Monday, June 20, 2016

പഞ്ച കര്‍‌മ്മങ്ങളെക്കുറിച്ച്‌

വിശ്വാസിക്ക്‌ നിര്‍‌ബന്ധമാക്കപ്പെട്ട പഞ്ച കര്‍‌മ്മങ്ങളെക്കുറിച്ച്‌ വിശിഷ്യാ സകാത്തുമായി ബന്ധപ്പെട്ട്‌ ഹൃസ്വമായ വിശദീകരണം പങ്കു വെയ്‌ക്കുന്നു.ഇതിന്റെ വായനയിലൂടെ വിവിധ വശങ്ങളെക്കുറിച്ച്‌ സൂക്ഷ്‌മമായി അന്വേഷിക്കാന്‍ വായനക്കാര്‍ക്ക് പ്രചോദനം നല്‍കുമെന്നാണ്‌ പ്രതീക്ഷ.

സൃഷ്‌ടികള്‍‌ക്ക്‌ സ്രഷ്‌ടാവുമായുള്ള സമാഗമത്തിനുള്ള അവസരം കൊണ്ട്‌ അനുഗ്രഹീതമത്രെ നമസ്‌കാരം.നിരന്തരമുള്ള ദൈവ സമാഗമം വിശ്വാസിയെ നന്മയുടെ വാഹകനാക്കും.ആത്മീയമായ ഊര്‍‌ജ്ജം ആവോളം ആര്‍‌ജിക്കാനുള്ള അസുലഭാവസരമാണ്‌ വിശുദ്ധിയാര്‍‌ന്ന വ്രതം.ഈ പുണ്യ മാസത്തിലൂടെ ദൈവ സാമിപ്യം ആത്മീയമായി അനുഭവിച്ചറിയാന്‍ സൂക്ഷ്‌മാലുക്കള്‍‌ക്ക്‌ സാധ്യമാകും.സഹജീവികളുടെ ആവശ്യങ്ങളും അവകാശങ്ങളും പൂര്‍‌ത്തീകരിച്ചു കൊണ്ടുള്ള സേവനത്തിലൂടെ സാക്ഷാല്‍ സ്രഷ്‌ടാവിനെത്തന്നെ സേവിക്കാനുള്ള സുവര്‍‌ണ്ണാവസരത്തിന്‌ വഴിയൊരുക്കുകയാണ്‌ ദാന ധര്‍‌മ്മം.ശുദ്ധീകരിച്ച സമ്പത്തിന്റെ ഉടമയാകുന്നതിലൂടെ കരുണാമയനായ തമ്പുരാന്റെ കരുണാ കടാക്ഷത്താല്‍ ഔന്നത്യമുള്ള ഐശ്വര്യവാനാകാന്‍ ദൈവം അനുഗ്രഹിച്ചരുളും. മാനവിക മാനുഷിക മഹത്വങ്ങള്‍ തൊട്ടറിയാനുള്ള അതിമഹത്തായ സാഹചര്യം സൃഷ്‌ടിക്കുക കൂടെയാണ്‌ ആണ്ടിലൊരിക്കല്‍ നിബന്ധനകളോടെ നിര്‍‌ബന്ധമാകപ്പെട്ട ഹജ്ജ്‌കര്‍‌മ്മം.പരിശുദ്ധമായ ഈ കര്‍മ്മത്തിലൂടെ ഒരു പുതിയ മനുഷ്യനായി എല്ലാ അര്‍ഥത്തിലും ജന്മമെടുക്കാന്‍ വിശ്വാസിക്ക്‌ ഭാഗ്യം സിദ്ധിക്കും.ഇവ്വിധത്തില്‍ പഞ്ച കര്‍മ്മങ്ങള്‍ ഓരോന്നിന്റെയും ആത്മാവറിഞ്ഞ്‌ അനുഷ്‌ഠിച്ചാല്‍ മാത്രമേ ലോകരുടെ മുമ്പില്‍ യഥാര്‍‌ഥ സത്യ സാക്ഷ്യം നിര്‍വഹിക്കാന്‍ വിശ്വാസി അര്‍‌ഹനാകുകയുള്ളൂ.

പഞ്ച കര്‍‌മ്മങ്ങളില്‍ അതീവ ഗൗരവത്തോടെ പഠിപ്പിക്കപ്പെടുന്ന ഒന്നാണ്‌ നിര്‍‌ബന്ധ ദാനം അഥവാ സകാത്ത്.പ്രായപൂര്‍‌ത്തിയായ വിശേഷ ബുദ്ധിയുള്ള ഐശ്വര്യവാന്മാരായ വിശ്വാസികള്‍ നിര്‍‌ബന്ധമായും നിബന്ധനകള്‍‌ക്ക്‌ വിധേയമായി സകാത്ത് അനുഷ്‌ഠിച്ചിരിക്കണം.

എന്നാല്‍ ദൗര്‍‌ഭാഗ്യകരം എന്നു പറയട്ടെ ഇതര അനുഷ്‌ഠാനങ്ങളില്‍ പുലര്‍‌ത്തുന്ന പ്രാധാന്യമോ സൂക്ഷ്‌മതയോ ഈ സകാത്ത്‌ കര്‍‌മ്മത്തില്‍ കാണുന്നില്ല.അഥവാ പഞ്ച കര്‍‌മ്മങ്ങളില്‍ യഥാ വിധി സകാത്ത്‌ പ്രതിഫലിക്കപ്പെടുന്നില്ല.വിശ്വാസികള്‍ ദാന ധര്‍‌മ്മങ്ങളില്‍ വിമുഖത കാണിക്കുന്നുവെന്നോ അവശ വിഭാഗങ്ങള്‍ക്കും അഗതികള്‍‌ക്കും അനാഥകള്‍‌ക്കും വേണ്ടി കാരുണ്യ പ്രവര്‍‌ത്തനങ്ങളില്‍ സജീവരല്ലെന്നോ ഇതിന്നര്‍‌ഥമില്ല.മറ്റു കര്‍‌മ്മങ്ങളിലെ കര്‍മ്മ ശാസ്‌ത്ര വിധികളും,പ്രവാചക പാഠങ്ങളും ഉള്‍‌കൊള്ളാന്‍ കാണിക്കുന്ന തീവ്രത ഇവ്വിഷയത്തില്‍ തുലോം കുറവാണ്‌.ഈ ദുരവസ്ഥയ്‌ക്ക്‌ ചരിത്ര പരമായ ചില കാരണങ്ങള്‍ ഉണ്ടാകാമെങ്കിലും വിരല്‍ തുമ്പില്‍ വിജ്ഞാനം വിളയുന്ന ഇക്കാലത്ത്‌ ഇത്തരത്തിലൊരലം‌ഭാവം സം‌ഭവിച്ചു കൂടാത്തതാണ്‌.സം‌ഘടിത രീതിയില്‍ സമാഹരിച്ച് സകാത്തിന്റെ ഗുണഭോക്താക്കള്‍‌ക്ക്‌ വിതരണം ചെയ്യുന്നതിനോടുള്ള അഭിപ്രായ ഭിഹ്നത ഒരു വേള അംഗീകരിച്ചു കൊടുത്താല്‍ തന്നെ സകാത്ത് എന്ന അനിഷേധ്യമായ കര്‍‌മ്മം നിശ്ചിത അനുപാതത്തില്‍ രഹസ്യമായോ പരസ്യമായോ വ്യക്തി പരമായോ സം‌ഘടിതമായോ അനുവര്‍‌ത്തിക്കപ്പെടുന്നുണ്ടോ എന്നത് പരിഗണിക്കപ്പെടുക തന്നെ വേണം.

സത്യ സാക്ഷ്യം അം‌ഗീകരിക്കുന്നതോടെ നിര്‍‌ബന്ധമാകുന്ന നമസ്‌കാരം,വ്രതം,സകാത്ത്‌,ഹജ്ജ്‌ എന്നീ അനുഷ്‌ഠാനങ്ങള്‍ വളരെ കൃത്യമായ രൂപ രേഖകളാല്‍ സ്‌പഷ്‌ടമാണ്‌.സമയ നിഷ്‌ഠ മുതല്‍ അനുഷ്‌ഠാന സ്വഭാവം വരെ എല്ലാ കര്‍‌മ്മങ്ങളിലും നിര്‍‌ണ്ണിതവുമാണ്‌.ഈ നിബന്ധനകള്‍ ഏറെക്കുറെ സകാത്തിന്റെ കാര്യത്തിലൊഴികെ പാലിക്കപ്പെടുന്നുമുണ്ട്‌.അഞ്ചു നേരത്തെ നമസ്‌കാരം കുറയ്‌ക്കാനോ അല്ലെങ്കില്‍ അധികരിപ്പിക്കാനോ ആരും മുതിരാറില്ല.നിര്‍‌ബന്ധ വ്രതത്തിന്റെ കാര്യത്തിലും ഹജ്ജിന്റെ കാര്യത്തിലും ഇങ്ങനെയൊക്കെ തന്നെയാണ്‌ അനുവര്‍‌ത്തിച്ചു പോരുന്നത്.നമസ്‌കാരാനന്തരം പ്രവാചകാധ്യാപനങ്ങളാല്‍ തിട്ടപ്പെടുത്തപ്പെട്ട സ്‌ത്രോത്രങ്ങള്‍ പോലും ഏറ്റക്കുറച്ചില്‍ വരാതിരിയ്‌ക്കാന്‍ കണിശത പുലര്‍‌ത്തപ്പെടുന്നുണ്ട്‌. എന്നാല്‍ വളരെ കൃത്യമായ വിശദീകരണങ്ങളാലും നിബന്ധനകളാലും ശാസിക്കപ്പെട്ട സകാത്തിന്റെ വിഷയം  ശോചനീയമാണ്‌.താന്‍ നല്‍‌കിക്കൊണ്ടിരിക്കുന്ന ദാനധര്‍മ്മങ്ങള്‍ 'സകാത്തും അതിനപ്പുറവും ഒക്കെ' ആകുന്നുണ്ടാകാം എന്ന വിധത്തില്‍ സമാശ്വസിക്കുന്ന ഐശ്വര്യവാന്മാരായ 'ഔദാര്യവാന്മാരാല്‍' ഈ മേഖല ദരിദ്രമാണ്‌. പലരും സകാത്തിന്റെ വിഹിതത്തെക്കുറിച്ച്‌ പോലും അജ്ഞരാണെന്നതാണ്‌ ഏറെ ഖേദകരം.

നിശ്ചിത പരിമാണം (നിസാബ്) തികഞ്ഞ വളര്‍‌ച്ചയുള്ള ധനം വര്‍‌ഷം പൂര്‍‌ത്തീകരിക്കുന്നതോടെ നിര്‍‌ബന്ധ ദാനം (സകാത്ത്‌) ബാധകമാകും.എന്നു സം‌ക്ഷിപ്‌തമായി പറയാം.അടിസ്ഥാന ആവശ്യങ്ങള്‍ കഴിച്ച്‌ എമ്പത്തിയഞ്ച്‌ ഗ്രാം സ്വര്‍‌ണ്ണത്തിന്റെ മൂല്യത്തിനു തുല്യമായ ധനം ഒരു വര്‍‌ഷം പൂര്‍ത്തീകരിക്കപ്പെടുന്നതോടെ രണ്ടര ശതമാനം സകാത്ത്‌ നല്‍‌കാന്‍ ബാധ്യസ്ഥരാകും.അഥവ അടിസ്ഥാന ആവശ്യങ്ങള്‍‌ക്കപ്പുറമുള്ള ആഢം‌ബരങ്ങള്‍‌ക്ക്‌ ചെലവഴിച്ച തുകയെ കൂടെ തന്റെ കയ്യിലുള്ള ധനമായി കണക്കാക്കിയായിരിക്കണം സകാത്ത്‌ കണക്കാക്കേണ്ടത് എന്നത്രെ പ്രബലമായ വാദം.

കാര്‍‌ഷിക വിളകള്‍ അതിന്റെ വിളവെടുപ്പ്‌കാലമെന്ന നിസാബ്‌ പുര്‍‌ത്തിയായി ചെലവു കഴിച്ച്‌ പതിമൂന്ന് ക്വിന്റല്‍ മിച്ചമുണ്ടെങ്കില്‍ സകാത്ത്‌ ബാധകമാകും.സ്വയം ജലസേചനം ചെയ്‌ത്‌ ലഭിച്ച വിളയാണെങ്കില്‍ അഞ്ചു ശതമാനവും അതല്ലാത്തിന്‌ പത്തു ശതമാനവും സകാത്ത്‌ നല്‍‌കണം.കാര്‍ഷിക വിളകള്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങള്‍‌ക്കോ കൃഷി ഭൂമിക്കോ സകാത്ത്‌ ബാധകമാകുന്നില്ല.അതിലെ വിളവുകള്‍‌ക്ക്‌ മാത്രമാണ്‌ സകാത്ത്‌ ബാധകം.അതിനാലായിരിക്കണം കാര്‍‌ഷിക വിള്‍കള്‍‌ക്ക്‌ സകാത്ത്‌ വിഹിതം അധികരിച്ചിരിക്കുന്നത്‌.

ആടു മാടുകള്‍‌കള്‍‌ക്കും നിശ്ചിത നിസാബ്‌ പൂര്‍‌ത്തിയായാല്‍ സകാത്ത്‌ ബാധകമാകും.പണ്ഡിതന്മാരുടെ വീക്ഷണമനുസരിച്ച്‌ ഒട്ടകത്തിന്റെ നിസാബ്‌ തന്നെയാണ്‌ കാലികള്‍‌ക്കും ബാധകമാകുന്നത്‌.അഞ്ച്‌ പശുക്കള്‍‌ക്ക്‌ ഒരാട്‌ എന്നതാണ് കാലികളുടെ സകാത്തിന്റെ മാനദണ്ഡം.

സകാത്ത് ദരിദ്രര്‍ക്കും അഗതികള്‍ക്കും അതിന്റെ ജോലിക്കാര്‍ക്കും മനസ്സിണങ്ങിയവര്‍ക്കും അടിമ മോചനത്തിനും കടംകൊണ്ട് വലഞ്ഞവര്‍ക്കും ദൈവമാര്‍ഗത്തില്‍ വിനിയോഗിക്കാനും വഴിപോക്കര്‍ക്കും മാത്രമുള്ളതാണ്. ദൈവം നിര്‍ണയിച്ച കടമയാണിത്. ദൈവം എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.(ഖുര്‍‌ആന്‍)

സകാത്തിനെക്കുറിച്ച് ഒരു വിശദമായ പഠനം ഇവിടെ സാധ്യമല്ല.പഠിപ്പിക്കപ്പെട്ട ഇതര കര്‍മ്മങ്ങള്‍ പോലെ വളരെ ഗൗരവമുള്ള ഒരു വിഷയമാണെന്ന ബോധമെങ്കിലും ഉണ്ടാക്കുക എന്നു മാത്രമാണ്‌ ഉദ്ധേശം.ഒരോ വര്‍ഷവും തന്റെ സകാത്ത്‌ വിഹിതം സൂക്ഷ്‌മമായും കൃത്യമായും എത്രയായിരുന്നു എന്ന്‌ തിട്ടപ്പെടുത്തുന്ന വിതാനത്തിലേയ്‌ക്ക് വിശ്വാസികള്‍ ഉയരുകയും ഉണരുകയും വേണം.നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ.

0 comments:

Post a Comment

Note: Only a member of this blog may post a comment.