Monday, February 20, 2017

ഇബ്‌നു ഖദാമയില്‍ നിന്നുള്ള ചരിത്രാഖ്യാനം

മൂസാ നബി (അ)യുടെ കാലഘട്ടത്തില്‍ ശക്തമായ വരള്‍ച്ച ബാധിച്ച ഒരു ഘട്ടം. മഴ കിട്ടാതെ മനുഷ്യരും ജീവ ജാലങ്ങളും വല്ലാതെ വിഷമിച്ചു. പ്രശ്‌ന പരിഹാരത്തിനായി മൂസാ നബി (അ) എല്ലാവരോടും വിശാലമായ ഒരു മൈതാനിയില്‍ ഒരുമിച്ചു കൂടാന്‍ ആവശ്യപ്പെട്ടു. നിശ്ചിത സ്ഥലത്ത് ഒരു ദിവസം എല്ലാവരും സമ്മേളിച്ചു. മൂസാ നബി (അ)യുടെ നേതൃത്വത്തില്‍ മഴക്ക് വേണ്ടി അല്ലാഹുവിനോട് കൂട്ടമായി പ്രാര്‍ഥന നടത്തി. എല്ലാവരും മനമുരുകി ആമീന്‍ പറഞ്ഞു. പ്രാര്‍ഥന അവസാനിച്ച ഉടനെ മൂസാ നബിയുടെ അടുത്തേക്ക് ജിബ്‌രീല്‍ (അ) പ്രത്യക്ഷപ്പെടുന്നു. ‘മൂസാ നബിയേ അങ്ങ് എത്ര പ്രാര്‍ഥിച്ചിട്ടും പ്രയോജനമില്ല. ഉത്തരം ലഭിക്കില്ല. കാരണം ഈ ജനക്കൂട്ടത്തിനിടയില്‍ ധിക്കാരിയായ ഒരാളുണ്ട്. 40 വര്‍ഷമായി അല്ലാഹുവിനെ ധിക്കരിച്ച് തെറ്റില്‍ മുഴുകി കഴിയുന്ന ഒരാള്‍. ഈ മഹാ പാപി സദസ്സിലുള്ള കാലത്തോളം പ്രാര്‍‌ഥനക്ക് ഉത്തരം പ്രതീക്ഷിക്കേണ്ടതില്ല.” ഈ സന്ദേശം കേട്ടതും മൂസാ നബി (അ) രോഷാകുലനായി സദസ്സിലേക്ക് ഇറങ്ങിച്ചെന്നു. ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ”40 വര്‍ഷമായി അല്ലാഹുവിനെ ധിക്കരിച്ച് നടക്കുന്ന ഒരു ധിക്കാരി ഇവിടെയുണ്ട്. ഉടന്‍ ഇവിടുന്ന് ഇറങ്ങിപ്പോകണം. ജനങ്ങളെ രക്ഷപ്പെടുത്തണം.” ഇത് കേട്ട് സദസ്സ് ആകെ സ്തംഭിച്ചു. പരസ്പരം നോക്കി. ആരാണാവോ ഈ കടുത്ത ധിക്കാരി ? എല്ലാ മുഖങ്ങളിലും സങ്കടവും നിരാശയും നിറഞ്ഞ് നില്‍ക്കുന്നു. ലോക രക്ഷിതാവിന്റെ അനുഗ്രഹ കവാടങ്ങള്‍ നമുക്ക് തുറക്കപ്പെടുകയില്ലേ? ആകെ നിസ്സംഗത. മൂസാ നബി (അ) വീണ്ടും വീണ്ടും ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. പക്ഷേ, ആരും പുറത്ത് പോവുന്നത് കാണുന്നില്ല. എന്തു ചെയ്യും ഒന്ന് കൂടി പ്രാര്‍ഥിക്കാം. മൂസാ നബി (അ) വീണ്ടും പ്രാര്‍ഥന തുടങ്ങി. ജനങ്ങളെല്ലാം അതില്‍ പങ്കു കൊണ്ടു. പെട്ടെന്ന് അതാ അന്തരീക്ഷം ആകെ ഇരുളടഞ്ഞു. ശക്തമായ കാര്‍ മേഘം ഇരുണ്ടു മൂടി. തണുത്ത കാറ്റ്, ഒരു നല്ല മഴക്കുള്ള സര്‍വ സാധ്യതകളും. പ്രാര്‍ഥനക്കുത്തരം ലഭിച്ച പ്രതീതി. പക്ഷെ, എല്ലാവര്‍ക്കും സംശയം. മൂസാ നബിക്ക് തെറ്റു പറ്റിയോ? ഒരു ധിക്കാരിയും പുറത്തു പോയിട്ടില്ലല്ലോ? ഈ അവസരത്തില്‍ അതാ സദസ്സിനിടയില്‍ ഒരാള്‍ തല താഴ്ത്തി തേങ്ങി തേങ്ങി കരഞ്ഞു പ്രാര്‍ഥിക്കുന്നു. ”കാരുണ്യവാനായ റബ്ബേ, 40 വര്‍ഷത്തിലേറെയായ് നിന്നെ മറന്നു ജീവിച്ച ആ ധിക്കാരി ഞാന്‍ തന്നെയാണ്. ഈ ജനക്കൂട്ടത്തിനിടയില്‍ നീ എന്നെ വഷളാക്കരുതേ. എന്റെ ദോഷങ്ങള്‍ നീ മാപ്പാക്കണേ.” അയാള്‍ മനംനൊന്ത് പ്രാര്‍ഥിക്കുകയാണ്. പശ്ചാത്തപിക്കുകയാണ്‌. അയാളുടെ ആത്മാര്‍ഥമായ കുറ്റ സമ്മതം, ഖേദ പ്രകടനം കരുണാമയനായ നാഥന്‍ അംഗീകരിച്ചു. പശ്ചാത്താപം സ്വീകരിച്ചു. അതോടെ ശക്തമായ മഴ തുടങ്ങി.

ഈ സം‌ഗമത്തില്‍ നിന്നും ആരും പുറത്തു പോകാതെ തന്നെ അനുഗ്രഹിക്കപ്പെട്ടതിന്റെ കാരണം അല്ലാഹു മൂസാ പ്രവാചകനെ ധരിപ്പിച്ചു.അപ്പോള്‍ ആ വ്യക്തിയെ കാണാനുള്ള ആഗ്രഹം പ്രവാചകന്‍ പ്രകടിപ്പിച്ചു.ഉടനെ രാജാധി രാജന്റെ പ്രത്യുത്തരം.ദീര്‍‌ഘകാലം എന്നെ ധിക്കരിച്ചവന്റെ അഭിമാനത്തിനു ഇതുവരെ ക്ഷതം  വരുത്തിയിട്ടില്ല.ഇപ്പോള്‍ എല്ലാം പൊറുക്കപ്പെട്ട അവസരത്തില്‍ ഒരിക്കലും ഉണ്ടാകുകയുമില്ല.

കരുണാ വാരിധിയായ തമ്പുരാന്‍ ദൈവദാസന്മാരെ എത്രമാത്രം സ്‌നേഹിക്കുകയും അവരുടെ അഭിമാനത്തെ എത്രമാത്രം സം‌രക്ഷിക്കുകയും ചെയ്യുന്നു.

0 comments:

Post a Comment

Note: Only a member of this blog may post a comment.