Wednesday, August 10, 2016

അപരന്റെ പച്ചമാം‌സം നമുക്ക്‌ വേണ്ട

മാംസാഹാരവുമായ ബന്ധപ്പെട്ട വഴിവിട്ട ചര്‍‌ച്ചകള്‍ ആവര്‍‌ച്ചാവര്‍‌ത്തിച്ച്‌ പുരോഗമിക്കുന്ന വര്‍‌ത്തമാന സാഹചര്യത്തില്‍ ഒരു പഴയകാലാനുഭവം പങ്കുവെക്കട്ടെ.തിരുനെല്ലൂര്‍  ഗ്രാമത്തിലെ ജനങ്ങള്‍ അധികവും മത്സ്യാഹാരപ്രിയരായിരുന്നു.ഒരു പക്ഷെ ഇന്നും അങ്ങനെത്തന്നെയാണെന്നാണ്‌ എന്റെ നിഗമനം.പണ്ടൊക്കെ അപൂര്‍‌വം ചിലപ്പോള്‍ മാത്രമേ ഭേദപ്പെട്ട വീടുകളില്‍ പോലും മാം‌സം വാങ്ങാറുണ്ടായിരുന്നുള്ളൂ..മാസത്തിലൊരിക്കലൊക്കെയായിരുന്നു വീട്ടില്‍ മാം‌സം പാകം ചെയ്‌തിരുന്നത്‌.

ഗ്രാമത്തിന്റെ തൊട്ടടുത്ത കച്ചവട കേന്ദ്രമായ പുവ്വത്തുരിലെ 'ഔറോക്കാടെ' ഇറച്ചിക്കട പ്രസിദ്ധമായിരുന്നു.വിശേഷപ്പെട്ട അഥിതികള്‍‌ക്കായി കോഴിയിറച്ചി വിളമ്പുന്നതിലായിരുന്നു കൂടുതല്‍ പ്രാധാന്യം നല്‍‌കപ്പെട്ടിരുന്നത്‌.അല്ലെങ്കില്‍ ആട്ടിറച്ചി.പ്രത്യേക നേര്‍‌ച്ചകളുള്ള ദിവസം പള്ളിയിലെ മുസ്‌ല്യാക്കന്മാരും അയല്‍‌വാസികളും ക്ഷണിക്കപ്പെടുമ്പോഴും കോഴി തന്നെയായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത്.ഒരു കോഴിയുണ്ടായാല്‍ പത്തു മുപ്പതു പേര്‍‌ക്കെങ്കിലും കെങ്കേമന്‍ വിഭവവട്ടമൊരുക്കാമെന്നതായിരുന്നു അന്നത്തെ കാലത്തെ കണക്ക്‌.കോഴിയുടെ രുചി പകര്‍‌ന്ന ഉരുളക്കിഴങ്ങിന്റെ കഷ്‌ണമെങ്കിലും കിട്ടിയാല്‍ തന്നെ ഏറെ ആസ്വദിച്ചു കഴിക്കുമായിരുന്നു.

പ്രവാചക പ്രഭുവിന്റെ ജന്മം കൊണ്ട്‌ പ്രസിദ്ധമായ മാസത്തിലാണ്‌ മാം‌സാഹാരം കിട്ടാന്‍ കൂടുതല്‍ സാധ്യതയുണ്ടായിരുന്ന ദിവസങ്ങള്‍.റബീഉല്‍‌അവ്വല്‍ പിറന്നാല്‍ മുസ്‌ല്യാക്കന്മാര്‍‌ക്ക്‌ അല്‍‌പം വരുമാനമുള്ള കാലവുമായിരുന്നു.പ്രവാചകപ്പെരുമകള്‍ വാഴ്‌ത്തുന്ന വലുതും ചെറുതുമായ നേര്‍‌ച്ചകള്‍ മിക്ക വീടുകളിലും നടക്കും.പള്ളിയിലെ ഇമാമുമാര്‍‌ക്കും മദ്രസ്സാ അധ്യാപകര്‍‌ക്കും ദര്‍‌സ്സ്‌ വിദ്യാര്‍‌ഥികള്‍‌ക്കും അതുപോലെ മജ്‌ലിസില്‍ ഇരുന്നു സങ്കീര്‍ത്തനങ്ങളില്‍ ഭാഗഭാക്കുകളാകുന്നവര്‍‌ക്കും കുടും‌ബ നാഥന്‍ നല്‍‌കുന്ന പാരിതോഷികവും ലഭിക്കുമായിരുന്നു.ബദര്‍ ശുഹദാക്കളുടെ പേരിലും റബീഉല്‍ അവ്വല്‍ മാസത്തിലും പ്രദേശത്തെ പള്ളിയിലും പ്രത്യേക നേര്‍‌ച്ച നടക്കും.അതിനോടനുബന്ധിച്ച്‌ പിറ്റേദിവസം അന്നാദാനവും നടക്കുമായിരുന്നു.നെയ്‌ചോറും പോത്തിറച്ചിയും ആയിരുന്നു മൗലിദിനോടനുബന്ധിച്ച്‌ വിളമ്പിയിരുന്നത്.ബദര്‍‌ മൗലിദ്‌ നേര്‍‌ച്ചക്ക്‌ നാളികേരം ചേര്‍‌ത്ത ബിരിഞ്ജിച്ചോറായിരുന്നു പ്രധാനം.അതിലേക്കും കറി വിളമ്പിയിരുന്നത്‌ പോത്തിറച്ചി തന്നെയായിരുന്നു.

മഹല്ലിലെ പഴയകാല മുഅദ്ധിനുകളിലൊരാളായ പരേതനായ മുക്രി മുഹമ്മദലിക്കാടെ പിതാവ്‌ അഹമ്മുക്കയായിരുന്നു പ്രധാന പാചകക്കാരന്‍.പിന്നീട്‌ മുഹമ്മദലിക്കയായിരുന്നു ഇതിന്റെയൊക്കെ അമരത്ത്‌.ഇറച്ചിക്കറിയില്‍ ഏറ്റവും രുചികരമായത്‌ ഏതാണെന്നു ചോദിച്ചാല്‍ പള്ളിയില്‍ പാകം ചെയ്യുന്ന പോത്തിറച്ചി എന്നായിരിക്കും ബഹുഭൂരിപക്ഷത്തിന്റേയും അഭിപ്രായം.അതിന്റെ മണവും രുചിയും ഒന്നു വേറെത്തന്നെയാണ്‌.സങ്കീര്‍‌ത്തനങ്ങളിലും പ്രകീര്‍‌ത്തനങ്ങളിലും ചരിത്ര ഗാഥകളിലും ഒക്കെ വിശ്വാസത്തിനും പ്രവാചകാധ്യാപനങ്ങള്‍‌ക്കും പൊരുത്തപ്പെടാത്തതിനെ കുറിച്ചുള്ള ആശയ സംവാദങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇത്തരം ആണ്ടറുതികളിലും നേര്‍ച്ചകളിലും വിളമ്പുന്ന നെയ്‌ചോറും കറിയും അവസരം കിട്ടുമ്പോഴെക്കെ ആസ്വാദ്യതയോടെ തന്നെ കഴിച്ചു പോരുന്നുണ്ട്‌. 

എഴുപതുകളിലെ ഒരു ഓര്‍‌മ്മ കൂടെ പങ്കുവെച്ചു ചുരുക്കാം.മാം‌സം വാങ്ങിക്കാന്‍ പദ്ധതിയിട്ടാല്‍ തലേന്നാള്‍ തന്നെ ചട്ടം കെട്ടിയിരിക്കും.നേരത്തെ പോകണം.നല്ലതു തന്നെ മുറിച്ചു തരാന്‍ പറയണം.ചെമ്പരത്തിയും നെയ്യും ഒന്നും അധികം വെട്ടിക്കൂട്ടരുതെന്നു പ്രത്യേകം പറയണം തുടങ്ങി ഒരു പാട്‌ നിര്‍‌ദേശങ്ങള്‍ കര്‍‌ക്കശമായി ഉമ്മ പറഞ്ഞു തരുമായിരുന്നു.കാലത്ത്‌ എഴുന്നേറ്റു സൈക്കിളില്‍ പുവ്വത്തുരിലേക്ക്‌ പുറപ്പെട്ടു.കോഴിത്തോട്‌ വരെ എത്തി.പിന്നീട്‌ തോട്‌ കടക്കണം.മരപ്പലക നിരത്തിയ പാലത്തിലൂടെ സൈക്കിള്‍ ഉന്തി കൊണ്ടു പോകണം.പാലം കടന്നു വീണ്ടും സൈക്കിളില്‍ കയറാനുള്ള ഒരുക്കം എതിരെ ഒരാള്‍ എവിടേക്കാ..ഇറച്ചി വാങ്ങിക്കാനാണോ ? ഒരു പോത്തിന്റെ തല അവിടെ വെച്ചിട്ടുണ്ട്‌.സാധനം പശുവാണ്‌.

അറുക്കപ്പെട്ടത്‌ പശുവാണെന്നു പറഞ്ഞു തന്നത് നാട്ടുകാരനായ മുഹമ്മദുക്കയായിരുന്നു.അഥവാ കാലികളിലെ ആണ്‍ വര്‍‌ഗങ്ങളല്ലാത്തതിന്റെ മാം‌സം പണ്ടും ആരും ഇഷ്‌ടപ്പെട്ടിരുന്നില്ല ഇന്നും ആരും ഇഷ്‌ടപ്പെടുന്നില്ല.ഇനി ഇഷ്‌ടമാകുകയും വേണ്ട.സഹോദര സമൂഹങ്ങളുടെ ആരാധ്യ വസ്‌തുക്കളെയും അവരുടെ വികാരങ്ങളെയും മാനിക്കുന്ന സം‌സ്‌കാരം നഷ്‌ടപ്പെട്ടു പോകരുത്.മാട്ടിറച്ചിയുടെ പേരില്‍ അപരന്റെ പച്ചമാംസം ഭുജിക്കുന്ന ശീലും ശൈലിയും സ്വീകരിക്കുകയും അരുത്.നന്മയുടെ പ്രാസാരകരാകാം.പ്രചാരകരും.

നിഷിദ്ധമായത് ഒരനുബന്ധം:-

മദ്യം മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍, മത്സ്യം, വെട്ടുകിളികള്‍ എന്നിവയുടേതല്ലാത്ത ശവങ്ങള്‍, ‍ജീവികളുടെ രക്തം, നായ, പന്നി, കുരങ്ങ്‌, കഴുത തുടങ്ങിയ മൃഗങ്ങള്‍,മാംസ ഭുക്കുകളായ മൃഗങ്ങള്‍,കാലു കൊണ്ട്‌ ഇരപിടിക്കുന്ന പക്ഷികള്‍,പൂച്ച-എലി വര്‍ഗ്ഗങ്ങള്‍, ഇഴജന്തുക്കള്‍,മ്‌ളേചഛ്തയുമായി ബന്ധപ്പെടുന്ന ജീവികള്‍,കരയിലും വെളളത്തിലും ജീവിക്കാന്‍ കഴിയുന്ന ഉഭയ ജീവികള്‍ ഇതൊക്കെ വിശ്വാസികള്‍‌ക്ക്‌ നിഷിദ്ധമാണ്‌.സാമാന്യ ബോധമുള്ളവരും ഇതൊക്കെ ഒഴിവാക്കുന്നുണ്ടെന്നതതും യാഥാര്‍‌ഥ്യമാണ്‌.

ക്രൈസ്‌തവ സമുദായത്തിലെ ഒരു വിഭാഗം അവരുടെ ആഘോഷങ്ങളില്‍ പോര്‍‌ക്ക്‌ മാംസവും പശുമാം‌സവും പരിഗണിക്കാറുണ്ടെങ്കിലും കേരളത്തില്‍ പൊതുവെ പശുമാംസം ആരും ഇഷ്‌ടപ്പെടുന്നില്ല.അഥവാ കാലികളിലെ ആണ്‍ വര്‍‌ഗങ്ങളെയാണ്‌ മലയാളി മാംസ ഭുക്കുകള്‍ ജാതി മതഭേദമേന്യ ഇഷ്‌ടപ്പെടുന്നത് എന്നതായിരിക്കാം കൂടുതല്‍ ശരി.വിശ്വാസപരമായി അപജയം സം‌ഭവിച്ചവര്‍ പ്രകൃതിയിലെ പല പ്രതിഭാസങ്ങളെയും ആദരിക്കുകയും ആരാധിക്കുകയും ചെയ്‌തേക്കാം.ഇത്തരത്തില്‍ ആദരിക്കപ്പെടുന്ന ആരാധിക്കപ്പെടുന്ന വസ്‌തുക്കള്‍ ചേതനമാവട്ടെ അചേതനമാവട്ടെ എന്തായാലും അതിനെ അവഹേളിക്കാനൊ അവമതിക്കാനൊ പാടില്ലെന്നാണ്‌ വിശ്വാസികള്‍ പഠിപ്പിക്കപ്പെട്ടിട്ടുള്ളത്.അഥവാ ഗോക്കള്‍ ആരുടെയെങ്കിലും ആരാധ്യ വസ്‌തുവാണെങ്കില്‍ അവരുടെ വികാരം മാനിക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണ്‌.

0 comments:

Post a Comment

Note: Only a member of this blog may post a comment.