാലും,കലാകായികങ്ങളിലായാലും,മേത്തരം വാഹനങ്ങളുടെ കാര്യങ്ങളിലും ഒക്കെ ഇതു തന്നെയായിരുന്നു സ്ഥിതി.അഞ്ചാം നൂറ്റാണ്ടിലും ആറാം നൂറ്റാണ്ടിലും അതിനു ശേഷവും കായികവും കലാപരവുമായ പരിപാടികളില്‍ അക്കാലങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന വാദ്യോപകരണങ്ങള്‍ ഉപയോഗപ്പെടുത്തുകയും താളത്തിനൊത്ത്‌ പാട്ടു പാടുകയും, ചെയ്‌തിരുന്നു.എന്നാല്‍ വിശ്വാസികള്‍‌ക്കിടയില്‍ എല്ലാറ്റിനുമുണ്ടായിരുന്നു ഒരു സന്തുലിതത്വം.

കാലം വീണ്ടും കറങ്ങി.ജിവിത വിഭവങ്ങളിലെ മേത്തരമൊക്കെ കാലത്തിന്റെ തേട്ടമനുസരിച്ച്‌ ഉപയോഗിക്കുന്നതില്‍ പിശുക്ക്‌ കാണിക്കാത്തവരാണ്‌ വിശ്വാസി സമൂഹം.വാദ്യോപകരണങ്ങളുടെ ഉപയോഗങ്ങളിലും അതുപോലെ മാറ്റം പ്രകടം.

അനുവദനീയം,നിഷിദ്ധം എന്നിങ്ങനെ ഖണ്ഡിതമായി തരം തിരിച്ച കാര്യങ്ങളില്‍ വാദ്യോപകരണങ്ങള്‍ ഉള്‍‌പെടുന്നില്ലെന്നതും യാഥാര്‍‌ഥ്യം.എന്നിട്ടും നല്ലൊരു ശതമാനം വിശ്വാസികളിലും വാദ്യോപകരണങ്ങളുടെ കാര്യത്തില്‍ എന്തോ ഒരു ദുരൂഹതയുടെ പുക പടലം ദൃശ്യം.ഒരു പക്ഷെ ഇതൊക്കെ നന്നായി ഉപയോഗപ്പെടുത്തുന്നവര്‍ പോലും ഈ ആശങ്കയില്‍ നിന്നും മുക്തരല്ലെന്നതും സത്യം.

കേരളീയ സാഹചര്യം പരിശോധിച്ചാല്‍ മാപ്പിളപ്പാട്ടെന്ന ഒരു സം‌ഗീത ശാഖതന്നെ വിശ്വാസി സമൂഹത്തിനിടയില്‍ പ്രചാരം നേടി.വായ്‌പാട്ടായും,വിവിധ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയും അത്‌ ആലപിച്ചു പോന്നു.ആറാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലാണ്‌ അന്ത്യപ്രവാചകന്റെ പ്രവാചക ദൌത്യം ആരംഭിക്കുന്നത്‌ ഏകദേശം അതേകാലയളവില്‍ തന്നെ സത്യ സന്ദേശം കേരളക്കരയിലും തുടക്കം കുറിച്ചുവെന്നാണ്‌ ചരിത്രങ്ങളിലൂടെ മനസ്സിലാക്കപ്പെടുന്നത്‌.മലയാളം കേവല സംസാര ഭാഷ മാത്രമായിരുന്ന കാലത്ത്‌ അറബി മലയാളത്തിലായിരുന്നു ആശയ വിനിമയങ്ങളും വേദോപദേശ പാഠങ്ങളും പഠനങ്ങളും എഴുതപ്പെട്ടിരുന്നത്‌.സത്യ സന്ദേശം സ്വീകരിച്ച്‌ അറബി അക്ഷരമാലകള്‍ അഭ്യസിച്ച ആളുകള്‍ക്ക്‌ മാത്രമേ ഇത്തരം കയ്യെഴുത്തുകള്‍  പ്രാപ്യമായിരുന്നുള്ളൂ.കേവലം മതമൂല്യങ്ങള്‍ക്കപ്പുറമുള്ള പൊതു വിഷയങ്ങള്‍ ഒട്ടേറെ അറബി മലയാളത്തില്‍ വിരചിതമായിട്ടുണ്ട്.

പതിനേഴാം നൂറ്റാണ്ടിലാണ്‌ 1772 മലയാളത്തിന്‌ ലിപിയുണ്ടാകുന്നതും മുദ്രണം തുടങ്ങുന്നതും എന്നാല്‍ അറബി മലയാളം മുദ്രണം ചെയ്‌തു തുടങ്ങിയത്‌ പതിനെട്ടാം നൂറ്റാണ്ടിലായിരുന്നെന്നും 1884 ചരിത്രം പറയുന്നു.മലയാളം കേവലം സംസാര ഭാഷയായിരുന്ന കാലത്ത്‌ ഇസ്‌ലാമികാധ്യാപനങ്ങളും വിശ്വാസികള്‍ക്കിടയിലെ വ്യവഹാരഭാഷയായും അറബിമലയാളം സജീവമായിരുന്നു.മലയാളത്തിന്‌ തനതായ ലിപിയും മുദ്രയും രൂപം കൊണ്ടപ്പോഴും വിശ്വാസി സമൂഹം അറബിമലയാളത്തെ കയ്യൊഴിഞ്ഞിരുന്നില്ല.എന്നതും സ്‌മരണീയം.

കലയും കളിയും കവിതയും ചരിത്രവും സാമൂഹ്യാവബോധവും വിജ്ഞാന ശാഖകളും ഇതില്‍ പെടും. അഥവാ അറബി മലയാള സംസ്‌കാരം തന്നെ ജന്മം കൊണ്ടിരുന്നു.ഖിസ്സപാട്ടുകള്‍ എന്ന ശീര്‍ഷകത്തില്‍ വിരചിതമായ ചരിത്ര ഗാനങ്ങളും നശീദകളായി ഖ്യാദിനേടിയ പ്രവാചക കീര്‍ത്തനങ്ങളും നസ്വീഹത്തുകളായി ഉല്ലേഖനം ചെയ്യപ്പെട്ട സന്ദേശ ഗാനങ്ങളും ആസ്വാദന കലയില്‍ ഇന്നും പൂത്തുലഞ്ഞു നില്‍ക്കുന്ന മാപ്പിളപ്പാട്ടുകളും അറബി മലയാളത്തെ ഏറെ സമ്പന്നമാക്കിയിരുന്നു.ഇതൊക്കെ ആലപിക്കാന്‍ അതതു കാലത്തെ ഉപകരണങ്ങളും ഉപയോഗപ്പെടുത്തിയിരുന്നു.

സംഗീതത്തെയും അതിന്റെ സാങ്കേതികതകളേയും കുറിച്ചുള്ള ഗൂഗിള്‍ മറുപടികള്‍ കേട്ട്‌ അന്തം വിടേണ്ട കാര്യമില്ലെന്നും സാന്ദര്‍‌ഭികമായി സുചിപ്പിക്കട്ടെ.കന്നു കാലികള്‍ക്ക്‌ വെള്ളം കൊടുക്കുന്ന കുഴിതാളിയെക്കുറിച്ച്‌ ഗൂഗിളില്‍ ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം നമ്മെ അത്ഭുതപ്പെടുത്തുമായിരിയ്‌ക്കും.'പോര്‍ക്കുകളുടെ വളര്‍‌ത്തു ശാലകളില്‍ അവര്‍‌ക്ക് വെള്ളം കൊടുക്കാന്‍ ഉപയോഗിക്കുന്ന മണ്‍‌ പാത്രം എന്നായിരിക്കും മറുപടി.ഇതു പോലെയുള്ള അത്ഭുതപ്പെടുത്തുന്ന നിര്‍വചനങ്ങളാല്‍ ഗൂഗിള്‍ സമ്പന്നമാണ്‌.

എന്റെ പഠന നിരീക്ഷണത്തില്‍ ലഗ്‌വുല്‍ ഹദീഥ്‌ (അഥവാ ദൈവ സ്‌മരണയില്‍ നിന്നും തെറ്റിച്ചു കളയും വിധമുള്ള വിനോദങ്ങള്‍)ഇതില്‍ നിന്നും വിട്ടു നില്‍‌ക്കണം എന്നത്‌ നിര്‍ബന്ധമാണ്‌.നമ്മുടെ വീക്ഷണത്തെ അടിച്ചേല്‍‌പിക്കുന്ന രീതി ഗുണം ചെയ്യുകയും ഇല്ല.ലഗ്‌വുല്‍ ഹദീഥ്‌ എന്നാല്‍ സംഗിതം എന്ന്‌ തര്‍‌ജ്ജുമ ചെയ്‌തതിന്റെ അടിസ്ഥാനത്തിലുള്ള കുറിപ്പുകളും നുറുങ്ങുകളും ഒരു വീക്ഷണത്തെ സ്ഥാപിച്ചെടുക്കുന്നവയാണെന്നാണ്‌ എന്റെ അറിവ്‌.അനുവദിക്കപ്പെട്ടത്‌-പെടാത്തത്‌ എന്ന പട്ടികയില്‍ ഗാന വിനോദങ്ങള്‍ ഉള്‍‌പെട്ടതായി തെളിവുകളൊന്നും ഇല്ല.ചില പണ്ഡിതന്മാരുടെ നിരീക്ഷണങ്ങള്‍ ഉണ്ട്‌.ദൈവ മാര്‍‌ഗത്തില്‍ നിന്നും സ്‌മരണയില്‍ നിന്നും തെറ്റിച്ചു കളയുമെന്നു ഭയമുള്ള വിഷയങ്ങള്‍ അത്‌ എന്തു തന്നെ ആയാലും കളിയായാലും ചിരിയായാലും പാട്ടായാലും ഒക്കെ ശ്രദ്ധിക്കണം.സൂക്ഷ്‌മത പുലര്‍‌ത്തണം.ലഹരിയും നൃത്തവും വേശ്യാ വൃത്തിയും സംഗീതവും അത്‌ മറ്റൊരു ലോകമാണ്‌.അത്തരം നിശാലയങ്ങളെ നാട്ടിന്‍ പുറ കായിക വിനോദ കേന്ദ്രങ്ങളുടെ പട്ടികയില്‍ ചേര്‍ത്തു പിടിച്ചു പറച്ചിലുകള്‍ ശരിയായ സമീപനമല്ല.വീക്ഷണ വൈജാത്യങ്ങളെ കക്ഷായം പോലെ കുടിപ്പിക്കുന്നതിലും തീരെ യോജിക്കാന്‍ കഴിയില്ല.

മനുഷ്യന്റെ പ്രകൃതിയെയും നൈസര്‍ഗിക വാസനകളെയും അംഗീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഇസ്‌ലാമില്‍ സംഗീതം നിഷിദ്ധമാണെന്നു പറയുന്നത് എത്ര കണ്ട് ശരിയാണ്?എന്ന ചോദ്യത്തിന്‌ ഒരു പണ്ഡിതന്‍ നല്‍‌കിയ മറുപടിയുടെ ഭാഗിക രൂപം ഇങ്ങനെയായിരുന്നു.
{ IslamOnlive }

കര്‍ണാനന്ദകരമായ ശബ്ദങ്ങളും നയന മോഹനമായ ദൃശ്യങ്ങളും സുഗന്ധപൂരിതമായ വാസനകളും ആസ്വദിക്കുക മനുഷ്യന്റെ പ്രകൃതിപരമായ സ്വഭാവമാണ്. ഇവ പരിധി ലംഘിക്കുകയോ, അപകടത്തിലേക്ക് നയിക്കുകയോ ചെയ്യുമ്പോള്‍ മാത്രമേ ഇസ്‌ലാം അതില്‍ ഇടപെടുകയും നിയന്ത്രിക്കുകയും ചെയ്യുന്നുള്ളൂ. അതുകൊണ്ടുതന്നെ ഏതൊരു കാര്യവും അടിസ്ഥാനപരമായി അനുവദനീയം (ഇബാഹത്ത്) ആണെന്നാണ് പണ്ഡിതന്മാര്‍ അംഗീകരിച്ച തത്ത്വം. അവ നിഷിദ്ധമാകണമെങ്കില്‍ പ്രത്യേകം തെളിവുകള്‍ വേണം.

ഗാനാലാപനം (ഗിനാഅ്), സംഗീതോപകരണങ്ങളുടെ ഉപയോഗം എന്നിവയെകുറിച്ച് പണ്ടു മുതല്‍ക്കേ പണ്ഡിത വൃത്തത്തില്‍ വ്യത്യസ്താഭിപ്രായങ്ങളുണ്ട്. അവ നിഷിദ്ധമാണെന്ന് കണ്ണടച്ച് പറയുന്നവരും അവക്കു നേരെ ഉദാരമായ നിലപാട് സ്വീകരിക്കുന്നവരും അവരിലുണ്ട്. സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചും അല്ലാതെയുമുള്ള എല്ലാതരം ഗാനാലാപനവും നിഷിദ്ധമാണെന്ന് പറഞ്ഞവരും, സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഗാനാലാപനമേ നിഷിദ്ധമുള്ളൂ, അല്ലാത്തവ അനുവദനീയമാണെന്ന് പറഞ്ഞവരും അക്കൂട്ടത്തിലുണ്ട്. ഗാനങ്ങളും സംഗീതോപകരണങ്ങളും കേവലം മാധ്യമങ്ങള്‍ മാത്രമാണെന്നും അവ ഏത് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നു എന്നതനുസരിച്ചാണ് അനുവദനീയവും നിഷിദ്ധവുമാകുന്നത് എന്ന വീക്ഷണക്കാരും ഉണ്ട്. അതാണ് ശരിയായ നിലപാടും.

അതേ സമയം, അമിതമായാല്‍ അമൃതും വിഷമാണല്ലോ. സദാസമയം അലസരും വാദ്യോപകരണങ്ങളുടെയും സംഗീതത്തിന്റെയും അഡിക്റ്റുകളുമായ ഒരു തലമുറയെ ഇസ്‌ലാം ഇഷ്ടപ്പെടുന്നില്ല. സുദിനങ്ങള്‍, ആഘോഷാവസരങ്ങള്‍, കല്യാണം പോലുള്ള സന്ദര്‍ഭങ്ങളിലും മനസ്സിനും ശരീരത്തിനും റിലാക്‌സ് ആവശ്യമായ വേളകളിലുമെല്ലാം മിതമായ തോതിലുള്ള സംഗീതവും ഗാനങ്ങളും ആകാവുന്നതാണ്. പ്രവാചകന്റെയും അനുചരന്മാരുടെയും ചര്യ അതാണ് പഠിപ്പിക്കുന്നത്. ഒരു സംഭവം കാണുക: ആമിറുബ്‌നു സഅദില്‍നിന്ന് നിവേദനം. ഖറദത്തുബ്‌നു കഅ്ബ്, അബൂ സഊദ് അല്‍ അന്‍സ്വാരി എന്നിവരുടെ അടുക്കല്‍ ഞാനൊരു വിവാഹ ചടങ്ങിനെത്തി. അവിടെ പെണ്‍കുട്ടികളിരുന്ന് ഗാനമാലപിക്കുന്നുണ്ടായിരുന്നു. പ്രവാചകന്റെ സഖാക്കളും ബദ്‌റില്‍ പങ്കടുത്തവരുമായ നിങ്ങളുടെ സാന്നിധ്യത്തിലാണോ ഇങ്ങനെ ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവരുടെ പ്രതികരണം ഇപ്രകാരമായിരുന്നു: താങ്കള്‍ക്ക് വേണമെങ്കില്‍ ഇവിടെയിരുന്ന് പാട്ടു കേട്ടോളൂ. അല്ലെങ്കില്‍ താങ്കള്‍ക്ക് പോകാം. കല്യാണാവസരത്തില്‍ ഇത്തരം വിനോദം അനുവദനീയമാണ് (ഹാകിം, നസാഈ).
{IslamOnlive}

അല്ലാഹുവിനെ കുറിച്ചുള്ള ബോധം നഷ്‌ടപ്പെടുത്തുന്ന സം‌ഗീത ആഭാസത്തിലേയ്‌ക്ക്‌ നയിക്കാത്തതിനെ പറഞ്ഞ്‌ പൊലിപ്പിക്കാതിരിക്കലാണ്‌ ഭം‌ഗി.തികച്ചും ഗുണകാം‌ക്ഷമാത്രമേ ഈ വിശദീകരണത്തിലൂടെ ഉദ്ധേശിക്കുന്നുള്ളൂ.പ്രാര്‍‌ഥനാ പൂര്‍‌വ്വം.
മഞ്ഞിയില്‍ ...

Friday, April 21, 2017

തിരിച്ചറിയുക.ചികിത്സക്കൊരുങ്ങുക.

ഓരോ പൂവിനും തനതായ സൗന്ദര്യമുണ്ട്.വിവിധ ഇനങ്ങളിലുള്ളവ,രൂപങ്ങളിലുള്ളവ,വ്യത്യസ്ഥ  നിറങ്ങളിലുള്ളവ,ഗന്ധങ്ങളിലുള്ളവ,ഒറ്റയായി നില്‍‌ക്കുന്നവ,കുലകളില്‍ നില്‍‌ക്കുന്നവ,കൂട്ടമായി പൂക്കുന്നവ തുടങ്ങി വിവരണാതീതമാണ്‌ കേവലം പൂക്കളുടെ പോലും പുതുമകള്‍.

കാഴ്‌ചയിലെങ്ങനെയൊക്കെയാണെങ്കിലും ഇവ പകര്‍‌ന്നു നല്‍‌കുന്ന മധുവിന്റെ സത്തയിലാകട്ടെ രുചിഭേദവുമില്ല.ഇതു പോലെ വിവിധ ധര്‍‌മ്മങ്ങള്‍ ഭൂമിയിലുണ്ട്.ഓരോന്നിനും തനതായ സൗന്ദര്യവുമുണ്ട്‌.ആചാരങ്ങളിലും,അനുഷ്‌ഠാനങ്ങളിലും,പ്രകടനത്തിലും എന്തൊക്കെ ഹാവഭാവമാണെങ്കിലും ആത്മാം‌ശം കുടികൊള്ളുന്ന ആത്മീയസത്തയായ പ്രപഞ്ച ശക്തി എന്ന സംജ്ഞയില്‍ മാറ്റമില്ല.

കടഞ്ഞെടുത്ത ഒരു ആത്മീയതയിലേയ്‌ക്ക്‌ ഒരു പക്ഷെ വരാനായില്ലെങ്കിലും കുടഞ്ഞെറിയുന്ന പൈശാചികതയിലേയ്‌ക്ക്‌ ഇനിയും സഞ്ചരിച്ചു കൂടാ.ലോകം മുഴുവനെന്നോണം പടര്‍‌ന്നു പിടിച്ച ഒരു മഹാവ്യാധി ഒരു വിധം എല്ലാവര്‍ക്കും ബാധിച്ചിട്ടുണ്ട്‌.

തിരിച്ചറിയുക.ചികിത്സക്കൊരുങ്ങുക.കൃത്യമായ പഥ്യങ്ങളോടെ.ഒരു ഭാഗത്ത്‌ സുഖപ്പെടുമ്പോള്‍ മറ്റൊരു ഭാഗത്ത്‌ പ്രത്യക്ഷപ്പെടാന്‍ അവസരമുണ്ടാകരുത്.രോഗം ബാധിച്ചവര്‍ ബാധിക്കാത്തവര്‍ എന്നൊരു സങ്കല്പമേ പാടില്ല.ഇവര്‍ക്കൊക്കെ പിരാന്താണെന്ന വാദത്തോടെ മനശ്ശാസ്‌ത്രജ്ഞന്റെ മുന്നിലിരിക്കുന്ന മുഴുത്ത ഭ്രാന്തന്മാരാണ്‌ ഒരോരുത്തരും എന്നതായിരിക്കണം വാസ്‌തവം.ഒരേ ദിശയില്‍ പറക്കുന്നവരുടെ പക്ഷങ്ങള്‍ പരസ്‌പരം ഉറഞ്ഞും ചൊറിഞ്ഞും നില്‍‌ക്കുന്നതും നിരാശാജനകമാണ്‌.ഇവരുടെ അച്ചടക്ക പാലന ചിട്ടവട്ടങ്ങളാവട്ടെ ഗ്രാമീണരായ വൃദ്ധ ദമ്പതികളുടെ കഥപോലെ പരിഹാസ്യവും.

രോഗിയെ വെറുക്കാതെ ചികിത്സിച്ചാലേ രോഗ ശമനം പ്രതീക്ഷിക്കേണ്ടതുള്ളൂ.എത്ര കൊടിയ തിന്മകള്‍ ഉറഞ്ഞാടിയാലും സമൂഹത്തെ വെറുക്കാതിരിക്കാന്‍ കഴിയണം.എങ്കില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാകും.ശകാരിക്കപ്പെട്ടതു കൊണ്ടല്ല തെറ്റ്‌ ആവര്‍‌ത്തിക്കാതിരുന്നത്‌.വാത്സല്യപൂര്‍‌വം ചേര്‍‌ത്തു പിടിച്ചതുകൊണ്ടായിരുന്നു എന്ന ബാല മനസ്സിന്റെ പ്രതികരണം ശരാശാരി മനുഷ്യന്റെ വികാരമായിരിക്കാന്‍ നല്ല സാധ്യതയുണ്ട്‌.ഇതിനെ ശരിവെയ്‌ക്കുന്ന ചരിത്രപരവും അല്ലാത്തതുമായ ഉദാഹരണങ്ങളും ഉണ്ട്‌.

ആത്മാര്‍ഥതയുള്ള ഒരു ഭിഷഗ്വരന്റെ രോഗിയോടുള്ള ശൈലി പോലെയായിരിക്കണം നന്മ കാം‌ക്ഷിക്കുന്നവന്റെ ദുര്‍‌വൃത്തരോടുള്ള സമീപനവും.രോഗമുക്തനായ ആരോഗ്യവാനെക്കുറിച്ചുള്ള പ്രതീക്ഷയെ പ്രാപിക്കാനുള്ള അദമ്യമായ ആഗ്രഹമായിരിയ്‌ക്കും ഭിഷഗ്വരന്റെ ഉള്ളിന്റെ ഉള്ളില്‍.രോഗത്തോട്‌ അനിഷ്‌ടവും രോഗിയോടുള്ള ഇഷ്‌ടവും.ദുര്‍‌വൃത്തികളോടും ദുശ്ശീലങ്ങളോടും അപ്രിയം ആവാം.എന്നാല്‍ വ്യക്തിയോടുള്ള പ്രിയം നഷ്‌ടപ്പെടുത്തുകയും അരുത്.അനാരോഗ്യകരമായ എന്തിനേയും വെറുക്കാം.രോഗ ബാധിതനോട്‌ സഹതപിക്കാം.

മണ്ണിലിറങ്ങി നടക്കുക.നാല്‍ കവലകളില്‍ സം‌ഗമിക്കുക.വീടുകളുടെ വാതായനങ്ങള്‍ തുറന്നിടുക.അയല്‍പക്കത്തെ വിട്ടില്‍ കയറിച്ചെല്ലുക.തൊട്ടടുത്ത കാപ്പിക്കടയിലെ കാലൊടിഞ്ഞ ബെഞ്ചില്‍ അല്‍പ സമയമെങ്കിലും ഒരു കാപ്പി കുടിച്ച്‌ കുശലം പറയുക.അടഞ്ഞു പോയ വായനശാലകളെ സജീവമാക്കുക.അയല്‍ വാസികളായ കരണവന്മാരെ കാണാന്‍ പോകുക.അവരുമായി സംസാരിക്കുക.ഇടക്കെങ്കിലും തൊട്ടടുത്ത ആതുരാലയങ്ങളില്‍ പോകുക.രോഗികളെ സന്ദര്‍‌ശിക്കുക.തങ്ങളുടെ ഇസങ്ങളെ കടലാസിലും പത്രികകളിലും പരിജയപ്പെടുത്തി പുളിച്ച ചിരിയുമായി തിരിച്ചു പോരുന്ന ശീലം വെടിയുക.....

ചുരുക്കത്തില്‍ കൃത്രിമങ്ങളുടെ ലോകത്ത്‌ നിന്ന്‌ പ്രകൃതിദത്തമായ വിശുദ്ധിയെ പുല്‍‌കാന്‍ സന്നദ്ധമായാല്‍ നഷ്‌ടപ്പെട്ടെന്നു കരുതുന്ന എല്ലാ പ്രതാപവും തിരിച്ചു വരും.വളര്‍‌ത്താന്‍ നോക്കിയതൊക്കെ പറന്നകന്നു.മരങ്ങളും ചെടികളും നട്ടു തുടങ്ങിയപ്പോള്‍ എല്ലാം തിരിച്ചെത്തി എന്ന ബാലവാടി നുറുങ്ങില്‍ കഥയെക്കാള്‍ ഈണമുള്ള കാര്യവിചാരമുണ്ട്‌.

Tuesday, April 18, 2017

നിലാവുണ്ടെന്നു കരുതി

സോഷ്യല്‍ മീഡിയയില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന അറബിക് ചിത്രീകരണത്തിന്റെ സംക്ഷിപ്‌ത തര്‍‌ജ്ജമ പങ്കുവെക്കുന്നു.

ഒരു പട്ടണത്തില്‍ ജന വഞ്ചകനായ ഒരാള്‍ - വര്‍‌ത്തമാന മലയാള ശൈലിയില്‍ പറഞ്ഞാല്‍ ആള്‍ ദൈവം ബുദ്ധി ശൂന്യരായ ജനങ്ങളെ കബളിപ്പിച്ചു കൊണ്ടിരുന്നു.തന്റെ നേരും നെറിയും കെട്ട കച്ചവട സാമ്രാജ്യം വളര്‍ന്നു പന്തലിച്ചു.ഒരു ദിവസം സ്വാതികനായ ഒരു ശൈഖ്‌ അതു വഴി വന്നു.ജനങ്ങള്‍ ബഹളം വെക്കുന്നതിന്റെയും  വട്ടം കൂടി നില്‍‌ക്കുന്നതിന്റെയും പൊരുള്‍ അന്വേഷിച്ചപ്പോള്‍ ശൈഖ്‌ സ്‌തബ്‌ദനായി.

അയാള്‍ സ്വര്‍‌ഗ്ഗ രാജ്യത്തെ ഭൂമി ആവശ്യക്കാര്‍ക്ക് വില്‍‌പന നടത്തുകയാണ്‌ പോലും.ഇത്തരം കുത്സിത ശ്രമങ്ങളെ ബുദ്ധി പൂര്‍‌വ്വം കൈകാര്യം ചെയ്യാനുള്ള തീരുമാനത്തില്‍ തന്ത്രജ്ഞനായ ശൈഖ്‌ പ്രസ്‌തുത ആള്‍ ദൈവത്തെ സമീപിച്ചു.ഒരു തുണ്ട്‌ സ്വര്‍‌ഗ്ഗ ഭൂമിക്ക് 100 ദിനാര്‍ വില പറഞ്ഞു.ഇതു കേട്ട ശൈഖ്‌ അയാളോട്‌ നരകത്തിലെ ഭൂമിയുടെ വില അന്വേഷിച്ചു.നരകത്തിലെ ഭൂമിക്ക്‌ വിലയൊന്നും തരേണ്ടതില്ലെന്ന്‌ ആള്‍ ദൈവം പ്രതികരിച്ചു.അതു വേണ്ട വില തരാന്‍ തയ്യാറാണെന്നു സമര്‍ഥനായ ശൈഖ്‌ മറുപടി നല്‍‌കി.എന്നാല്‍ കാല്‍ ഭാഗം നരകവും താങ്കള്‍ എടുത്തു കൊള്ളൂക.100 ദിനാര്‍ മതി.അങ്ങനെയാണെങ്കില്‍ 400 ദിനാര്‍ തരാം നരകം മുഴുവന്‍ തന്നേക്കുക.എന്ന ശൈഖിന്റെ അഭിപ്രായം അം‌ഗീകരിക്കപ്പെട്ടു.കച്ചവടം ഉറപ്പിച്ചു.സാക്ഷി പത്രവും വാങ്ങി.സ്വര്‍‌ഗം മാത്രമല്ല നരകവും വാങ്ങാന്‍ ആളെ കിട്ടുന്നു എന്ന സന്തോഷം ആള്‍‌ദൈവത്തെ വല്ലാതെ ആഹ്‌ളാദ ഭരിതനാക്കി.

ഇതിനു ശേഷം ജനങ്ങളോടായി സ്വാതികനായ ശൈഖ്‌ വിളിച്ചു പറഞ്ഞു.സഹോദരങ്ങളേ.. നിങ്ങളാരും വല്ലാതെ ഓടിക്കിതക്കേണ്ട കാര്യമില്ല.നരക ലോകം പൂര്‍‌ണ്ണമായും ഈ മൊത്തക്കച്ചവടക്കാരന്‍ എനിക്ക്‌ തീറെഴുതി തന്നിരിക്കുന്നു.അതിനാല്‍ ഇനി ഈ മനുഷ്യനില്‍ നിന്നും സ്വര്‍‌ഗ്ഗ ഭൂമി വാങ്ങിയാലും ഇല്ലങ്കിലും നിങ്ങള്‍ ഭയപ്പെടേണ്ടതില്ല.

നിലാവുണ്ടെന്നു കരുതി വെളുക്കുവോളം മോഷ്‌ടിക്കാം എന്നത്‌ വിഢിത്തം എന്നാണല്ലോ പ്രമാണം.

Friday, April 14, 2017

വിഷു ആശംസകള്‍ ...

ആളുന്ന വെയിലിന്റെ അഗ്നിയെ ആത്മാവിലേക്ക്‌ ആവാഹിച്ച്‌ ഊതിക്കാച്ചിയ പൊന്നിന്റെ ശോഭയാല്‍ സര്‍വ്വാഭരണ വിഭൂഷിതയായി ഒരുങ്ങി നില്‍ക്കുന്ന കണിക്കൊന്നകള്‍ മലയാളിയുടെ മനസ്സ്‌ തണുപ്പിക്കും . വഴിയരികിലും പറമ്പിലും പൂത്തുലഞ്ഞ്‌ സ്വര്‍ണ്ണം വാരിവിതറിയതുപോലെ മോഹിപ്പിച്ചുകൊണ്ടു നില്‍ക്കുകയാണ്‌ വിഷുവിന്റെ കൈനീട്ടമായ കണിക്കൊന്നകള്‍ . നമ്മുടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്‌പമാണ്‌ കണിക്കൊന്ന. തായ്‌ലന്‍ഡിന്റെ ദേശീയ വൃക്ഷവും കണിക്കൊന്ന തന്നെ. 'കാഷ്യഫിസ്റ്റുല' എന്ന ശാസ്‌ത്രീയ നാമമുള്ള കണികൊന്നയ്‌ക്ക്‌ സംസ്‌കൃതത്തില്‍ 'കര്‍ണ്ണികാരം, ആരഗ്വധ, രാജവ്യക്ഷ, ശ്വാമാം, ദീര്‍ഘഫല, ' എന്നും പേരുകളുണ്ട്‌. പേരുകളെ അന്വര്‍ത്ഥമാക്കും വിധം തന്നെയാണ്‌ കണിക്കൊന്ന കാഴ്‌ചയിലും.
വിഷു ആശംസകള്‍ ....

Sunday, April 9, 2017

പൊലീസ്‌ ശൗര്യം കാണിക്കേണ്ടത്‌ പൗരന്റെ മുതുകിലല്ല

കായിക ശേഷിയുള്ളവര്‍ പ്രത്യേകം പരിഗണികപ്പെടുന്ന അവസ്ഥയില്‍ നിന്നും കാര്യ ശേഷിയും സാമാന്യ ബോധവുമൂള്ളവര്‍ പരിഗണിക്കപെടുന്ന തലത്തിലേക്ക് പൊലീസ് സേന മാറേണ്ടതുണ്ട്. പൗരന്റെ മുതുകില്‍ പൊലിസിന്റെ ശൗര്യം വര്‍ദ്ധിപ്പിക്കുന്ന കോളനി തമ്പ്രാക്കന്മാര്‍ വിട്ടേച്ചു പോയ തിട്ടൂരവും എടുത്തു മാറ്റപ്പെടണം. താനൂര്‍ മുതല്‍ തലസ്ഥാന നഗരിവരെയുള്ള വര്‍ത്തമാന സംഭവ വികാസങ്ങളുടെ വെളിച്ചത്തില്‍ ഒറ്റ ശ്വാസത്തില്‍ ഉരുത്തിരിയുന്ന പ്രതികരണങ്ങളാണിവ.

കള്ളന്മാരെയും കൊള്ളക്കാരെയും കൊലപാതകികളെയും തെമ്മാടികളെയും പേടിക്കുന്ന പൊതുബോധത്തില്‍ നിന്നും ഒട്ടും ഭിന്നമല്ലാത്ത പേടി പൊലീസിനെക്കുറിച്ചും ശരാശരി ഇന്ത്യക്കാരന്‍ വെച്ചു പുലര്‍ത്തുന്നുണ്ട് എന്നു വിശ്വസിക്കാന്‍ നിര്‍ബന്ധിതമാവുന്ന കാഴ്ചകളാണ് ചുറ്റും നടന്നു കൊണ്ടിരിക്കുന്നത്. പൊതുജന ദ്രോഹികളില്‍ നിന്നും ഭാഗ്യത്തിനു രക്ഷപ്പെടുന്ന പ്രതീതി മാത്രമെ പൊലീസിന്റെ ദുഷ് പ്രഭുത്വത്തില്‍ നിന്നും രക്ഷപ്പെടുന്നുവെങ്കില്‍ മനസ്സിലാക്കപ്പെടുന്നുള്ളൂ. നാട്ടുകാരുടെ മെക്കിട്ടു കേറുന്നതില്‍ വിരോധമില്ലെന്ന തോന്നല്‍ ഈ അര്‍ധ സൈന്യത്തിനും ഒരു പക്ഷെ അവര്‍ക്കിങ്ങനെയൊക്കെ ആകാമായിരിക്കാമെന്ന ഒരു പറ്റം 'പാവപ്പെട്ടവരുടെ' തോന്നലും വലിയ വിപത്തുകള്‍ക്ക് കാരണമാകുന്നുണ്ട്. ഒരു പടികൂടെ കടന്നു പറഞ്ഞാല്‍ നാട്ടില്‍ വിലസുന്ന സാമൂഹ്യ ദ്രോഹികളേക്കാള്‍ വലിയ പാതകികള്‍ നിയമപാലകരുടെ വേഷത്തില്‍ രംഗത്തുണ്ട് എന്നു തീര്‍ത്തും സംശയിക്കേണ്ടിയിരിക്കുന്നു. നീതി ന്യായ നിയമപാലകരുടെ അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷാ ശിക്ഷണ നടപടികള്‍ നടപ്പില്‍ വരുത്താന്‍ ഇനിയും അമാന്തിച്ചുകൂടാത്തതാണ്. പൊലീസിന്റെ ശൗര്യം നഷ്ടപ്പെടുത്താതിരിക്കാന്‍ ഭരണകര്‍ത്താക്കള്‍ ശ്രമിക്കുന്നതിലൂടെ സാധാരണക്കാരുടെ വീര്യമാണ് ചോര്‍ന്നുകൊണ്ടിരിക്കുന്നത് എന്ന് ഇനിയും മനസ്സിലാക്കപ്പെടാതെ പോകരുത്.

വ്യവസ്ഥാപിത ഭരണ ക്രമം ഒരു യാന്ത്രിക രീതിയായി വളര്‍ന്നു വികസിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ഏതു രാഷ്ട്രീയ സംവിധാനം അധികാരത്തിലെത്തിയാലും വലിയ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ട കാര്യമില്ല. വിശേഷിച്ച് നീതി ന്യായ നിയമപാലന രംഗത്ത്. കാരണം ലോകം മുഴുവനെന്നോണം കോളനികളാക്കിയ പാശ്ചാത്യരുടെ നെറികേടുകളുടേയും ധാര്‍ഷ്ട്യത്തിന്റേയും ഭൂത പ്രേതങ്ങളൊക്കെ തന്നെയാണ് ഈ ഇടനാഴിയിലൂടെ ഇന്നും ചൂരലുമായി മേഞ്ഞു കൊണ്ടിരിക്കുന്നത്.

ധര്‍മം അധര്‍മം എന്ന ബോധത്തേക്കാള്‍ അഹം ബോധത്തിന്റെ ശൗര്യമാണ് പ്രസ്തുത പ്രേതാത്മക്കളുടെ സംസ്‌കൃതികളുടെ സത്ത. ഇഷ്ടം പോലെ ഭുജിക്കുകയും ഭോഗിക്കുകയും ഭ്രാന്തമായി ജിവിതത്തെ ആസ്വദിക്കുകയും ചെയ്യുന്ന കോളനി പാരമ്പര്യക്കാരില്‍ അധികവും വിഹിതമായ വിവാഹ ബന്ധത്തിലൂടെ ആഗ്രഹിക്കുന്നത് പിതാവാകാനാണത്രെ. അല്ലെങ്കില്‍ മാതാവാകാന്‍. ഇതേ മാനദണ്ഡം തന്നെയായിരുന്നു രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച് അധികാരികളായപ്പോഴും സംഭവിച്ചത്. അധികാരികളായി വിരാജിക്കണം . അതിനു കുറേ ജനങ്ങള്‍ രാജ്യത്തുണ്ടായിരിക്കണം. ലോകത്തെ ഞെട്ടിപ്പിക്കുന്ന പല സംവിധാനങ്ങളും രാജ്യത്തുണ്ടാക്കും. വലിയ സൗധങ്ങളും. സൗകര്യങ്ങളുണ്ടാക്കും. സുഖവാസ കേന്ദ്രങ്ങളും ആര്‍ഭാഢങ്ങളുടെ കോട്ട കൊത്തളങ്ങളും. ഇതൊക്കെ ആസ്വദിക്കാനും അനുഭവിക്കാനും ഒരു വിഭാഗത്തിന് ചിലപ്പോള്‍ കഴിഞ്ഞെന്നു വരും. നല്ലൊരു ശതമാനത്തിന് കാഴ്ചക്കാരാകാനും.

രാജ്യത്തുടനീളം തലപൊക്കി നില്‍ക്കുന്ന കണ്ണാടി മാളികകളും കണ്ണഞ്ചിപ്പിക്കുന്ന കൃത്രിമക്കാഴ്ചകളുടെ വര്‍ണ്ണ രാജികളുമുണ്ടാകാം. ഇത്തരം മായിക പ്രപഞ്ചത്തെ ചിത്രീകരിക്കുകയും പര്‍വതീകരിച്ച് വിവരിക്കുകയും വിളമ്പുകയും ചെയ്യുന്ന രാഷ്ട്ര പുനര്‍ നിര്‍മ്മാണ നാടകങ്ങളാണ് പൊതുവെ നടന്നു കൊണ്ടിരിക്കുന്നത്. ഈ പ്രദേശങ്ങളുടെ താഴ്‌വരകളില്‍ തല ഉയര്‍ത്താന്‍ പോലും പാടില്ലെന്നു ആജ്ഞാപിക്കപ്പെട്ട അടിച്ചമര്‍ത്തപ്പെട്ടവരുണ്ടാകാം. ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെ തളര്‍ന്നുറങ്ങുന്ന കുട്ടികള്‍ക്ക് കാവലിരിക്കുന്ന രക്ഷിതാക്കളുണ്ടാകാം. അടച്ചുറപ്പില്ലാത്ത ചെറ്റകളില്‍ പ്രായ പൂര്‍ത്തിയെത്തിയ പെണ്‍മക്കളുടെ മാനാഭിമാനത്തിന് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന അമ്മൂമമാരുണ്ടാകാം. അടുക്കളയില്‍ എന്തു പുകയുന്നു എന്നതിന്റെ പേരില്‍ വേട്ടയാടപ്പെട്ടവരുണ്ടാകാം. ഉടുതുണിക്ക് മറുതുണിയില്ലാത്ത കാട്ടുവാസികളും നാട്ടുവാസികളും ഉണ്ടാകാം. വിദ്യയും അഭ്യാസവും നിഷേധിക്കപ്പെട്ടവരുണ്ടാകാം. ശുദ്ധ ജലം തടയപ്പെട്ടവരും ശുദ്ധികലശത്തിന്റെ പേരില്‍ ആട്ടിയോടിക്കപ്പെട്ടവരുമുണ്ടാകാം. രാജ വീഥികള്‍ക്ക് വേണ്ടി കുടിയൊഴിക്കപ്പെട്ടവരുണ്ടാകാം. വര്‍ഗ വര്‍ണ്ണങ്ങളുടെ പേരില്‍ നടയടക്കപ്പെട്ടവരും നടുവൊടികപ്പെട്ടവരും ഉണ്ടാകാം. നീതി തേടി അലയുന്നവരുണ്ടാകാം. നിയമ സഹായത്തിന് കെഞ്ചുന്നവരുണ്ടാകാം. വ്യവസ്ഥയുടെ ദുരവസ്ഥ ചോദ്യം ചെയ്തതിന്റെ പേരില്‍ നാവറുക്കപ്പെട്ടവരും കഴുത്തറക്കപ്പെട്ടവരും ഉണ്ടാകാം. അവകാശങ്ങള്‍ക്ക് വേണ്ടി ആര്‍ത്തലച്ചു കേഴുന്ന അമ്മമാരുണ്ടാകാം. സഹോദരിമാരുണ്ടാകാം. എന്നു മാത്രമല്ല സാക്ഷാല്‍ കോളനി തമ്പ്രാക്കന്മാരുടെ പ്രേതം കേറിയ നിയമപാലകപ്പിശാചുക്കളുടെ കയ്യൂക്കിന്റെ ഈണത്തില്‍ മണ്ണില്‍ തളര്‍ന്ന് വീണവരുമുണ്ടാകാം.

ഭരണ കര്‍ത്താക്കള്‍ മാറി വരുന്നതോടെ എസ്റ്റാബ്ലിഷ്ഡ് റൂളിങ് മെക്കാനിസത്തിന് പ്രത്യേകിച്ചൊന്നും സംഭവിക്കുന്നില്ല. എന്നതിനെക്കാള്‍ നിലവിലെ മെക്കാനിസത്തിനനുസരിച്ച് റൂളര്‍മാരെ മെരുക്കാന്‍ എക്‌സിക്യൂട്ടീവ് ശ്രമിക്കുന്നു എന്ന അത്യന്തം അപകടരമായ അവസ്ഥ ഗൗരവപുര്‍വ്വം നിരിക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു.

ജനാധിപത്യമെന്നാല്‍ അഞ്ചാണ്ടിലൊരിക്കല്‍ വരിനിന്നു ഇഷ്ടപ്പെട്ട ഒരു ചിഹ്നത്തില്‍ അടയാളപ്പെടുത്തുക എന്നു മാത്രം പ്രബുദ്ധരായ ജനങ്ങള്‍ മനസ്സിലാക്കിയിരിക്കണം. വര്‍ത്തമാന കാലത്ത് ഏകാധിപത്യ രാജ്യങ്ങളിലുള്ള മിണ്ടാ പ്രാണികള്‍ക്കുള്ള വെളിവു പോലും രാജ്യനിവാസികള്‍ക്ക് ഇല്ലാതെ പോകുന്നു. തേരാളികള്‍ തങ്ങളാണെന്ന സ്വരജതിയില്‍ ഭയ ചകിതരാകേണ്ടവരല്ല ജനങ്ങള്‍. ചെങ്കോല്‍ ഏല്‍പിച്ചവര്‍ ജനങ്ങളാണെന്ന താക്കീതു നല്‍കി അധികാരികളെ വിറപ്പിക്കാന്‍ ഒരുമ്പെടുന്നവരാകണം ജനാധിപത്യ വിശ്വാസികള്‍. സേനയുടെ ബൂട്ടിന്റെ തിളക്കത്തേക്കാള്‍ പൗരന്റെ മുഖത്തെ തെളിച്ചം ആഗ്രഹിക്കുന്ന അധികാരികള്‍ക്കായി നമുക്ക് പ്രാര്‍ഥിക്കാം.
ഇസ്‌ലാം ഓണ്‍‌ലൈവിനുവേണ്ടി