Saturday, July 8, 2017

സം‌യമനം പാലിക്കുക

സം‌യമനം പാലിക്കുക
വര്‍ത്തമാന കാല വിശ്വാസി സമൂഹം അതീവ ഗുരുതരാവസ്ഥയിലൂടെയാണ്‌ പുതിയ സം‌ഭവ വികാസങ്ങളുടെ കാലത്ത് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.പരസ്‌പര വിദ്വേഷവും അസഹിഷ്ണുതയും അതിന്റെ മൂര്‍‌ദ്ധന്യാവസ്ഥയിലാണ്‌.തന്നെയുമല്ല രണ്ട്‌ പ്രബല ധാരകള്‍ കടുത്ത ശത്രുത വെച്ചു പുലര്‍‌ത്തുന്നതില്‍ മത്സരിക്കുന്ന കാഴ്‌ചയും സകല സീമകളും വിട്ട്‌ തിമര്‍‌ത്താടുകയാണ്‌.

അഭിപ്രായ ഭിഹ്നതകള്‍ ഒരു പുതിയ കാര്യമൊന്നുമല്ല.സംസ്‌കൃത ലോകത്തെ സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ രംഗങ്ങളില്‍ എല്ലാം ഭിഹ്നതകള്‍ ഉണ്ട്‌.അത്തരം ഭിഹ്നതകള്‍ നില നില്‍‌ക്കുമ്പോഴും അറബ്‌ മുസ്‌ലിമേതര രാജ്യങ്ങളില്‍ മനുഷ്യര്‍ സഹവസിക്കുന്നുണ്ട്‌.സം‌വാദം നടത്തുന്നുണ്ട്‌.സഹകരിക്കുന്നുണ്ട്‌.ഒരു പക്ഷെ വളരെ നന്നായി ജീവിക്കുന്നുമുണ്ട്‌.

എന്നാല്‍ വിശ്വാസികളായി മേന്മ നടിക്കുന്ന അറബ്‌ മുസ്‌ലിം രാജ്യങ്ങളുടെ അവസ്ഥയോ?ഏറെ ലജ്ജാകരമാണ്‌.രണ്ട്‌ മുഖ്യ ധാരകള്‍ തമ്മില്‍ മാത്രമല്ല ധാരകള്‍‌ക്കുള്ളിലെ ധാരകള്‍ തമ്മിലും നീതീകരിക്കാനാവാത്ത ശാത്രവം വെച്ചു പുലര്‍‌ത്തുന്നു എന്നതത്രെ ഏറെ ഖേദകരം.തന്നോടും തന്റെ വിഭാഗത്തോടും ഭിഹ്ന സ്വരം പ്രകടിപ്പിക്കുന്നവരെ ഉന്മൂലനം ചെയ്യുക.അവരെ അനഭിമതരാക്കുക.അവരെ ഭീകരരും തീവ്രവാദികളും ആക്കുക.തുടങ്ങിയ നെറികേടുകള്‍‌ക്കിടയിലാണ്‌ വിശിഷ്യാ ഇന്നു അറബ്‌ ലോകം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.ഇത്തരം ഒരു അപകടാവസ്ഥയില്‍ വിശ്വാസികള്‍ വളരെ ജാഗ്രതയോടെ ഇരിക്കണം.

പ്രവാചക പ്രഭുവിന്റെ കാലത്തും ഉത്തമാനുചരന്മാരുടെ കാലത്തും തുടക്കം കുറിച്ച ഈ ഭിഹ്നത ഒരു രാത്രികൊണ്ടൊന്നും തീരാനാവില്ലെന്ന ദൃഢ ബോധ്യം പറയുന്ന ചില ശുദ്ധാത്മാക്കളും ഇക്കൂട്ടത്തിലുണ്ട്‌.ഇത്തരം ശുദ്ധത വരുത്തി വെക്കുന്ന വിനയും വിനാശവും വിവരണാതീതമത്രെ.തങ്ങള്‍‌ക്ക്‌ ബോധ്യപ്പെട്ട കാര്യങ്ങള്‍ ഉത്തരവാദിത്ത ബോധത്തോടെയും ആര്‍‌ജവത്തോടെയും പ്രഖ്യാപിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു.എന്നല്ലാതെ അവരുടെ ഭിഹ്നതകള്‍ ആരേയും തോല്‍‌പ്പിക്കാനോ ജയിപ്പിക്കാനോ ആയിരുന്നില്ല.ഇത്തരത്തിലുള്ള സ്വാതന്ത്ര്യം ഇസ്‌ലാമിന്റെ തന്നെ സം‌സ്‌കാരത്തില്‍ നിര്‍ലീനവുമത്രെ.പരസ്‌പര ബഹുമാനമില്ലാത്ത എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടായതായി ചരിത്രം രേഖപ്പെടുത്തിയിട്ടും ഇല്ല.എന്നാല്‍ ബഹുമാന സൂചകമെന്നോണം സഖാക്കളുടെ പേരുകളായിരുന്നു പരസ്‌പരം തങ്ങളുടെ സന്താനങ്ങള്‍‌ക്ക്‌ നല്‍‌കപ്പെട്ടിരുന്നതെന്നു ചരിത്രം പറയുന്നുണ്ട്‌.

ശത്രുക്കള്‍ തങ്ങളുടെ ആവനാഴിയിലെ എല്ലാ ആയുധങ്ങളും പുറത്തെടുത്തു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ആവേശാത്തിനടിമപ്പെടാതെ അവദാനതയോടു കൂടെ കാര്യങ്ങള്‍ ഗ്രഹിക്കാനും ഗ്രഹിപ്പിക്കാനും സാധിക്കേണ്ടതുണ്ട്‌.അനുഗ്രഹീതരായ അബൂബക്കറിനും ഉമറിനും ഉഥ്‌മാനിനും അലിയ്‌ക്കും ഇടയില്‍ ഒരു വിവേചനവും നല്‍‌കപ്പെട്ടിട്ടില്ല.ഭൂമിയില്‍ വെച്ച്‌ സ്വര്‍‌ഗം വാഗ്ദാനം ചെയ്യപ്പെട്ട അല്ലാഹുവിന്റെ വിനീത ദാസന്മാരാണീ മഹാത്മാക്കള്‍.തങ്ങളുടെ അന്യായമായ പ്രവര്‍ത്തനങ്ങളും പ്രചരണങ്ങളും ന്യായീകരിക്കാനും ആശ്വസിക്കാനും ആദരണീയരായ പ്രവാചകാനുചരന്മാരുടെ പേരില്‍ കള്ളം കെട്ടിച്ചമച്ചുവിടുന്ന വിവര ദോഷികളെ തിരിച്ചറിയാന്‍ വിശ്വാസി സമൂഹത്തിനാകണം.അന്യരുടെ നെറികേടുകള്‍ കാട്ടി തങ്ങളുടെ അപജയങ്ങളെ ന്യായികരിക്കുന്നവരാകരുത് യഥാര്‍‌ഥ സത്യ വിശ്വാസികള്‍.

രാജ്യത്തെ വലിയ പദവികള്‍ വഹിക്കുന്നവരും പദവികളില്‍ നിന്നും വിരമിച്ചവരും പറഞ്ഞതും പറയാന്‍ തുനിഞ്ഞതും വാര്‍‌ത്തയും വാര്‍ത്തവലോകനവുമാക്കി പരിഹാസ്യരാകാതെ ജീവിക്കുന്ന ഉദാഹരണങ്ങളാകാന്‍ ശ്രമിക്കുക.ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആളുകളാകാതെ മനുഷ്യര്‍‌ക്ക്‌ വേണ്ടി ശബ്‌ദിക്കുക.മനുഷ്യര്‍‌ക്ക്‌ വേണ്ടി നിലകൊള്ളുക.നീതിയുടെ മാര്‍‌ഗത്തില്‍.ധര്‍‌മ്മത്തിന്റെ മാര്‍‌ഗത്തില്‍.

വിശ്വാസികള്‍ അവിശ്വാസികള്‍ വിവിധ മത വിഭാഗങ്ങള്‍ രാഷ്‌ട്രീയ കക്ഷികള്‍ കൂടാതെ ഓരോ വിഭാഗത്തിലുമുള്ള അവാന്തര വിഭാഗങ്ങള്‍ എല്ലാം തിളച്ചും തിളപ്പിച്ചും കഴിയുന്ന കാലം.ഓരോ വിഭാഗവും അവരവരുടെ സം‌ഘത്തിനും സം‌ഘനയ്‌ക്കും വേണ്ടിയാണ്‌ സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നത്.നീതിയും അനീതിയും എന്നതിനെക്കാള്‍ സ്വജന പക്ഷപാതം സകല സീമകള്‍‌ക്കും അപ്പുറം കടന്നിരിയ്‌ക്കുന്നു.

ഈ അപകടകരമായ സാഹചര്യത്തില്‍ യഥാര്‍‌ഥ വിശ്വാസികള്‍‌ക്ക്‌ വലിയ ഉത്തരവാദിത്തമുണ്ട്‌.അവര്‍ - വിശ്വാസികള്‍ ആള്‍‌ക്കൂട്ടത്തില്‍ ഒരു ആള്‍‌ക്കൂട്ടമായി തരം താഴാന്‍ പാടില്ല.അവര്‍ പീഢിതരുടേയും അടിച്ചമര്‍‌ത്തപ്പെട്ടവരുടേയും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുടെയും പക്ഷത്ത് നില്‍‌ക്കണം.ശബ്‌ദമില്ലാത്തവരുടെ ശബ്‌ദമായി,ആശ്രയമില്ലാത്തവന്റെ ആശ്രയമായി തളര്‍ന്നു വിഴുന്നവന്റെ താങ്ങും തണലുമായി എന്നല്ല സകല പ്രതീക്ഷകളും നഷ്‌ടപ്പെട്ടവന്റെ പ്രതീക്ഷയായി പടര്‍‌ന്നു പന്തലിച്ചു നില്‍‌ക്കുന്ന വലിയ മരമായി നില്‍‌ക്കണം.സകല മനുഷ്യര്‍‌ക്കും വേണ്ടി.
മഞ്ഞിയില്‍

0 comments:

Post a Comment

Note: Only a member of this blog may post a comment.