Saturday, April 7, 2018

കാവ്യാത്മകമായ സമീപനം

ഈ ലോകവും അതിലെ ചരാചരങ്ങളും സൃഷ്‌ടിക്കപ്പെട്ടതിനു പിന്നില്‍ ഒരു സ്രഷ്‌ടാവുണ്ടെന്ന്‌ ഈശ്വര വിശ്വാസികളായി അറിയപ്പെടുന്ന എല്ലാവരും വിശ്വസിക്കുന്നു.പ്രകൃതിദത്തം,ലോകത്തെ ചുഴ്‌ന്നു നില്‍‌ക്കുന്ന ശക്തി വിശേഷം എന്നൊക്കെ നിരീശ്വരന്മാരെന്ന്‌ പറയപ്പെടുന്നവരും സങ്കല്‍‌പിക്കുന്നു.ഒരു വിധത്തില്‍ പറഞ്ഞാല്‍ നിരീശ്വര വാദം എന്നൊന്നില്ല എന്നതാണ്‌ യാഥാര്‍‌ഥ്യം.

പക്വതയില്ലാത്ത മനസ്സുകളുടെ തീരെ പാകം വരാത്ത താല്‍‌പര്യങ്ങളാകുന്ന 'ഇലാഹുകളാണ്‌' എല്ലാ മതാനുയായികള്‍‌ക്കിടയിലെയും വില്ലന്മാര്‍.ആരാലും നിയന്ത്രിക്കപ്പെടാന്‍ ഒരുക്കമല്ലെന്ന ധാര്‍‌ഷ്‌ട്യമായിരിക്കണം നിരീശ്വരന്മാരിലെ ഇലാഹ്‌.ഒരു പ്രവാചകനും ഈശ്വരനുണ്ടെന്നു പ്രത്യേകം പഠിപ്പിക്കാന്‍ വന്നിട്ടില്ല.മറിച്ച്‌ ഒരു ഇലാഹും ഇല്ല.സാക്ഷാല്‍ സ്രഷ്‌ടാവല്ലാതെ എന്നായിരുന്നു പ്രഘോഷിച്ചു കൊണ്ടിരുന്നത്‌.അറബി ഭാഷയില്‍ ഈ പ്രയോഗം ഇങ്ങനെ:-ലാ ഇലാഹ ഇല്ലല്ലാഹ്.ഒരു ഇലാഹും ഇല്ല.അല്ലാഹു അല്ലാതെ.അഥവാ അഭൗതികമോ ഭൗതികമോ ആയി തന്നെ നിയന്ത്രിക്കുന്ന ഒരു തമ്പുരാനും ഇല്ല.സ്രാഷ്‌ടവല്ലാതെ.ലോകത്തിന്‌ ഒരു സ്രഷ്‌ടാവുണ്ടെന്നു പറഞ്ഞതിന്റെ പേരിലല്ല പ്രവാചകന്മാര്‍ കല്ലെറിയപ്പെട്ടത്.ഇലാഹുകളെ ഒഴിവാക്കണം എന്നാഹ്വനം ചെയ്‌തതിനാലാണ്‌.സകല ഇലാഹുകളെയും ഒഴിവാക്കി വിശ്വാസിയാകുക എന്നതു തന്നെയാണ്‌ എക്കാലത്തേയും മനുഷ്യന്റെ പ്രതിസന്ധി.

ജീവിതത്തെ അടിമുടി ഉടച്ചു വാര്‍‌ക്കുന്നതില്‍ ക്രിയാത്മകവും വിപ്‌ളവാത്മകവുമായ പങ്കു വഹിക്കുന്ന ദര്‍‌ശനമാണ്‌ വിശുദ്ധ ഖുര്‍‌ആന്‍ വിഭാവന ചെയ്യുന്ന ഇസ്‌ലാം. പരക്ഷേമതല്‍‌പരതയില്ലായ്‌മയെ വിശുദ്ധ ദര്‍‌ശനത്തെ നിരാകരിച്ചവനോടാണ്‌ ഖുര്‍‌ആന്‍ ഉപമിക്കുന്നത്.ജീവിത ഗന്ധിയായ ഈ ഗ്രന്ഥം പ്രതിപാതിക്കാത്ത വിഷയങ്ങളില്ല.

ജീവല്‍ സ്‌പര്‍ക്കായ ദര്‍‌ശനത്തിനു ഒരു രാഷ്‌ട്രീയ മുഖമുണ്ടാകുക എന്നത്‌ സ്വാഭാവികം മാത്രമാണ്‌.ഈ സ്വാഭാവികതയെ സര്‍‌ഗാത്മകമാക്കി വളര്‍‌ത്തുന്നതില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെയും മധ്യേഷ്യയിലെയും  ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെയും ധിഷണാ ശാലികളായ പണ്ഡിതന്മാര്‍ വഹിച്ച പങ്ക്‌ വിസ്‌മയാവഹമാണ്‌.​ഈ രാഷ്‌ട്രീയ മുഖത്തെ അല്‍‌പജ്ഞാനികളും അവിവേകികളും ദുരുപയോഗം ചെയ്യുന്നു എന്നത്‌ ഒരു വസ്‌തുതയാണ്‌.മാത്രമല്ല ഈ ദര്‍‌ശനത്തിന്റെ സാമൂഹിക പ്രതിബദ്ധതയ്‌ക്കും മാനവിക മാനുഷിക മുഖത്തിനും കടക വിരുദ്ധമായ പ്രവര്‍‌ത്തനങ്ങളില്‍ ഒരു പറ്റം മനുഷ്യ ദ്രോഹികള്‍ പ്രവര്‍‌ത്തന നിരതരാണെന്നതും സത്യമാണ്‌.അടിസ്ഥാന പ്രമാണങ്ങള്‍‌ക്കു പോലും നിരക്കാത്ത പ്രസ്‌തുത സംഘങ്ങളുടെ മനുഷ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ചൊല്ലി ഭീകരവാദ തീവ്രവാദ പ്രവര്‍‌ത്തനങ്ങളുടെ അണിയറക്കാര്‍ വിശുദ്ധ ദര്‍‌ശനത്തിന്റെ രാഷ്‌ട്രീയ മുഖം പ്രശോഭിപ്പിക്കാന്‍ അത്യധ്വാനം ചെയ്‌ത സാത്വികന്മാരായിരുന്നു എന്ന തരത്തില്‍ മൗഢ്യ വര്‍ത്തമാനങ്ങള്‍ വിളമ്പുന്നത്‌ അത്യന്തം ഖേദകരമത്രെ.

ലോകത്ത്‌ അവതരിപ്പിക്കപ്പെട്ട സകല വേദങ്ങളും മാനവികതയിലൂന്നിയ മാനുഷികതയുടെ ഹൃദയഹാരിയായ സ്‌പ്ന്ദനങ്ങളാല്‍ ആകര്‍‌ഷകമത്രെ.പ്രസ്‌തുത വിഭാവനയുടെ ജീവല്‍ ഭാവം  വിശുദ്ധ ഖുര്‍‌ആനില്‍ സം‌ശയലേശമേന്യ പ്രോജ്ജ്വലവുമത്രെ.വിശ്വാസി സമൂഹത്തിലെ പ്രഭുക്കളും അവരുടെ പ്രഭൃതികളും വിശുദ്ധ വേദത്തിന്റെ ഈ അന്യൂനമായ രാഷ്‌ട്രീയ മാനങ്ങളില്‍ കരിമേഘങ്ങള്‍ സൃഷ്‌ടിക്കാന്‍ കിണഞ്ഞു ശ്രമിച്ചു കൊണ്ടേയിരിക്കുന്നു എന്നതും പച്ചയായ യാഥാര്‍‌ഥ്യ മത്രെ.ഒപ്പം ചില സ്വാഛാധിപതികളും അവരുടെ കുഴലൂത്തുകാരും. പ്രകടന പരതയിലും പ്രചരണ വേലയിലും മാത്രം ഉറഞ്ഞാടി ഉന്മാദം കൊള്ളുന്ന വിശ്വാസി സമൂഹവും ഇവര്‍‌ക്ക്‌ ചൂട്ടു പിടിക്കാന്‍ ജാഗ്രതയോടെ മൈതാനത്ത്‌ സജീവം.

വിശുദ്ധ വേദത്തിന്റെ സമ്പൂര്‍‌ണ്ണതയെ ഉള്‍‌കൊണ്ടവരും അല്ലാത്തവരും ഇസ്‌ലാം പരിപൂര്‍‌ണ്ണമാണെന്ന ബോധത്തിലേയ്‌ക്ക്‌ അറിഞ്ഞൊ അറിയാതെയൊ പ്രവേശിച്ചു കൊണ്ടിരുന്ന പുതിയ നൂറ്റാണ്ടിന്റെ വരവ്‌ പ്രഭുക്കന്മാരുടെ ഉറക്കം കെടുത്തിയ സാഹചര്യത്തിലാണ്‌ ഐ.എസ്‌ എന്ന കള്ള നാണയത്തിന്റെ എഴുന്നെള്ളിപ്പ്‌.ദൈവ രാജ്യം എന്ന സങ്കല്‍‌പത്തെപ്പറ്റി ഒരു സാധുവും ചിന്തിച്ചു പോകാന്‍ പോലും മടിക്കുന്ന തരത്തില്‍ ഈ പ്രഹേളിക താണ്ഡവമാടുമ്പോള്‍ ഒരു വെടിക്ക്‌ ഒരായിരം പക്ഷികള്‍ എന്ന അക്ഷരാര്‍‌ഥ മൊഴിയാണ്‌ ഇവിടെ സഫലമാകുന്നത്.

ഈ എഴുന്നെള്ളിപ്പിന്റെ മുന്‍ നിരയിലെ ഗജ കേസരികള്‍ സയണിസ്റ്റുകളും കോലം പിടിക്കുന്നത്‌ സാക്ഷാല്‍  പ്രഭുകുമാരന്മാരും ഇതര പടകളില്‍ പിടഞ്ഞു വീഴാനും ഉറഞ്ഞു തുള്ളാനും വിധിക്കപ്പെട്ടവര്‍ ഉന്മാദികളായ ഒരു സം‌ഘവും.ഇസ്‌ലാമിക ഭൂമികയിലെ ചരിത്ര സ്‌മാരകങ്ങള്‍ ഓരോന്നായി പിഴുതെറിയപ്പെടുമ്പോളും ശിര്‍‌ക്കിന്റെ കോട്ട കൊത്തളങ്ങള്‍ മണ്ണോട്‌ ചേര്‍‌ന്നതില്‍ ആത്മരതി കൊള്ളാന്‍ മാത്രം വിധിക്കപ്പെട്ട പമ്പര വിഡ്ഢികള്‍ അകപ്പെട്ടു പോയ കിറുക്കോളം പൊറുക്കപ്പെടാത്ത പാതകം വര്‍‌ത്തമാന ലോകം ദര്‍‌ശിച്ചിട്ടുണ്ടാവില്ല.

മഹാ വൃക്ഷത്തില്‍ പറ്റിപ്പിടിച്ച ഇത്തിക്കണ്ണികള്‍ പിഴുതേറിയപ്പെടുക തന്നെ വേണം.കൂട്ടത്തില്‍ പൂത്തും പുഷ്‌പിച്ചും നില്‍‌ക്കുന്ന കായ്‌കനികള്‍ കൂടെ പെട്ടു പോകുന്നത് അത്യന്തം ഖേദകരം തന്നെയാണ്‌.എന്തിനേറെ, പാകം വന്ന ചില പഴങ്ങളില്‍ പോലും സ്വാഭാവികമായ ചില പുഴുക്കുത്തൊക്കെ ഉണ്ടായേക്കാം.അതു പോലും സൂക്ഷ്‌മയതോടെ ഉപയോഗിക്കലാണ്‌ ബുദ്ധി.മരത്തിന്റെ ശാഖ തന്നെ വെട്ടിമാറ്റല്‍ ക്രൂരവും പ്രാകൃതവുമത്രെ.തണലിട്ട്‌ പന്തലിച്ച്‌ നില്‍‌ക്കുന്ന മരത്തെക്കുറിച്ച്‌ ഘോഷിക്കുകയും അത്‌ നല്‍‌കുന്ന തണലും സുരക്ഷിതത്വവും വിസ്‌മരിക്കുകയും ചെയ്യുന്നത്‌ വിവരിക്കാന്‍ ഭാഷയില്‍ വാക്കുകള്‍ പരിമിതമായിരിയ്‌ക്കും.

പൗരോഹിത്യത്തിന്റെ കരാള ഹസ്‌തങ്ങളില്‍ ലോകം വീര്‍‌പ്പു മുട്ടികൊണ്ടിരുന്ന സാഹചര്യത്തില്‍ മതവും ദൈവ വിശ്വാസവുമാണീ ദുരിതങ്ങള്‍‌ക്കൊക്കെ കാരണമെന്ന നിദാനത്തില്‍ ഉള്‍‌തിരിഞ്ഞു വന്ന നിരീശ്വര നിര്‍‌മ്മിത പ്രത്യയശാസ്‌ത്രങ്ങള്‍ ഒരു വേള വലിയ അളവില്‍ ലോകത്ത് സ്വീകാര്യത നേടിയിരുന്നു.ഇതേ നിരീശ്വര വാദ നിദാനത്തില്‍ ഒട്ടേറെ സം‌ഹാരാത്മക ഭാവം പൂണ്ട ഉപ സം‌ഘങ്ങളും ലോകത്ത് വളര്‍‌ന്നു വരികയും ചെയ്‌തിരുന്നു.ഈ സം‌ഘങ്ങളുടെ വിദ്വം‌സക പ്രവര്‍‌ത്തനങ്ങള്‍‌ക്കും മനുഷ്യക്കുരുതികള്‍‌ക്കും കാരണക്കാര്‍ ഈ നിരീശ്വര പ്രസ്ഥാനങ്ങളാണെന്നു ആരും പറയുന്നില്ല.അഥവാ ഉണ്ടെങ്കില്‍ തന്നെ ഒറ്റപ്പെട്ട സ്വരങ്ങളില്‍ അത്‌ ഒതുങ്ങി നില്‍‌ക്കുകയാണ്‌.

വായിച്ചു വളരുന്ന ഒരു സമൂഹത്തിലേക്ക്‌ വളരെ ആകര്‍‌ഷകവും അവസരോചിതവും ആസൂത്രിതവുമായ ശൈലിയിലായിരുന്നു ഖുര്‍‌ആന്‍ പെയ്‌തിറങ്ങിയത്.പ്രവാചകന്‍ ഈ തേന്മാരിയെ തേനരുവികളാക്കി ആവശ്യാനുസാരം ജലസേചനം ചെയ്‌ത്‌ ഒരു ജിവല്‍ സ്‌പര്‍‌ക്കായ ഹരിത സമൂഹത്തെ  മുളപ്പിക്കുന്നതിലും ജനിപ്പിക്കുന്നതിലും  കായ്‌പിക്കുന്നതിലും വ്യാപൃതനായിരുന്നു.

വായിച്ചു വള‌ര്‍ന്ന സമൂഹത്തെ അഭിസം‌ബോധന ചെയ്യും വിധമാണ്‌ ഖുര്‍‌ആന്‍ ക്രോഡീകരിക്കപ്പെട്ടത്.ഈ ദര്‍‌ശനത്തിന്റെ ദര്‍‌പ്പണമായ പ്രവാചക പാഠങ്ങളെ ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥത്തിനു അഭിമുഖമാക്കി വായിക്കുന്നതില്‍ വേണ്ടത്ര ജാഗ്രത പുലര്‍‌ത്താന്‍ വിശ്വാസി സമൂഹത്തിനു സാധിച്ചില്ല എന്നത്‌ ദൗര്‍‌ഭാഗ്യകരമായ സത്യമാണ്‌.ഒന്നു കൂടെ വ്യക്തമാക്കി പറഞ്ഞാല്‍ വായിച്ചു വളര്‍‌ന്നു കൊണ്ടിരുന്ന സമൂഹത്തിലെ ക്രോഡീകരിക്കപ്പെടാത്ത ഖുര്‍‌ആന്‍ ; വായിച്ചു വളര്‍‌ന്ന സമൂഹത്തിലെ ക്രോഡീകരിക്കപ്പെട്ട ഖുര്‍‌ആന്‍ എന്നീ രണ്ടവസ്ഥകള്‍ പ്രവാചകാധ്യാപനങ്ങള്‍‌ക്കും ബാധകമാക്കുന്നതില്‍ വിശ്വാസികള്‍‌ക്ക്‌ വേണ്ടത്ര സൂക്ഷ്‌മത പുലര്‍‌ത്താന്‍ കഴിഞ്ഞിട്ടില്ല.

വായിക്കുക എന്ന വിധിയില്‍ നിന്നും സമ്പൂര്‍‌ണ്ണം എന്ന സമാശ്വാസ വിജ്ഞാപനത്തോളം ദൂരം ഖുര്‍‌ആനിന്റെ അവതരണ പശ്ചാത്തലവും ക്രോഡീകരണ പശ്ചാത്തലവും തമ്മിലുണ്ട്‌.ഈ ഭൂമികയെ വ്യക്തമായ പഠന മനനങ്ങള്‍‌ക്ക്‌ വിധേയമാക്കുന്നതില്‍ ആയുഷ്‌കാലം മുഴുവന്‍ വ്യാപൃതരായ നിഷ്‌കളങ്കരായ ജീവിച്ചിരിക്കുന്നവരും രക്തസാക്ഷികളുമായ കര്‍‌മ്മയോഗികള്‍ അവഹേളിക്കപ്പെടുകയൊ കല്ലെറിയപ്പെടുകയൊ ചെയ്യുന്ന അവസ്ഥ അത്യന്തം ദുരൂഹമാണ്‌. വേദനാജനകവും.

ലോകത്ത്‌ നിലവിലുള്ള സകല ദര്‍‌ശനങ്ങളും നിഷ്‌പ്രഭമായ വര്‍‌ത്തമാന കാലത്ത് ഒരു ബദല്‍ ദര്‍‌ശനമായി ഖുര്‍‌ആന്‍ പരിചയപ്പെടുത്തപ്പെടരുതെന്ന വാശി അവിശ്വാസികളേക്കാള്‍ ഒരു വേള വിശ്വാസികളെന്നു പറയപ്പെടുന്നവര്‍‌ക്കാണെന്ന സന്ദേഹം ശക്തമാണ്‌.വിശുദ്ധ ദര്‍‌ശനത്തിന്റെ നിരാകരിക്കാനാവാത്ത രാഷ്‌ട്രീയ മുഖവും,വിപ്‌ളാവത്മകമായ ശബ്‌ദവും, സര്‍‌ഗാത്മകമായ ശൈലിയും മറച്ചു പിടിക്കാനുള്ള വിഫല ശ്രമവും സജീവമാണ്‌.'മുല്ല ഉലമാ ഉമറാക്കളുടെ' പരമ്പരാഗത നിലപാടിന്‌ വിരുദ്ധമായ സമീപനം അണികളിലുണ്ടാക്കിയേക്കാവുന്ന രോഷത്തെയായിരിക്കാം  പ്രകൃതിയുടെ തേട്ടത്തേക്കാള്‍ ഈ ഉലമാ വ്യൂഹം മുഖവിലക്കെടുക്കുന്നത്‌ എന്നു അനുമാനിക്കാനേ തരമുള്ളൂ.

വിശുദ്ധ ഖുര്‍‌ആനിലെ സനാതന മൂല്യങ്ങളെയും നീതിന്യായ സാമ്പത്തിക വീക്ഷണങ്ങളെയും അങ്ങുമിങ്ങും തൊടാതെ പ്രകീര്‍‌ത്തിച്ചും പ്രശം‌സിച്ചും സായൂജ്യമടയുന്നതിനു പകരം പൂര്‍‌ണ്ണാര്‍‌ഥത്തില്‍ ഈ ദര്‍‌ശന മാഹാത്മ്യം ലോകത്തിന്റെ മുന്നില്‍ സമര്‍‌പ്പിക്കാന്‍ ഇസ്‌ലാമിക പണ്ഡിത ശ്രേഷ്‌ടന്മാര്‍ തയാറാകണം.ചുരുങ്ങിയത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിസ്വാര്‍‌ഥ സേവകരായ പ്രസ്ഥാന ബന്ധുക്കളെയും സഹകാരികളെയും അപകീര്‍‌ത്തിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന പ്രക്രിയയില്‍ നിന്നെങ്കിലും വിട്ടു നില്‍‌ക്കണം.

മനുഷ്യന്റെ സ്വാതന്ത്ര്യ വാഞ്ചയെയും സാമൂഹിക സാം‌സ്‌കാരിക രാഷ്‌ട്രീയ ബോധത്തെയും ഇത്രമാത്രം ആദരിച്ച മറ്റൊരു ദര്‍‌ശനം ഭൂമിയിലില്ല.'പീഡിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ സ്ത്രീപുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങള്‍ ദൈവ മാര്‍ഗത്തില്‍ സമരം ചെയ്യാതിരിക്കുന്നതില്‍ എന്തുണ്ട് ന്യായം? ആ ജനതയാകട്ടെ പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കുന്നു: നാഥാ, മര്‍ദകരായ നിവാസികളുടെ ഈ പട്ടണത്തില്‍നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ. നിന്റെ പക്കല്‍നിന്ന് ഞങ്ങള്‍ക്ക് ഒരു രക്ഷകനെ നിശ്ചയിച്ചുതരേണമേ. നീ ഞങ്ങള്‍ക്ക് ഒരു സഹായിയെ നിശ്ചയിച്ചുതരേണമേ''ഇതിലും പ്രോജ്ജ്വലമായി എങ്ങനെയാണ്‌ രാഷ്‌ട്രീയം പ്രഘോഷിക്കുക.ഇനിയും രാഷ്‌ട്രീയം പ്രസരിപ്പിച്ചതിന്റെ പേരില്‍ കല്ലെറിയാനാണ്‌ ഭാവമെങ്കില്‍.വഴികാണിക്കാന്‍ ആര്‍‌ക്കും സ്വാതന്ത്ര്യമുണ്ട്.തെരഞ്ഞെടുക്കാന്‍ സമൂഹത്തിനും.'നിങ്ങള്‍‌ക്ക്‌ നിങ്ങളുടെ പാന്ഥാവ്‌  എനിക്ക്‌ എന്റെ പാന്ഥാവ്‌ '.ഇതത്രെ വിശുദ്ധ ദര്‍‌ശനത്തിന്റെ കാവ്യാത്മകമായ സമീപനം.​

ഓത്തിലേയ്‌ക്ക്‌ ചുരുങ്ങുന്ന സമൂഹം:

ആദ്യ പിതാവിനു ശേഷം നിയോഗിക്കപ്പെട്ട പ്രവാചകന്മാരെല്ലാം അത്ഭുത സിദ്ധികളാല്‍ അനുഗ്രഹിക്കപ്പെട്ടിരുന്നു.പ്രവാചകന്മാരുടെ കാല ശേഷം സകല സിദ്ധികളും കാലഹരണപ്പെട്ടു.അന്ത്യ പ്രവാചകന്‌ നല്‍‌കപ്പെട്ട ദര്‍‌ശനവും അത്ഭുത സിദ്ധിയും വിശുദ്ധ ഖുര്‍‌ആന്‍ ആയിരുന്നു.പ്രസ്‌തുത അത്ഭുത സിദ്ധി പ്രവാചക പ്രഭുവിന്റെ കാലശേഷവും നില നില്‍‌ക്കുന്നുണ്ട്‌.എന്നാല്‍ അനുഗ്രഹത്തിന്റെ സൗഭാഗ്യം അനുഭവേദ്യമാകണമെങ്കില്‍ അതു വായിക്കുകയും പഠിക്കുകയും ജീവിതത്തില്‍ പകര്‍‌ത്തുകയും വേണം.ഇവ്വിധം ജീവിതത്തെ ചിട്ടപ്പെടുത്തുന്ന സമൂഹം ഏറെ ഉന്നതരും സംസ്‌കാര സമ്പന്നരുമായിരിക്കും.അല്ലാഹു തൃപ്‌തിപ്പെട്ടവരും.അല്ലാഹുവിനെ തൃപ്‌തിപ്പെട്ടവരും.അതിനാല്‍ ലോകത്തിന്റെ മുന്നില്‍ അവര്‍ക്ക്‌ അഭിമാനത്തോടെ  എഴുന്നേറ്റുനില്‍‌ക്കാന്‍ കഴിയും.

ഇതിന്നു വിപരീതമായി വായന എന്ന ഗൗരവം നഷ്‌ടപ്പെടുത്തി കേവല ഓത്തിലേയ്‌ക്ക്‌ ചുരുങ്ങുന്ന സമൂഹം അസംതൃപതരായിരിക്കും.അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ ആശങ്കപ്പെടുന്നവരും.ദുഷിച്ച സംസ്‌കാരം പേറുന്നവരും.അന്ധ വിശ്വാസങ്ങളെ പുണരുന്നവരും ആയിരിക്കും.അതിനാല്‍ ലോകത്തിന്റെ മുന്നില്‍ പരിഹാസ പാത്രങ്ങളായി മാറുകയും ചെയ്യും.

രാഷ്‌ട്രീയം ഒരു അനുബന്ധം:-

സാമൂഹിക സാമ്പത്തിക സാം‌സ്‌കാരിക മേഖലകളിലും ജീവിതത്തിന്റെ അഖില ഇടപാടുകളിലും പ്രാദേശിക ദേശീയ അന്തര്‍ദേശീയ തലത്തില്‍ കൃത്യവും സൂക്ഷ്‌മവുമായ നയ നിലപാടുകള്‍ ഉണ്ടാകുന്നതാണ്‌ സമ്പൂര്‍‌ണ്ണമായ രാഷ്‌ട്രീയം.ഈ രാഷ്‌ട്രീയം കാലിക പ്രാധാന്യത്തോടെ ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനം പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നു.അതിന്റെ അജണ്ടകളും നിരീക്ഷണങ്ങളും മാര്‍‌ഗനിര്‍ദേശക രേഖകളും സുതാര്യവും സുവ്യക്തവുമാണ്‌.

ഇസ്‌ലാമിക പ്രസ്‌ഥാനങ്ങള്‍ പിറന്നു വീഴുന്ന തിയതി മുതല്‍ അതിനു രാഷ്‌ട്രീയമുണ്ട്‌.ഒന്നിനെ സ്വീകരിക്കുന്നതും നിരാകരിക്കുന്നതും രാഷ്‌ട്രീയമാണ്‌.സമ്മദിദാനാവകാശം ഉപയോഗപ്പെടുത്തുന്നതു പോലെ ഉപയോഗപ്പെടുത്താതിരിക്കുന്നതും രാഷ്‌ട്രീയമാണ്‌.കൃത്യമായ നയ നിലപാടുകള്‍ സാഹചര്യത്തിന്റെ തേട്ടം പോലെ കൈകൊള്ളുക എന്നത്‌ തന്നെയാണ്‌ സാക്ഷാല്‍ രാഷ്‌ട്രീയം.

ജനാധിപത്യ വ്യവസ്ഥയെക്കുറിച്ച്‌ ഭിഹ്ന വീക്ഷണങ്ങളുണ്ടാകാം.എന്നാല്‍ ഈ അവസ്ഥ നില നില്‍‌ക്കുക എന്നത് പ്രതിപക്ഷ ബഹുമാനം പുലര്‍‌ത്തുന്ന എല്ലാ രാഷ്‌ട്രീയ സം‌വിധാനങ്ങള്‍‌ക്കുമെന്നതുപോലെ ഇസ്‌ലാമിക പ്രസ്ഥാനത്തിനും ഗുണകരമാണ്‌.ഇത്തരത്തിലുള്ള അനുകൂലാവസ്ഥയില്‍ നിന്നുകൊണ്ട്‌ മാനവികമായ ഒരു വ്യവസ്ഥയ്‌ക്ക്‌വേണ്ടി ശബ്‌ദിക്കാന്‍ സനാതന ധാര്‍‌മ്മികബോധമുള്ള എല്ലാവരും ബാധ്യസ്ഥരാണ്‌.ജനാധിപത്യ അവസ്ഥയെ അം‌ഗീകരിച്ചു കൊണ്ട്‌ ഉത്തമമായ വ്യവസ്ഥക്ക്‌ വേണ്ടി പ്രവര്‍‌ത്തന നിരതരാകുക എന്നത്‌ കാലഘട്ടത്തിന്റെ തേട്ടമാണ്‌.

0 comments:

Post a Comment

Note: Only a member of this blog may post a comment.