Wednesday, March 30, 2022

റമദാന്‍ പച്ചമനുഷ്യനെ വാര്‍‌ത്തെടുക്കുന്ന കാലം

മഹാമാരിയുടെ അഗ്നി പരീക്ഷണങ്ങളില്‍ നിന്നും ഘട്ടം ഘട്ടമായി മോചനം കിട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുണ്യങ്ങളുടെ പൂക്കാലം വീണ്ടും സമാഗതമാകുകയാണ്‌.പഠിപ്പിക്കപ്പെട്ട പഞ്ചകര്‍‌മ്മങ്ങളിലെ എല്ലാ അനുഷ്‌‌ഠാനങ്ങളുടെയും ആത്മാവ്‌ ഉള്‍‌കൊള്ളുന്ന റമദാന്‍ വിശ്വാസികളുടെ മനസ്സുകളില്‍ സൃഷ്‌ടിക്കുന്ന വര്‍‌ണ്ണരാചികള്‍ വിവരണാതീതം.പ്രഥമമായി അനുശാസിക്കപ്പെട്ട സത്യസാക്ഷ്യത്തിന്റെ പ്രയോഗ വല്‍‌കരണത്തിന്‌ അനുയോജ്യമായ മണ്ണും വെള്ളവും വളവും ലഭിക്കുന്ന കൃഷിയിറക്കല്‍ കാലവും,നന്മയുടെ കൊയ്‌‌തുകാലവും കൂടെയാണിത്. പ്രാര്‍‌ഥനാ നിര്‍‌ഭരമായ മനസ്സോട്‌ കൂടെ ഈ പുണ്യമാസത്തിലേക്ക് പ്രവേശിച്ച് ഒരു മഹദ്‌ ദൗത്യത്തിന്‌ കച്ചമുറുക്കിയിറങ്ങാന്‍,ലക്ഷ്യസ്ഥാനത്തേക്ക്‌ കാടും മേടും കുന്നും താഴ്‌‌വരകളും താണ്ടി പരന്നൊഴുകാന്‍ പരുവപ്പെട്ടവനായി വിശ്വാസി മാറും.

പ്രതിജ്ഞാബദ്ധനായ വിശ്വാസി   അതീവ ജാഗ്രതയിലാണ്‌.അല്ലാഹുവിന്റെ മുന്നില്‍ അഞ്ചു നേരവും അണിനിരന്ന്‌ സകല തിന്മകളോടുമുള്ള പോരാട്ടത്തിനുള്ള തയ്യാറെടുപ്പിന്‌ ശേഷമാണ്‌  സമൂഹത്തില്‍ വ്യാപൃതനാകുന്നത്.പഞ്ചേന്ദ്രിയങ്ങളെ വരുതിയില്‍ നിര്‍‌ത്താനുള്ള ജാഗ്രവത്തായ നാളുകള്‍,ദാനധര്‍‌മ്മങ്ങള്‍ കവിഞ്ഞൊഴുകാനുള്ള പ്രചോദനങ്ങള്‍, ക്ഷമയും സഹനവും കനിവും പാരമ്യതയിലെത്തുന്ന സന്ദര്‍‌ഭങ്ങള്‍ അവനില്‍ രൂപപ്പെടുത്തുന്ന മാനവിക മാനുഷിക ഭാവങ്ങള്‍ ഒരു സം‌സ്‌കൃത സമൂഹ സങ്കല്‍‌പങ്ങളുടെ മാനത്ത് മഴവില്ലുകള്‍ തീര്‍‌ക്കും.

അവധി നിശ്ചയിക്കപ്പെട്ട സമൂഹത്തില്‍ അവന്റെ സാന്നിധ്യവും സ്വാധീനവും ഫലപ്രദമായി നടക്കണം.റമദാനില്‍ നേടിയെടുക്കുന്ന ശിക്ഷണങ്ങള്‍ പാഴായിപ്പോകാതിരിക്കാനുള്ള സൂക്ഷ്‌‌മത ഈ വസന്തത്തില്‍ തന്നെ തുടങ്ങിവെക്കണം.

നിര്‍‌ണ്ണിതമായ അവധിയെത്തിയാല്‍ അണുമണി വ്യത്യാസമില്ലാതെ വിധി നടപ്പിലാക്കപ്പെടുന്ന സമൂഹത്തോടുള്ള ബാധ്യത ഓരോ നോമ്പുകാരന്റെയും മനസ്സിനെ മഥിച്ചു കൊണ്ടിരിക്കണം. 

ഒരു വിശ്വാസിയെ എല്ലാ അര്‍‌ഥത്തിലും സമൂഹത്തിന്‌ അനുഭവിക്കാനുള്ള അവസരങ്ങള്‍ ജനിപ്പിക്കുക എന്നതാണ്‌ സത്യസാക്ഷ്യത്തിന്റെ മറ്റൊരു വായന.ഇതു തന്നെയാണ്‌ ഓരോ വിശ്വാസിയുടെയും ഒഴിച്ചുകൂടാനാകാത്ത ദൗത്യവും.

ഈ മഹദ്‌ ദൗത്യ നിര്‍‌വഹണത്തിനുതകുന്ന ഒരു പച്ച മനുഷ്യനെ വാര്‍‌ത്തെടുക്കുകയാണ്‌ റമദാനിലെ രാപ്പകലുകള്‍.

ഫാഷിസവും നവ ലിബറലിസവും നിരീശ്വര നിര്‍‌മ്മിത പ്രത്യയ ശാസ്‌ത്രങ്ങളും  കോപ്പുകൂട്ടി വമിപ്പിക്കുന്ന  പുകച്ചുരുളുകളാല്‍ അന്ധകാരാവൃതമായ ലോകത്ത് ഒരു മിന്നാമിനുങ്ങെങ്കിലുമാകാനുള്ള പ്രയത്നം വിശ്വാസിയെ സം‌ബന്ധിച്ച് നിര്‍‌ബന്ധ ബാധ്യതയത്രെ.ഈ കൂരാ കൂരിരുട്ടില്‍ വെളിച്ചത്തിന്‌ നല്ല പ്രസക്തിയുണ്ട്‌.ദുര്‍‌ഗന്ധ ഭൂമികയില്‍ സുഗന്ധത്തിനും.

---------

وَلِكُلِّ أُمَّةٍ أَجَلٌۖ فَإِذَا جَاءَ أَجَلُهُمْ لَا يَسْتَأْخِرُونَ سَاعَةًۖ وَلَا يَسْتَقْدِمُونَ ﴿٣٤﴾ يَا بَنِي آدَمَ إِمَّا يَأْتِيَنَّكُمْ رُسُلٌ مِّنكُمْ يَقُصُّونَ عَلَيْكُمْ آيَاتِيۙ فَمَنِ اتَّقَىٰ وَأَصْلَحَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ  

എല്ലാ ജനങ്ങള്‍ക്കും ഒരു നിശ്ചിത അവധിയുണ്ട്.ഒരു ജനത്തിന്റെ അവധിയെത്തിയാല്‍ പിന്നെ ഒരു നിമിഷം പോലും അവര്‍ മുന്തുകയോ പിന്തുകയോ ചെയ്യുന്നതല്ല.അല്ലയോ ആദം സന്തതികളേ, ഓര്‍മിച്ചു കൊള്ളുവിന്‍! നിങ്ങളുടെ അടുക്കല്‍ എന്റെ ദൃഷ്ടാന്തങ്ങള്‍ വിശദീകരിച്ച്‌ കൊണ്ട്‌ നിങ്ങളില്‍ നിന്നു തന്നെയുള്ള ദൂതന്മാര്‍ ആഗതരായാല്‍, അപ്പോള്‍ അനുസരണക്കേട് വെടിഞ്ഞ് തന്റെ നടപടികള്‍ സംസ്‌കരിക്കുന്നതാരോ, അവന്‍ ഭയപ്പെടാനും ദുഃഖിക്കാനും സംഗതിയാകുന്നതല്ല.(അ‌അ്‌റാഫ് 34...)

ഓരോ സമുദായത്തിന്റെയും നിര്‍‌ണ്ണിതമായ കാലം ഓര്‍‌മ്മിപ്പിക്കുന്നതിലൂടെ ഒരോ പ്രബോധകന്റെയും ദൗത്യം കൂടെ അടിവരയിടപ്പെടുന്നുണ്ട്‌.കാരണം ധാര്‍‌മ്മികതയുടെ പരിധി ലം‌ഘിക്കപ്പെടുന്നതിലൂടെയാണ്‌ ഒരോ സമുദായവും നിഷ്‌കാസനം ചെയ്യപ്പെടുന്നതിനുള്ള കാലഗണന എന്നാണ്‌ പണ്ഡിത മതം.ഒരു സമൂഹത്തിന്റെ കാലാവധി നിര്‍‌ണ്ണയിക്കപ്പെടുന്നതിന്റെ മാനദണ്ഡം പ്രസ്‌തുത സമൂഹത്തിലെ ധര്‍‌മ്മാധര്‍‌മ്മങ്ങളുടെ താളം തെറ്റലാണ്‌ അഥവാ മൂല്യച്യുതിയാണ്‌.ഉപര്യുക്ത സൂക്തത്തിന്റെ പ്രാമാണികമായ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍,നന്മയുടെ പ്രസാരണവും തിന്മയുടെ തിരസ്‌കാരവും ഓരോ വിശ്വാസിയുടെയും നിര്‍‌ബന്ധ ബാധ്യതയാണെന്ന വീക്ഷണത്തെ സാധൂകരിക്കാന്‍ കഴിയും.ദൈവത്തിന്റെ പ്രതിനിധിയാണെന്ന പാഠം ഉള്‍‌ക്കൊള്ളുന്നവര്‍‌ക്ക്‌ ഈ കാര്യങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ സാധിച്ചേക്കും.

ദൈവ ദൃഷ്‌ടാന്തങ്ങള്‍ വിശദീകരിച്ച് കൊണ്ട്‌ പ്രവാചകന്മാര്‍ ആഗതരാകുന്നതും അതിനെ സ്വീകരിക്കുക വഴി മാത്രമാണ്‌ ആദം സന്തതികളുടെ ശാശ്വതമായ വിജയം എന്നും തുടര്‍‌ന്ന്‌ പറയുന്നു.ആദ്യ പിതാവ്‌ മുതല്‍ അന്ത്യ പ്രവാചകന്‍ വരെയുള്ള കണ്ണി മുറിയാത്ത ശൃംഖല ഇവിടെ ഓര്‍‌മ്മിപ്പിക്കപ്പെടുന്നു.

അല്ലയോ ആദം സന്തതികളേ, ഓര്‍മിച്ചു കൊള്ളുവിന്‍! നിങ്ങളുടെ അടുക്കല്‍ എന്റെ ദൃഷ്ടാന്തങ്ങള്‍ വിശദീകരിച്ച്‌ കൊണ്ട്‌ നിങ്ങളില്‍ നിന്നു തന്നെയുള്ള ദൂതന്മാര്‍ ആഗതരായാല്‍'  يَا بَنِي آدَمَ إِمَّا يَأْتِيَنَّكُمْ رُسُلٌ مِّنكُمْ يَقُصُّونَ عَلَيْكُمْ آيَاتِيۙ എന്ന ഖുര്‍‌ആനിക ഭാഷാ പ്രയോഗം ഏറെ അര്‍‌ഥ സമ്പന്നമാണ്‌.

സത്യ സന്ധവും വസ്‌തു നിഷ്‌ടവും ചരിത്ര പ്രാധാന്യമുള്ളതുമായ ശുദ്ധമായ പാരമ്പര്യമുള്ള കഥാ കഥനത്തിന്റെ മഹത്വവും പ്രവാചകന്മാരുടെ പ്രബോധനത്തില്‍ ഊന്നിയ തൗഹീദ്, രിസാലത്ത്, ആഖിറത്ത് എന്നീ മൂല്യത്രയങ്ങളും ഈ പ്രയോഗത്തില്‍ നിഴലിക്കുന്നുണ്ട്‌.

സ്വര്‍‌ഗലോകത്ത് നിന്നും ഭൂമിയിലേക്ക്‌ അയക്കപ്പെട്ട മനുഷ്യന്‍ യഥാര്‍‌ഥ തറവാട്ടിലേക്ക്‌ തിരിച്ചു ചെല്ലാന്‍ ലക്ഷ്യം വെച്ച്‌ ഈ ഭൂമിയിലെ പരീക്ഷണങ്ങളെ നേരിടണം.പ്രവാചകന്മാരുടെ കാല ശേഷം തന്നില്‍ അര്‍‌പ്പിതമായ പ്രബോധന ദൗത്യം കര്‍‌മ്മം കൊണ്ടും ധര്‍‌മ്മം കൊണ്ടും നിര്‍‌വഹിക്കണം.യഥാര്‍‌ഥ പ്രബോധന ദൗത്യം നിര്‍‌വഹിക്കാന്‍ കണ്ണിമുറിയാത്ത പ്രവാച പാഠപഠന കഥകളില്‍ കൃത്യമായ അവബോധമുണ്ടായിരിക്കണം.എങ്കില്‍ മാത്രമേ സമയാസമയങ്ങളില്‍ പ്രവാചകന്മാര്‍ വിശദീകരിച്ചതു പോലെ വശ്യമായ ഭാഷയിലും ശൈലിയിലും  ദൗത്യം നിര്‍‌വഹിക്കാന്‍ സാധിക്കുകയുള്ളൂ.

ഓരോ സമൂഹത്തിനും എളുപ്പത്തില്‍ ഗ്രഹിക്കാന്‍ കഴിയും വിധത്തിലായിരുന്നു പ്രവാചകനമാര്‍ നിയോഗിക്കപ്പെട്ടത്.

وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا بِلِسَانِ قَوْمِهِ لِيُبَيِّنَ لَهُمْۖ فَيُضِلُّ اللَّهُ مَن يَشَاءُ وَيَهْدِي مَن يَشَاءُۚ وَهُوَ الْعَزِيزُ الْحَكِيمُ 

'നാം മനുഷ്യര്‍ക്ക് സന്ദേശം നല്‍കുന്നതിനായി അയച്ച ഏതു ദൈവദൂതനും സ്വജനത്തിന്റെ ഭാഷയില്‍ത്തന്നെയാണ് അവരോട് സംസാരിച്ചിട്ടുള്ളത്. അദ്ദേഹം അവരെ കാര്യങ്ങള്‍ സുവ്യക്തമായി ഗ്രഹിപ്പിക്കേണ്ടതിനാണിത്'(ഇബ്രാഹീം 4 )  

 പ്രബോധനം ഒരു ആചാര രീതിയൊ ചടങ്ങൊ അല്ല.പ്രബോധകന്റെ ഭാഷയും ആകര്‍‌ഷകമായ ശൈലിയും കഥാ കഥനങ്ങള്‍‌‌ക്ക്‌ പ്രാപ്‌തമായ ചരിത്രാവബോധവും വിജ്ഞാനവും  എല്ലാം ഒരു ലക്ഷ്യ ബോധമുള്ള ഉത്തരവാദിത്ത ബോധമുള്ള പ്രബോധകനില്‍ ഉണ്ടായിരിക്കണം.തന്റെ ദൗത്യ നിര്‍‌വഹണത്തിന്‌ കളമൊരുക്കാന്‍ സന്നദ്ധമായ വ്യവസ്ഥാപിതമായ ഒരു കണ്ണിയില്‍ പ്രബോധകന്‍ അണി ചേരുക എന്നതും കാലത്തിന്റെ തേട്ടമത്രെ.

വിശ്വാസിയുടെ ഉത്തരവാദിത്ത നിര്‍‌വഹണത്തെ കുറിച്ചുള്ള ഓര്‍‌മ്മപ്പെടുത്തലുകള്‍‌ക്കൊപ്പം പുറം തിരിഞ്ഞു നില്‍‌ക്കുന്ന അന്ധരും ബധിരരും മൂകരുമായ ഒരു സമൂഹത്തെ കുറിച്ചും ഖുര്‍‌ആന്‍ പറഞ്ഞു തരുന്നുണ്ട്‌.

 أَمْ تَحْسَبُ أَنَّ أَكْثَرَهُمْ يَسْمَعُونَ أَوْ يَعْقِلُونَۚ إِنْ هُمْ إِلَّا كَالْأَنْعَامِۖ بَلْ هُمْ أَضَلُّ سَبِيلً

അവരിലധികമാളുകളും കേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നുണ്ടെന്ന് കരുതുന്നുവോ? അവരോ, വെറും കാലികളെപ്പോലെയാകുന്നു. അല്ല; അവയെക്കാളേറെ വഴിതെറ്റിയവരാകുന്നു.(ഫുര്‍‌ഖാന്‍ 44) എന്ന ഖുര്‍‌ആനിക നിരീക്ഷണത്തെ ഗൗരവ പൂര്‍‌വ്വം വായിച്ച് മണ്ണിനോടും മനുഷ്യനോടുമുള്ള വിശ്വാസിയുടെ പ്രതിബദ്ധതയെ ഓര്‍‌ത്തു കൊണ്ടും ഓര്‍‌മ്മിപ്പിച്ചു കൊണ്ടും സദാ ജാഗ്രതയിലാകേണ്ടവരത്രെ പ്രബോധകര്‍.

വ്രത വിശുദ്ധിയുടെ ദിനരാത്രങ്ങള്‍ സജീവമാക്കി പുതിയ മനുഷ്യനായി ജനിക്കാന്‍ ഈ സം‌സ്‌‌ക്കരണകാലം പ്രയോജനപ്പെടുമാറാകട്ടെ.

Friday, March 25, 2022

ചെകുത്താന്മാര്‍‌ക്കും കടലിന്നുമിടയില്‍ ഒരു സമൂഹം

പ്രവാചക പ്രഭു ഒരു മരത്തണലില്‍ വിശ്രമിക്കുകയായിരുന്നു.അതു വഴി എത്തിയ ജൂതന്‍ തിരുമേനിയുടെ അരയില്‍ നിന്നും ആയുധം ഊരിയെടുത്ത് കൊണ്ട്‌ ചോദിച്ചു.ആരാണ്‌ ഈ അവസരത്തില്‍ താങ്കളെ രക്ഷിക്കാനുള്ളത്..? "അല്ലാഹു.." നിസ്സങ്കോചം പ്രവാചകന്‍ പ്രതികരിച്ചു.പ്രവാചകന്റെ പ്രത്യുത്തരത്തില്‍ ചകിതനായ ശത്രുവിന്റെ കയ്യില്‍ നിന്നും ആയുധം ഊര്‍‌ന്നു വീണു. ആയുധം വീണ്ടെടുത്ത് തിരുമേനി തിരിച്ചൊന്ന്‌  ചോദിച്ചപ്പോള്‍ പേടിച്ചരണ്ടു പോയ ശത്രുവിനെക്കുറിച്ച് ചരിത്രത്തില്‍ വായിച്ചു പോയിട്ടുണ്ട്‌.ഇത് നൂറ്റാണ്ടുകള്‍‌ക്ക്‌ മുമ്പുള്ള കഥ.എന്നാല്‍ ആധുനിക കാലത്തും ഇത്തരം മുഹൂര്‍‌ത്തങ്ങള്‍ ജനിക്കുന്നുണ്ട്‌. ഇനിയും ജനിച്ചു കൊണ്ടേയിരിയ്‌ക്കും.

കലാലയമുറ്റത്തേക്ക്‌ കടന്നു വന്ന ഒരു യുവതിയെ ഫാഷിസ്‌റ്റ് കാപാലിക വൃന്ദം കലാപക്കൊടിയുമായി വളഞ്ഞു നിന്ന സാഹചര്യം വളരെ സ്വാഭാവികമായി അല്ലാഹു അക്‌ബര്‍ എന്നു പ്രഘോഷിച്ചപ്പോള്‍,ഫാഷിസ്റ്റ് ഭാഷയിലെ പുലിക്കുട്ടികള്‍ പൂച്ചക്കുട്ടികളെപ്പോലെ ചമ്മിപ്പോയതിന്‌ ലോക മാധ്യമങ്ങള്‍ സാക്ഷി.

വര്‍‌ത്തമാന കാലത്ത് ഈ പ്രതികരണം അതിലെ തക്‌ബീര്‍ മുഴക്കം, അടിച്ചമര്‍‌ത്തപ്പെടുന്നവരുടെ വിമോചന മന്ത്രമായി രൂപാന്തരം പ്രാപിച്ചു എന്നതാണ്‌ യാഥാര്‍‌ഥ്യം. അല്ലാഹുവിനെ മാത്രം സാഷ്‌‌ടാം‌ഗം നമിക്കുന്നവര്‍‌ക്ക്‌ മാറ്റാരുടെ മുന്നിലും തലകുനിക്കേണ്ടതില്ല.ഒരു ശക്തിയെ മാത്രം ഭയപ്പെട്ട്‌ ജീവിക്കുന്നവര്‍.മറ്റാരെയും ഭയപ്പെടേണ്ടതുമില്ല എന്ന ലളിതമായ സത്യം ഇവിടെ പ്രകാശിച്ച് നില്‍‌ക്കുന്നുണ്ട്‌.വിശ്വാസികള്‍ പ്രത്യേകിച്ചും ഈ പരമാര്‍‌ഥം പഠിക്കാതെ പോകരുത്.അല്ലാഹുവാണ്‌ അത്യുന്നതന്‍ എന്ന്‌ പ്രഖ്യാപിക്കുന്നതിലൂടെ മറ്റെല്ലാം അപ്രസക്തമാകും.ഈ പ്രഘോഷണം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ കുലദൈവത്തെ കുറിച്ചല്ല മറിച്ച് ലോകത്തിന്റെ സാക്ഷാല്‍ ദൈവത്തെക്കുറിച്ചാണെന്ന്‌ മനസ്സിലാക്കി കൊടുക്കാന്‍ വിശ്വാസികള്‍‌ക്ക്‌ സാധിക്കണം.

ഈ പശ്ചാത്തലത്തില്‍ സ്വാര്‍‌ഥം‌ഭരികളായ 'ദേശീയമുസ്‌ലിം പ്രായോജകര്‍‌' ആരാഞ്ഞ്‌ കൊണ്ടിരിക്കുന്നത്  ഒരുവിശ്വാസിനി ആത്മരക്ഷാര്‍‌ഥം തക്‌ബീര്‍ മുഴക്കിയതിലെ കര്‍‌മ്മശാസ്‌ത്ര വിധി എന്തായിരിക്കും എന്നതാണ്‌.ഇതു തന്നെയായിരിക്കാം വര്‍‌ത്തമാന വിശ്വാസിലോകം നേരിടുന്ന വലിയ വെല്ലുവിളികളില്‍ അതിസങ്കീര്‍‌ണ്ണവും സങ്കടകരവുമായ കാര്യവും.

നേതാകളെക്കാള്‍ പക്വതയുള്ള അനുയായികള്‍ വളര്‍‌ന്നു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം പൊയ്‌വെടികളും പൊയ്‌മുഖങ്ങളും ചരിത്രത്തിന്റെ ചവറ്റുകൊട്ടകള്‍ പോലും ഏറ്റുവാങ്ങാത്ത കാലം വിദൂരമല്ല.

അധികാര രാഷ്‌ട്രീയത്തിന്റെ താല്‍‌ക്കാലികതകളില്‍ മേയുന്ന മസില്‍ പ്രഭുക്കന്മാരായ കപട വിപ്‌ളവ സാധുക്കള്‍ ഈ ബുദ്ധിയുടെ ദര്‍‌ശനത്തിന്റെ മുന്നില്‍ അന്ധരാണ്‌ - ബധിരരാണ്‌ - ഹൃദയം കെട്ടവരാണ്‌. ആശയ ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ പെട്ട്‌ നട്ടം തിരിയുന്ന ഗതികെട്ട ഇക്കൂട്ടരോട്‌ പറയുന്നതും പറയാതിരിക്കുന്നതും സമമാണ്‌.നമുക്ക്‌ വായിക്കാനാഹ്വാനം ചെയ്യാം ഒപ്പം തൂലികക്ക്‌ മൂര്‍‌ച്ച കൂട്ടികൊണ്ടേയിരിയ്‌ക്കാം.

ഇസ്‌‌ലാമിക പ്രസ്ഥാനത്തിന്റെ മാതൃകാ പരമായ സേവന സാന്ത്വന ശിക്ഷണ സ്ഥാപനങ്ങളും ആരാധനാലയങ്ങളും പഠനമനന വൈജ്ഞാനിക കേന്ദ്രങ്ങളും രാജ്യത്തെ സാം‌സ്‌ക്കാരിക പരിസരത്തെ ഉണര്‍‌ത്തുന്നതിലും വളര്‍‌ത്തുന്നതിലും ഉത്തേജിപ്പിക്കുന്നതിലും അതി സര്‍‌ഗാത്മകമായ പങ്കുവഹിക്കുന്നുണ്ട്‌.

വിശ്വാസികള്‍‌ക്കും അവിശ്വാസികള്‍‌ക്കും നിഷേധികള്‍‌ക്കും നിരീശ്വരവാദികള്‍‌ക്കും എല്ലാം പഠിക്കാനും മനസ്സിലാക്കാനും സാധിക്കും വിധം ഇസ്‌‌ലാമിക ദര്‍‌ശനത്തെ പൂര്‍‌ണ്ണാര്‍‌ഥത്തില്‍ പ്രസരിപ്പിക്കുന്നതിലും പ്രായോഗികമായി പ്രതിഫലിപ്പിക്കുന്നതിലും പ്രസ്ഥാനം ഇനിയും ബഹുദൂരം കഠിനാധ്വാനം ചെയ്യേണ്ടി വരും.

പ്രബുദ്ധമായ ചിന്താ സരണിയിലൂടെ ആരോഗ്യമുള്ള മനസ്സും മസ്‌തിഷ്‌‌കവുമുള്ള അതിലുപരി മാനവിക മാനുഷികതയെ താലോലിക്കുന്ന സമാധാനത്തിന്റെ പാലകരും സേവകരുമായ ഒരു മാതൃകാ സമൂഹത്തെ വാര്‍‌ത്തെടുക്കുക എന്ന ഇസ്‌‌ലാമികമായ കാഴ്‌‌ചപ്പാട്‌ പോലും തിരിയാത്ത അത്യാധുനിക മുല്ലമാര്‍ വിശ്വാസി സമൂഹത്തില്‍ ഏല്‍‌പിക്കുന്ന പരിക്കുകള്‍ പരിഹരിക്കുന്നതിലും കൂടുതല്‍ ജാഗ്രത പുലര്‍‌ത്തേണ്ട കാലത്തേക്കാണ്‌ നാം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.

രാജ്യദ്രോഹപരമായ പ്രവര്‍‌ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും,ആരും  രാജ്യ സ്‌നേഹം പഠിപ്പിക്കേണ്ടതില്ല എന്ന്‌ ശാഠ്യം പിടിക്കുകയും ചെയ്യുന്ന ഫാഷിസം ഒരു വശത്ത് ! ജനാധിപത്യ വിരുദ്ധ നടപടികളും അക്രമ രാഷ്‌ട്രീയവും പൊടിപൊടിപ്പിക്കുകയും,എന്നാല്‍ ആരും ജനാധിപത്യം പഠിപ്പിക്കേണ്ട എന്ന്‌ ആവര്‍‌ത്തിക്കുകയും ചെയ്യുന്ന ചുടു ചോരക്കൊടിയുടമകള്‍ മറ്റൊരു വശത്ത് ! അരാജകത്വ പ്രവണതകളിലേയ്‌ക്കുള്ള രണ്ട്‌ പക്ഷങ്ങള്‍.ഈ ഇരട്ടകളോട്‌ സമദൂരം പ്രാപിച്ച് കണ്ണടച്ചിരുട്ടാക്കുന്ന മേലാപ്പും മേലങ്കിയുമണിഞ്ഞവര്‍ മറ്റൊരു വശത്തും.ഇവിടെ ചെകുത്താന്മാര്‍‌ക്കും കടലിന്നുമിടയിലാണ്‌ വിശ്വാസി സമൂഹം.

ഉന്നത നിലവാരത്തിലുള്ള ആശയ സം‌വാദം നടത്തുന്നവര്‍. അതിരുവിടാത്ത സമര മുറകള്‍ സ്വീകരിക്കുന്നവര്‍,സാം‌സ്‌കാരികമായ നിലവാരമുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കുന്നവര്‍,സാന്ത്വനത്തിന്റെ തൂവല്‍ സ്‌പര്‍‌ശവുമായി ജനസേവന മാതൃക കാണിക്കുന്നവര്‍,സന്നദ്ധ പാതയില്‍ നിതാന്ത ജാഗ്രത പുലര്‍‌ത്തുന്നവര്‍,അടിസ്ഥാന വര്‍‌ഗ്ഗങ്ങള്‍‌ക്ക്‌ വേണ്ടിയും അതിരു വല്‍‌ക്കരിക്കപ്പെട്ടവര്‍‌ക്ക്‌ വേണ്ടിയും ഒച്ച വെക്കുന്നവര്‍, അടിച്ചമര്‍‌ത്തപ്പെടുന്നവരുടെ അവകാശങ്ങള്‍‌ക്ക്‌ വേണ്ടി നിരന്തരം പോരടിക്കുന്നവര്‍,രാജ്യ താല്‍‌പര്യത്തിനായി എന്തും സഹിക്കാനും ത്യജിക്കാനും മനസ്സാന്നിധ്യമുള്ളവര്‍.ഇവരാണത്രെ കപട രാഷ്‌ട്രീയ നേതൃത്വങ്ങളുടെ വിചാരങ്ങളിലും അവരുടെ ദിശാ സൂചികയുടെ നിഴല്‍ പറ്റിയ പൗരോഹിത്യ  വൃന്ദത്തിന്റെ കാഴ്‌ചപ്പാടുകളിലും ജനാധിപത്യവിരുദ്ധരും തീവ്ര വാദികളും ഭീകരവാദികളും. സമര്‍‌ഥരായ മോഷ്‌ടാക്കള്‍ മോഷ്‌ടിക്കപ്പെട്ടവരെ നോക്കി കൂകി വിളിച്ച്‌ രക്ഷപ്പെടും പോലെ.
---------------
അസീസ് മഞ്ഞിയില്‍

Monday, August 30, 2021

പ്രതിരോധ ചിന്തകള്‍

ആരോഗ്യവും ആരോഗ്യകരമായ സമീപനങ്ങൾ പോലും നഷ്‌‌ടപ്പെടുന്ന കാലത്ത് ചില ആയുർവേദ ആരോഗ്യ പ്രതിരോധ ചിന്തകൾ പ്രകാശിപ്പിക്കുന്നു.ആയുർവേദ കുടുംബത്തിലെ കാരണവർ പാരമ്പര്യ ആയുർവേദ ഭിഷഗ്വരൻ മുഈനുദ്ദീൻ വൈദ്യർ പങ്കിട്ട അറിവുകളും ഇതര പാരമ്പര്യ വിജ്ഞാന ശാഖകളുമാണ് ഈ വിശദികരണത്തിന്‌ ആധാരം.

വര്‍‌ത്തമാന കാലത്ത്‌ പൊട്ടിപ്പുറപ്പെട്ട കൊറോണ തുടങ്ങിയ രോഗാണു ബാധയെ ചെറുക്കാനുള്ള പ്രതിരോധത്തെ കുറിച്ചാണ്‌ പറയുന്നത്‌ പ്രതിവിധിയെ കുറിച്ചല്ല.

വിവിധങ്ങളായ രോഗാണു ബാധകള്‍ വര്‍ത്തമാന കാലത്ത്‌ ജന ജീവിതം പോലും സ്‌തം‌ഭിപ്പിക്കും വിധം ഭീതിതമാണ്‌.ഇത്തരം മാരകവും അപൂര്‍‌വ്വമുമായ അണുബാധകള്‍‌ക്കെതിരെ ക്ലിപ്‌തവും വ്യക്തവുമായ പ്രതിവിധികള്‍ പൂര്‍‌ണ്ണമായ രീതിയില്‍ വികസിപ്പിച്ചെടുക്കാന്‍ ആധുനിക ശാസ്‌ത്ര ലോകത്തിന്‌ സാധിച്ചിട്ടില്ല എന്നത്‌ യാഥാര്‍‌ഥ്യമാണ്‌.പരമ്പരാഗത ആയുര്‍‌വേദ ശാസ്‌ത്രങ്ങളിലായാലും ഇതര വൈദ്യ ശാസ്‌ത്രങ്ങളിലായാലും ഇതു തന്നെയാണ്‌ സ്ഥിതി.

ഭക്ഷ്യ വിഷാംശങ്ങള്‍ക്കെതിരായും ബാക്‌ടീരയകളെ പ്രതിരോധിക്കാനും  (ഹരിദ്ര) മഞ്ഞളിന്‌ കഴിഞ്ഞേക്കും.ഭക്ഷണത്തിലെ വിഷാംശങ്ങളെ നിര്‍വീര്യമാക്കി ശരീരത്തെ സംരക്ഷിക്കുന്നതില്‍ മഞ്ഞള്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്‌.

ഓരോ രാജ്യത്തേയും പരമ്പരാഗത ഭക്ഷണ ക്രമങ്ങള്‍ പരിശോധിച്ചാല്‍ അതിലൊക്കെ അതതു പ്രദേശത്തുകാരുടെ ആരോഗ്യ പ്രതിരോധത്തെ ത്വരിതപ്പെടുത്താനും ശക്തിപ്പെടുത്താനും ഉതകുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നു കാണാം.രാജ്യത്തെ ഔഷധ വീര്യമുള്ള തേനും  സുഗന്ധ വ്യഞ്‌‌ജനങ്ങളും ആരോഗ്യ സം‌രക്ഷണത്തില്‍ വഹിക്കുന്ന പങ്ക്‌ വിലപ്പെട്ടതത്രെ.

ഹരിദ്ര ഒരു സുഗന്ധ വ്യഞ്‌ജനമാണ് ഇഞ്ചി വര്‍ഗ്ഗത്തില്‍പെട്ട ഹരിദ്ര അഥവാ മഞ്ഞൾ.ഇത് ഒരു പ്രധാന ആയുർവേദ സസ്യമാണ്. ശ്വാസകോശ സംബന്ധമായ അണു ബാധകൾ,വീക്കം,മുറിവുകൾ എന്നിവയ്‌ക്ക്‌ മഞ്ഞള്‍ ഫല പ്രദമായി ഉപയോഗിച്ചു വരുന്നു.ഇതില്‍ അടങ്ങിയിട്ടുള്ള കുര്‍ക്കുമിണ്‍ എന്ന പദാര്‍ഥത്തിന് മാരകമായ രോഗാണുക്കളെ പ്രതിരോധിക്കാന്‍ കഴിവുണ്ട്. വളരെ വൈകിയാണ് മഞ്ഞളിന്റെ പ്രതിരോധ ശേഷി ആധുനിക ശാസ്‌‌ത്രം തിരിച്ചറിഞ്ഞത്.

മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കും.രോഗാണുക്കളുണ്ടാക്കുന്ന വിഷാംശങ്ങളെ നിര്‍ വീര്യമാക്കാന്‍ സഹായിക്കും. വീട്ടില്‍ തന്നെ പൊടിച്ചെടുത്ത മഞ്ഞള്‍പൊടി കറികളില്‍ ചേര്‍ക്കുകയോ, കാല്‍ ഗ്‌ളാസ്സ്‌ വെളളത്തില്‍ ഒരു ടീസ്‌‌പൂണ്‍  ദിവസത്തിലൊരു നേരമെങ്കിലും കഴിക്കുകയൊ ചെയ്‌താല്‍ ഒരു പരിധിവരെ രോഗാണുക്കള്‍ നിര്‍വീര്യമാകും.ഇഞ്ചിനീരും ചെറുനാരങ്ങാ നീരും സമം ചേര്‍ത്ത് ആഹാരത്തിന് ശേഷം രണ്ട് ടേബിള്‍ സ്‌‌പൂണ്‍ വീതം കഴിക്കുന്നതും ഗുണം ചെയ്യും.മഞ്ഞള്‍, ചുക്ക് എന്നിവ ചേര്‍ത്തുണ്ടാക്കിയ രജന്യാദി ചൂര്‍ണ്ണം, ഹരിദ്രഖണ്ഡം എന്നിവയും അശ്വഗന്ധ ചൂര്‍ണ്ണം, ത്രിഫല ചൂര്‍ണ്ണം തുടങ്ങിയ ഔഷധങ്ങളും ഫലപ്രദമാണ്‌.

ബാക്‌ടീരിയ വളര്‍ച്ചയെ തടയുന്നതിനും അവയുണ്ടാക്കുന്ന വിഷാംശങ്ങളെ നിര്‍വീര്യമാക്കുന്നതിനും വിറ്റാമിന്‍ 'സി'ക്ക് കഴിയും. നെല്ലിക്കയില്‍ വിറ്റാമിന്‍ 'സി' ധാരാളമുണ്ട്.നെല്ലിക്കാ നീര് വെളളവും ചേര്‍ത്ത് ഭക്ഷണത്തിന്റെ കൂടെ കഴിക്കുന്നതും  പ്രതിരോധത്തിന് സഹായകമാണ്. അതു പോലെ പോഷകങ്ങളുടെ കലവറയാണ് ചെറുതേന്‍.അനവധി രോഗങ്ങള്‍ക്കുള്ള പ്രതിവിധിയും പ്രതിരോധവുമാണ്‌. ആരോഗ്യ സംരക്ഷണത്തിനും രോഗ പ്രതിരോധത്തിനും അത്യുത്തമമത്രെ.

ലോകമെമ്പാടും വികസിത രാജ്യങ്ങളില്‍ പോലും അതി ശീഘ്രം പടര്‍‌ന്നു കൊണ്ടിരിക്കുന്ന കോവിഡ്‌ രോഗാണുക്കള്‍ പ്രാരം‌ഭ ഘട്ടത്തില്‍ നമ്മുടെ രാജ്യത്ത്‌ താരതമ്യേന കുറവായിരുന്നു.അതിന്റെ പ്രധാന കാരണങ്ങള്‍, രാജ്യത്തെ കാലാവസ്ഥയും പൂര്‍‌ണ്ണമായും അസ്‌തമിച്ചിട്ടില്ലാത്ത നമ്മുടെ ഭക്ഷണ ക്രമവും, ഒപ്പം കേന്ദ്ര സം‌സ്‌ഥാന ആരോഗ്യ മന്ത്രാലയങ്ങളുടെ സമയോചിതമായ ക്രമീകരണങ്ങളുമാണെന്നു വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ അമിത വിശ്വാസവും അശാസ്‌ത്രീയമായ ഉദ്യോഗസ്ഥ മേധാവിത്വ നിയന്ത്രണങ്ങളുടെ കെട്ടു കാഴ്‌ചകളും,ജനങ്ങളിലുണ്ടാക്കിയ നീരസവും അതൃ‌പ്‌തിയും എല്ലാം തകിടം മറിക്കുകയായിരുന്നു.

മാരകമായ  രോഗാണു ബാധയുടെ അതിപ്രസര കാലത്ത് പരമ്പരാഗത പ്രതിരോധ ഘടകങ്ങളും സം‌വിധാനങ്ങളും അടുത്തറിയാനും ഫലപ്രദമായി ഉപയോഗപ്പെടുത്താനും നമുക്ക്‌ സാധികണം.ശുചിത്വം വാക്കുകളില്‍ ഒതുങ്ങാതെയും ഒതുക്കാതെയും കണിശമായി പാലികുന്നതില്‍ നിര്‍‌ബന്ധബുദ്ധി ഉണ്ടാവേണ്ടതും കാലഘട്ടത്തിന്റെ തേട്ടമത്രെ.

അസീസ്‌ മഞ്ഞിയില്‍

സ്രോതസ്സ്‌:-
(1) മുഈനുദ്ദീന്‍ വൈദ്യര്‍ തൊയക്കാവ്‌
(2) പാരമ്പര്യ ആയുര്‍‌വേദ വിധികള്‍


Monday, July 5, 2021

ആസ്വദിച്ചു തീരാത്ത ബാല്യകാലസഖി

ബഷീര്‍ കൃതികളുടെ ആസ്വാദനം എന്നതിനെക്കാള്‍ ബഷീര്‍ എന്ന ഇമ്മിണിബല്യേ ഒന്നിനെ തന്നെയാണ്‌ യഥാര്‍‌ഥത്തില്‍ ആസ്വദിക്കേണ്ടത്. ബഷീറിന്റെ ബാല്യകാല സഖി ഓരോ വായനക്കരന്റെയും സഖിയാണ്‌.കാളിദാസൻ മരിച്ചു, കണ്വമാമുനി മരിച്ചു,അനസൂയ മരിച്ചു,പ്രിയംവദ മരിച്ചു,ശകുന്തള മാത്രം മരിച്ചില്ല എന്ന വയലാറിന്റെ വരികളിലെ കാല്‍‌പനികത പോലെയാണ്‌ ബഷീര്‍ കഥാപാത്രങ്ങളുടെ കഥയും.

എഴുത്തുകാരനും,ചുറ്റും കൂടിയവരും, വിമര്‍‌ശകരും, ആസ്വാദകരും ഒക്കെ മരിച്ചു പോയിരിക്കുന്നു.പക്ഷെ ബഷീറിന്റെ കഥാപാത്രങ്ങള്‍ ആരും തന്നെ മരിച്ചിട്ടില്ല-മരിക്കുകയും ഇല്ല.

ഭാഷാ പ്രയോഗങ്ങളിലെ വ്യാകരണ ധര്‍‌മ്മങ്ങളെക്കാള്‍ തന്റെ വിഭാവനയിലെ കഥാ തന്തുവിലെ മര്‍‌മ്മങ്ങളായിരുന്നു ബഷീറിന്‌ പഥ്യം.അക്ഷരങ്ങള്‍‌ക്കും അതിന്റെ സ്വര ഭേദങ്ങള്‍‌ക്കും അതിലൂടെ വിരിയുന്ന ആശയങ്ങള്‍‌ക്കും ആസ്വാദനങ്ങള്‍‌ക്കും ചിട്ടപ്പെടുത്തപ്പെട്ട കൃത്രിമ നിയമ സം‌ഹിതയില്‍ ബഷീര്‍ വിശ്വസിച്ചിരുന്നില്ല. ഭാഷാ വ്യാകരണ മുറകളുടെ കെട്ടുകാഴ്‌ചകളുടെ അതിരുകളില്‍ ഭാവനയെ ഒതുക്കുകയായിരുന്നില്ല.മറിച്ച്‌ തനിക്ക്‌ ചുറ്റുമുള്ള കാഴ്‌ചകള്‍ അനുഭവിച്ചറിഞ്ഞ പരിവേഷത്തോടെ അപ്പടി പകര്‍‌ത്തുക എന്നതായിരുന്നു ബഷീര്‍ എന്ന മഹാനായ എഴുത്തുകാരന്റെ ശീലും ശൈലിയും.

സങ്കല്‍‌പങ്ങള്‍‌ക്ക്‌ വേണ്ടി - തത്വ ജ്ഞാനങ്ങള്‍‌ക്ക്‌ വേണ്ടി ഒന്നും ഈ നിസ്വാര്‍‌ഥനായ എഴുത്തുകാരന്‍  പ്രയാസപ്പെടുന്നില്ല.‌അകൃത്രിമങ്ങളായ ജിവിതാനുഭവങ്ങളുടെ ഏറ്റവും പച്ചയായ ഭാവമാണ് പ്രതീക്ഷയാണ്‌‌ അദ്ദേഹത്തിന്റെ കാല്‍‌പനികതകളുടെ ലോകം.പൊതു നിരീക്ഷണത്തില്‍ വിവരമില്ലായ്‌മയില്‍ നിന്നെന്നപോലെ നിര്‍ഗളിക്കാവുന്ന സ്വാഭാവികതകളാണ്‌ ബഷീറിന്റെ ദാര്‍‌ശനികതകളുടെ ലോകം.

ഒന്നും ഒന്നും കൂട്ടിയാല്‍ ഇമ്മിണി ബല്യേ ഒന്ന്‌ എന്നത്‌ കണക്ക് അറിയാത്ത മജീദിന്റെ നിഷ്‌കളങ്കതയെയാണ്‌ സൂചിപ്പിക്കുന്നത്.ഒപ്പം കണക്ക്‌ അറിയുന്നവര്‍‌ക്ക്‌ പുതിയ ഒരു ദാര്‍‌ശനിക പാഠവും.എന്നാല്‍ വിജ്ഞാനത്തിന്റെ കുത്തകക്കാര്‍‌ ഇതൊന്നും വകവെച്ചു നല്‍‌കിക്കൊള്ളണമെന്നില്ല.

രണ്ട്‌ പുഴകള്‍ സം‌ഗമിച്ച് വീണ്ടും ഒന്നായി ഒഴുകുന്നതില്‍ നിന്ന്‌ മജീദ്‌ ഉള്‍‌കൊള്ളുന്ന ബല്യേ ഒന്ന്‌ എന്ന യാഥര്‍‌ഥ്യവും ഒന്നും ഒന്നും കൂട്ടിയാല്‍ രണ്ട്‌ എന്ന ഗണിത ശാസ്‌ത്ര അക്ഷരാര്‍‌ഥ വിവരവും പരസ്‌പരം കലഹിക്കേണ്ട ഒരു സമസ്യയല്ല.ബല്യേ ഒന്ന്‌ എന്നത്‌ പച്ചയായ യാഥാര്‍‌ഥ്യമാണ്‌.രണ്ട്‌ എന്നത്‌ ഭൗതിക ജീവിത സാഹചര്യത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യവും‌. ജീവിതായോധനത്തിന്‌  ഈ പരുക്കന്‍ യാഥാര്‍ഥ്യം വേണ്ടി വരും.എന്നാല്‍ ജിവിതം ഏറെ ഹൃദ്യമായി ആസ്വദിക്കാന്‍ പച്ചയായ യാഥാര്‍‌ഥ്യത്തെ ഉള്‍കൊണ്ടവര്‍‌ക്കേ സാധിക്കുകയുള്ളൂ..

ഉല്‍‌കൃഷ്‌ടവും അല്ലാത്തതും എന്നതിന്‌ പാശ്ചാത്യ പൗരസ്ത്യ‌ വര്‍‌ണ്ണാടിസ്ഥാനങ്ങളില്‍ തീരുമാനിക്കപ്പെടുന്ന അലിഖിത നിയമങ്ങളെ കടപുഴക്കി വീഴ്‌ത്തുന്നതില്‍ നൈപുണ്യമുള്ള മാന്ത്രികനാണ് വൈക്കം മുഹമ്മദ്‌ ബഷീര്‍‌‌.സമൂഹത്തില്‍ വേരോട്ടമുള്ള തിന്മകളുടെ പടര്‍‌പ്പുല്ലുകളെ പിഴുതെറിയാന്‍ കെല്‍പുള്ള സര്‍‌ഗാത്മക തൂലിക കൊണ്ട് മലയാളത്തെ ശുദ്ധീകരിക്കാനും സമ്പന്നമാക്കാനും അശ്രാന്തം പരിശ്രമിച്ച സുല്‍‌ത്താനാണ്‌ ബഷീര്‍.

ജീവിത ഗന്ധിയായ തന്റെ ഇതര കൃതികളെപ്പോലെ മഹത്തരമാണ്‌  ബാല്യകാല സഖിയുടെ ഇതിവൃത്തം.ഇമ്മിണി ബല്യേ ഒന്ന്‌ എന്ന സ്വാഭാവിക ദാര്‍‌ശനികതയെ‌ പ്രതിഷ്‌ഠിച്ചു വെച്ച‌ പച്ച മനുഷ്യരുടെ ലോകവും.

സിനമാ താരം ശ്രീ മമ്മുട്ടി ബഷീറിനെ കുറിച്ച് പറഞ്ഞത് ഒരിക്കല്‍ കൂടെ അടിവരയിട്ടു കൊണ്ട്‌ ചുരുക്കട്ടെ.ഫിലോസഫിയെ സാധാരണക്കാരന്റെ ഭാഷയില്‍ പറഞ്ഞ എഴുത്തുകാരനാണ്‌ വൈക്കം മുഹമ്മദ് ബഷീര്‍.

വകഭേദം വന്ന ചുകപ്പ് സിന്‍‌ഡ്രോം

സ്‌‌റ്റോക് ഹോം സിന്‍‌ഡ്രോം എന്ന പ്രയോഗം ഏറെ പ്രസിദ്ധമാണ്‌.പണ്ട്‌ സ്‌റ്റോക് ഹോമിലേക്ക്‌ പറക്കുകയായിരുന്ന വിമാനം,ആകാശ കൊള്ളക്കാര്‍ റാഞ്ചിയതിനോടനുബന്ധിച്ചുണ്ടായ ഒരു പ്രയോഗമാണിത്.വിമാന റാഞ്ചല്‍ നാടകത്തിന്നിടയില്‍ യാത്രക്കാരുടെ കുഞ്ഞുങ്ങളോട് റാഞ്ചികള്‍ പ്രകടിപ്പിച്ച സ്‌നേഹ പരിലാളനകളില്‍ വിമാനത്തിലുണ്ടായിരുന്ന ചിലര്‍‌ക്ക്‌ അവരോട്‌ പ്രണയം തോന്നിയത്രെ.തങ്ങള്‍ അകപ്പെട്ട ദുരിതം പോലും മറന്ന ഈ പ്രണയിനികളുടെ ഭാവമാറ്റത്തെ  സ്‌റ്റോക്‌ ഹോം സിന്‍‌ഡ്രോം എന്ന പേരില്‍ വിളിക്കപ്പെട്ടു.പില്‍കാലത്ത് ഇത്തരത്തില്‍ സമൂഹത്തിന്‌ ഭീഷണി സൃഷ്‌ടിക്കുന്ന കുപ്രസിദ്ധരായവര്‍ കാണിക്കുന്ന മാനുഷികതയുടെ ചില നേര്‍‌ത്ത സമീപനങ്ങള്‍ പോലും മതിപ്പോടെ നിരീക്ഷിക്കുന്ന ഹതഭാഗ്യരുടെ അവസ്ഥയെ കുറിച്ച് സ്‌റ്റോക് ഹോം സിന്‍‌ഡ്രോം എന്നാണ്‌ വിവക്ഷിച്ചു പോരുന്നത്.

രാജ്യത്തെ ദേശിയ രാഷ്‌ട്രിയത്തില്‍ ഇത്തരത്തിലൊരു സിന്‍‌ഡ്രോം ബാധയെക്കുറിച്ച്‌  സോഷ്യല്‍ മീഡിയകള്‍ വിലയിരുത്തിയിരുന്നു.എന്നാല്‍ സം‌സ്ഥാന രാഷ്‌ട്രീയത്തിലും ഇവ്വിധമൊരു സിന്‍‌ഡ്രോം  ബാധ ഉണ്ടെന്നു പറഞ്ഞാല്‍ നിഷേധിക്കാന്‍ കഴിഞ്ഞെന്നു വരില്ല.

മനസ്സ്‌ വളരാത്ത എന്നാല്‍ മസില്‍ വളര്‍‌ന്ന യുവാക്കളുടെ സം‌ഘം.കൊന്നും കൊലവിളിച്ചും തിന്നും കുടിച്ചും കൂത്താടിയും അരങ്ങ് തിമിര്‍‌ത്താടി അര്‍‌മാദിക്കുന്നവര്‍.വളര്‍‌ന്നു വരുന്നവരുടെയും വളര്‍‌ന്നു വലുതായവരുടെയും  സങ്കേതത്തിലെ ഉറഞ്ഞാട്ടക്കാര്‍.എതിരാളികളുടെ നാവരിയാനും തലയറുക്കാനും ധാര്‍‌ഷ്‌ട്യം കാണിക്കുന്ന ചോരത്തിളപ്പുള്ളവരും ഭയ ലേശമില്ലാതെ ആര്‍‌ത്തുല്ലക്കുന്ന ചോരത്താരകങ്ങളും. അധികാരത്തിലിരിക്കുന്ന രാഷ്‌ട്രീയ കക്ഷിയുടെ അരങ്ങിലും അണിയറയിലുമുള്ള ചാവേര്‍പടയെ കുറിച്ച് വളരെ ലളിതമായ വ്യാഖാനമാണിത്.

ഈ പരാക്രമികളുടെ അധോലോക വിനോദങ്ങള്‍‌ക്കിടയില്‍ അവര്‍ കാണിക്കുന്ന ഒറ്റപ്പെട്ട സേവന പ്രവര്‍‌ത്തനങ്ങള്‍ പൊതു സമൂഹത്തില്‍ പിടിച്ചു നില്‍‌ക്കാനുള്ള പിടിവള്ളികള്‍ മാത്രമാണെന്നു തിരിച്ചറിയാനാകാത്ത  അനുധാവകരുടെ അവസ്ഥയെ ചുകപ്പ്‌ വകഭേദം വന്ന സിന്‍‌ഡ്രോം മാത്രമായി കാണാനേ നിഷ്‌പക്ഷരായവര്‍‌ക്ക്‌ സാധിക്കുകയുള്ളൂ. 

ഒരു രാഷ്‌ട്രീയക്കാരന്റെ ഭാഷ കടമെടുത്തു പറഞ്ഞാല്‍ പകല്‍ പൊതിച്ചോറുമായി വരുന്നവര്‍ തന്നെയാണ്‌ ഇരുട്ടിന്റെ മറവില്‍ തലച്ചോറെടുക്കാന്‍ മുതിരുന്നത് എന്നത് സങ്കടകരം തന്നെയാണ്‌.

രാജ്യത്ത് അതി ഭീകരമായത് അധികാര കേന്ദ്രങ്ങളില്‍ അനര്‍‌ഹരായ വകുപ്പധ്യക്ഷന്മാര്‍ നിയോഗിക്കപ്പെടുന്നു എന്നതത്രെ.പല വകുപ്പുകളിലും പ്രസ്‌തുത വകുപ്പിന്റെ വിചാരണ നേരിടേണ്ട വ്യക്തി തന്നെയായിരിക്കാം വകുപ്പ്‌ തലവന്‍.ഇതു തന്നെയായിരിക്കണം രാജ്യത്തിന്റെ അതി ദയനീയമായ അവസ്ഥ.ഈ അവസ്ഥ മാറണമെങ്കില്‍ വ്യവസ്ഥ മാറണം.വ്യവസ്ഥ മാറണമെങ്കില്‍ ആത്യന്തികമായി സമൂഹം മാറണം.അതിനാല്‍,നന്മയുടെ പ്രസാരണവും തിന്മയുടെ നിരാകരണവും അനസ്യൂതം നടക്കണം.

ഈ പ്രസാരണം ശാന്ത സുന്ദരമാണ്‌,ആകര്‍‌ഷകമാണ്‌ അതിലുപരി വിദ്യാഭ്യാസമുള്ള ചിന്തിക്കുന്ന ജനങ്ങള്‍‌ക്ക്‌ അനുഭൂതിദായകവുമത്രെ.ഈ സമാധാന കാം‌ക്ഷികളുടെ തൂലികയും മീഡിയയും തള്ളിക്കളയേണ്ടവല്ല എന്നു നിരീക്ഷിക്കുന്നവര്‍ ധാരാളമുണ്ട്‌.നിശബ്‌ദമായും അല്ലാതെയും ഈ പ്രസാരണ ദൗത്യത്തെ വിലമതിക്കുന്ന ബുദ്ധി രാക്ഷസന്മാരും ഉണ്ട്‌ എന്നതത്രെ യാഥാര്‍‌ഥ്യം.സാഹചര്യങ്ങളുടെ സമ്മര്‍‌ദ്ധം കൊണ്ടോ മറ്റൊ പൂര്‍‌ണ്ണാര്‍‌ഥത്തില്‍ പ്രത്യക്ഷപ്പെടാത്തവരും ഉണ്ടായിരിക്കാനാണ്‌ സാധ്യത.

ഒരു മാതൃകാ രാഷ്‌ട്രത്തിന്റെ നിര്‍മ്മിതിയുടെ ഭാഗമായി സാമൂഹിക സാം‌സ്‌ക്കാരികമായ ഉണര്‍‌വ്വും ഉന്മേഷവും ശാന്തിയും സമാധാനവും നിലനിര്‍‌ത്തുന്നതിലും പരിപാലിക്കുന്നതിലും ഒക്കെയാണ്‌ മനുഷ്യപ്പറ്റുള്ള ഭരണ സാരിഥികള്‍ ശ്രദ്ധകേന്ദ്രീകരിച്ചു കൊണ്ടിരിക്കുക.ലോകത്തിലെ എല്ലാ അര്‍‌ഥത്തിലും എണ്ണപ്പെട്ട ഒരു മഹാരാജ്യത്തിന്റെ അവസ്ഥയും വ്യവസ്ഥയും; ദൗര്‍‌ഭാഗ്യകരം എന്നു പറയട്ടെ പരിതാപകരം എന്നതിലും അപ്പുറമാണ്‌.ഇത് ദേശീയതലത്തിലായാലും സംസ്ഥാനതലത്തിലായാലും.ദേശിയ തലത്തില്‍ ഈ ദുരിതം ഇരട്ടിയലധികമാണെന്നു മാത്രം.

കേവല പരമത നിന്ദയും വെറുപ്പും വിദ്വേഷവും ക്രൂരതയും മനുഷ്യത്വമില്ലായ്‌മയും മാത്രം കൈമുതലാക്കിയുള്ള ഈ ഉന്മാദ ദേശീയ ജനസം‌ഘം  രാജ്യത്തെ എങ്ങോട്ടാണ്‌ നയിച്ചു കൊണ്ടിരിക്കുന്നത്.

ക്ഷുദ്ര ജീവികള്‍‌ക്കുള്ള വിലപോലും കല്‍‌പ്പിക്കപ്പെടാത്തവിധം പച്ചക്കും പഴുപ്പിച്ചും കൊന്നും കൊലവിളിച്ചും ആര്‍‌ത്തട്ടഹസിക്കുന്ന കാവി ഭീകരതയുടെ വിവിധ തരത്തിലും തലത്തിലുമുള്ള ഗൂഢനീക്കങ്ങള്‍ നിവര്‍‌ത്തികേട്‌ കൊണ്ട്‌ നേരിടാനാകാത്ത സം‌സ്ഥാന രാഷ്‌ട്രീയ സാഹചര്യം ജനം വായിച്ചെടുക്കുന്നുണ്ട്‌.

ഇതോടൊപ്പം ചേര്‍‌ത്തു വായിക്കേണ്ട മറ്റൊരു മഹാ ദുരന്തം, ദേശീയ പട്ടക്കാരന്റെ വെളിപാടാണ്‌.ഈ വേഷം കെട്ടുകാരുടെ  അജണ്ടയില്‍ അധികാര ശീതളിമയിലെ സ്ഥാനമാനങ്ങളും പേരും പെരുമയുമാണ്‌  പ്രഥമപരിഗണനയെന്ന്‌ ബോധം തെളിഞ്ഞവര്‍‌ക്കൊക്കെ അറിയാവുന്ന കാര്യമാണ്‌.ദേശീയ തലത്തിലായാലും പ്രാദേശിക തലത്തിലായാലും ഭൗതികാര്‍‌ഥത്തിലുള്ള ലാഭം മാത്രം ഉന്നം വെക്കുന്നവരെ കുറിച്ച്‌ പറയാതിരിക്കലാണ്‌ ഭേദം.

ഈ കൊച്ചു കേരളത്തില്‍ മഹാമാരിയുടെ മറയില്‍ എന്തൊക്കെയാണ്‌  നടമാടിക്കൊണ്ടിരിക്കുന്നത്.മറു പക്ഷത്തിന്റെ ബലഹീനതകള്‍ കൊണ്ട്‌ അധികാരത്തുടര്‍‌ച്ചയുണ്ടായതില്‍ ഇത്രയൊക്കെ നിഗളിക്കാമോ.? തുടര്‍ ഭരണം സാധ്യമായി എന്നതിന്റെ പേരില്‍ ജനാധിപത്യ വിശ്വാസികള്‍ തിരുവായ്‌ക്ക്‌ എതിര്‍‌വായ് ഇല്ലാത്തവരാകണം എന്നുണ്ടോ..?

സാധാരണക്കാരെ അവഗണിക്കുന്ന ആസൂത്രണങ്ങളും പദ്ധതികളും വിമര്‍‌ശന വിധേയമാക്കപ്പെടുന്നതില്‍ അത്ഭുതം കൂറുന്നത്ര ഇടത് പക്ഷ അസഹിഷ്‌ണുത വര്‍‌ദ്ധിച്ചിരിക്കുന്നു.ഇതിന്റെയൊക്കെ സൂത്രധാരകന്മാര്‍ ഇസ്‌ലാമിക പ്രസ്ഥാനവും അതിന്റെ രാഷ്‌ട്രിയവുമാണെന്ന്‌ അരിശം കൊള്ളുന്ന യുവജന നേതാക്കളുടെ വാക്‌ധോരണിയില്‍ ഇടതുചേരിയുടെ സാമൂഹിക അകലം കൃത്യമായി തിട്ടപ്പെടുത്താനും സാധിക്കുന്നുണ്ട്‌.

തീവ്രവാദത്തിന്റെയും ഭീകര വാദത്തിന്റെയും കള്ളക്കടത്തിന്റെയും സ്വജനപക്ഷപാതിത്വത്തിന്റെയും സകലമാന ജീര്‍‌ണ്ണതകളും പേറുന്ന ഒരു രാഷ്‌ട്രീയ സംവിധാനം കാട്ടിക്കൂട്ടുന്ന ധാര്‍‌ഷ്‌ട്യം നിറഞ്ഞ നിലപാടുകള്‍ സകല സീമകളും കടന്നിരിക്കുന്നു.ദൈവ നിരാസത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സാമൂഹിക ക്രമമാകാമെന്നും.ദൈവത്തെ ഉള്‍‌കൊള്ളുന്ന സം‌സ്‌ക്കാരവും സാമൂഹിക ക്രമവും അപകടകരമാണെന്നും പ്രചരിപ്പിക്കുന്നതിലെ യുക്തി എന്തായിരിക്കും. ദൈവത്തെ അം‌ഗീകരിക്കുന്നവരുടെ സമാധാനപരമായ പ്രവര്‍‌ത്തനങ്ങളില്‍ അണി ചേര്‍‌ന്നവരെ അനഭിമതരായി ഗണിക്കുകയും,ദൈവ നിരാസത്തെ പുല്‍‌കുന്നവരായ കൊടും കുറ്റവാളികളും കൊലപാതകികള്‍ പോലും ആദരിക്കപ്പെടുകയും ചെയ്യുന്നതിലെ വൈരുധ്യം ആര്‍‌ക്കാണ്‌ മനസ്സിലാകാത്തത്.

ലോകത്തിന്‌ ഒരു ശക്തിയുണ്ട്‌ എന്ന്‌ വിശ്വസിക്കുന്നവര്‍‌ക്ക്‌ മതമുണ്ട്‌.ഒരു ശക്തിയും ഇല്ല എന്ന്‌ പ്രഖ്യാപിക്കുന്നവര്‍‌ക്കും മതമുണ്ട്‌.ലോകത്തിനു്‌ ഒരു ശക്തിയുണ്ടെന്നു പറയുകയും എന്നാല്‍ പ്രവാചകന്മാരെയും പരിവ്രാചകന്മാരെയും ആള്‍‌ ദൈവങ്ങളെയും  ദൈവമായി സങ്കല്‍‌പിച്ചും പ്രതിഷ്‌ഠിച്ചും സം‌തൃപ്‌തിയടയുകയും ചെയ്യുന്നവര്‍‌ക്കും മതമുണ്ട്‌.ദൈവാധിഷ്‌ഠിതമൊ അല്ലാത്തതൊ ആയ ദര്‍‌ശനത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടി പരിശ്രമിക്കുന്നവര്‍‌ക്കും പരിശ്രമിക്കാത്തവര്‍‌ക്കും മതമുണ്ട്‌.മതമില്ലാത്ത ആരും ഭൂമുഖത്തില്ല.

തങ്ങളുടെ വിഭാവനകള്‍ വീക്ഷണങ്ങള്‍ അപരന്റെ ചിന്തയില്‍ അടിച്ചേല്‍‌പ്പിക്കുന്ന രീതിയാണ്‌ ഫാഷിസം.ഇതര ദര്‍‌ശനങ്ങളോട് ചിന്താ ധാരകളോട്‌ അസഹിഷ്‌ണുതയോടെ ചിന്തിക്കുകയും പ്രവര്‍‌ത്തിക്കുകയും നീതിയുക്തമായാലും ഇല്ലങ്കിലും തന്റെ സം‌ഘത്തിനു വേണ്ടി നിലകൊള്ളുകയും സ്വജന പക്ഷപാതിത്വത്തില്‍ ഹരം കൊള്ളുകയും ചെയ്യുന്നതുമത്രെ തീവ്ര വാദവും ഭീകര വാദവും.ഒരു വേള രാഷ്‌ട്രീയ മുദ്രയില്‍ അറിയപ്പെടുന്ന അരാഷ്‌ട്രീയ വാദവും.

കൂരാകൂരിരുട്ടത്ത് നിന്നു കൊണ്ട്‌ വെളിച്ചമാണ്‌ എന്നു അക്രോശിക്കുന്നവരും,കൂരിരുട്ടിലേക്ക്‌ ഒരു നെയ്‌തിരിയുമായി കടന്നു വരുന്നവരും സമമാകുകയില്ല.

പകലോന്‍ അതിന്റെ സഞ്ചാര പാതയില്‍ സമയ ക്രമം പോലെ ഉദിച്ചും അസ്‌തമിച്ചും നിര്‍‌ണ്ണിതമായ കര്‍‌മ്മ നിര്‍‌വഹണത്തിലാണ്‌.കാര്‍ മേഘങ്ങള്‍ അവയുടെ ദൗത്യം നിര്‍‌വഹിച്ചു കൊണ്ട്‌ മഴ വര്‍‌ഷിക്കുന്നു.മരങ്ങള്‍ ജീവവായു ഉല്‍‌പാദിപ്പിച്ചു കൊണ്ടിരിക്കുന്നു.സ്വാതന്ത്ര്യം നല്‍‌കപ്പെട്ട മനുഷ്യന്‍ അവന്‌ നല്‍കപ്പെട്ട മാര്‍‌ഗ ദര്‍‌ശനം സ്വീകരിച്ച് സ്വന്തം ജീവിതത്തെ പ്രകാശമാനമാക്കുന്നതോടൊപ്പം ഇരുളടഞ്ഞ ജിവിത പാന്ഥാവിലകപ്പെട്ടവര്‍‌ക്ക്‌ വിളക്കായി വെളിച്ചമായി മാറുകയും ചെയ്യുന്നു.

'കുരുടനും കാഴ്ചയുള്ളവനും തുല്യരല്ല. ഇരുട്ടും വെളിച്ചവും ഒരുപോലെയല്ല. കുളിര്‍ തണലും കൊടും വെയിലും തുല്യമല്ല. ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമന്മാരല്ല'.ഇതത്രെ ഖുര്‍‌ആനിന്റെ പ്രഘോഷണം.

എഴുതുന്നവര്‍ എഴുത്ത് തുടരും മായ്‌ക്കുന്നവര്‍ മായ്‌ച്ചു കൊണ്ടേയിരിയ്‌ക്കും അവര്‍ സ്വയം മാഞ്ഞു പോകുന്നതുവരെ.

അപഹർത്താക്കളെ സ്വയംവരം ചെയ്യാനൊരുങ്ങിയ ഉന്മാദിനികളെക്കാൾ കഷ്‌‌ടമാണത്രെ വകഭേദം വന്ന ചുകപ്പ് സിന്‍‌ഡ്രോം ബാധിച്ചവരുടെ അവസ്ഥ.

Friday, May 21, 2021

ഇടതുപക്ഷത്തിന്‌ രണ്ടാമൂഴം

ഇടത്തു പക്ഷ സര്‍‌ക്കാര്‍ പുതിയ ഭരണ ചക്ര കാലയളവിലേക്ക്‌  അധികാരാരോഹണം നടത്തിയിരിക്കുന്നു.ശ്രീ പിണറായി വിജയന്റെ സാരഥ്യത്തിലെ പുതിയ സര്‍‌ക്കാറിന്‌ അഭിവാദ്യങ്ങള്‍.ചരിത്ര പ്രാധാന്യമുള്ള ഇടതുപക്ഷ മുന്നണി സര്‍‌ക്കാറിന്റെ രണ്ടാമൂഴ മുഹൂര്‍‌ത്തത്തില്‍ ചില ചിന്തകള്‍ പങ്കുവെക്കുകയാണ്‌.

ഇടതുപക്ഷ മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും രാഷ്‌ട്രീയ ബലാബലം നോക്കുന്ന കേരള രാഷ്‌ട്രീയ തെരഞ്ഞെടുപ്പ്‌ ഗോദകള്‍ ഒരു സാധാരണ മലയാളിയുടെ ഉത്സവക്കാലങ്ങളില്‍ ഒന്നാണ്‌ എന്നു വിലയിരുത്താവുന്നത്ര ആസ്വാദ്യകരമാണ്‌.

ഇതില്‍ നിന്നും ഭിന്നമായി ഫാഷിസ്റ്റുകളും ജനാധിപത്യ മുന്നണികളും എന്ന വിധത്തിലുള്ള മത്സരക്കളരികളിലെ പോരും പെരുമ്പറയും മുഴങ്ങുന്ന തെരഞ്ഞെടുപ്പ്‌ മത്സര മൈതാനങ്ങള്‍ ഒരു ശരാശരി മലയാളിയുടെ മനസ്സും മസ്‌തിഷ്‌കവും വേവിക്കുന്നു എന്നതാണ്‌ വാസ്‌തവം.

2021ലെ തെരഞ്ഞെടുപ്പ്‌ കാലം ഫാഷിസത്തെ എല്ലാ അര്‍‌ഥത്തിലും ദുര്‍‌ബലമാക്കുക എന്ന രാഷ്‌ട്രീയ മുദ്രാവാക്യം കേരള ജനതയുടെ വികാരവും വിചാരവുമായി പച്ച പിടിപ്പിച്ചു നിര്‍‌ത്തുന്നതില്‍ ഇരുമുന്നണികളും മുന്നണി സമവാക്യങ്ങളില്‍ പെടാത്തവരും സ്വീകരിച്ച ക്രിയാത്മകമായ നിലപാടുകള്‍ ശ്‌ളാഘനീയമാണ്‌.ഉത്തരവാദപ്പെട്ട മാധ്യമങ്ങളുടെ സക്രിയമായ ഇടപെടലുകളും അഭിനന്ദനാര്‍‌ഹം തന്നെ.

യാത്രക്കാരുടെ ജിവന്‍ പോലും അപകടത്തിലാക്കിയ വിമാനറാഞ്ചികള്‍ വിമാനത്തിലുള്ളവരുടെ കുട്ടികളോട്‌ കാണിക്കുന്ന സ്‌നേഹ വാത്സല്യത്തില്‍ തങ്ങള്‍ അകപ്പെട്ടുപോയ ദുരന്തം പോലും ഒരുവേള മറന്നു പോകുമത്രെ. ഇതിനോട്‌ സമാനമായ സന്ദര്‍‌ഭങ്ങള്‍‌ക്ക്‌ ദുര്‍‌ഘട രാഷ്‌ട്രീയ കാലാവസ്ഥയില്‍ അകപ്പെട്ട നമ്മുടെ മഹാഭാരതവും സാക്ഷിയാകാറുണ്ട്‌.ഇത്തരത്തിലുള്ള മുഹൂര്‍‌ത്തങ്ങളെ സമര്‍‌ഥമായി ചുഷണം ചെയ്യുന്നവരാണ്‌ രാജ്യത്തിന്റെ അധികാരക്കസേരകളില്‍ വാണരുളുന്നവര്‍.പ്രബുദ്ധരായ പൊതു സമൂഹവും രാഷ്‌ട്രീയ ധാരകളും വിശിഷ്യാ മാധ്യമങ്ങളും ഇനിയും ഈ തിരിച്ചറിവ്‌ നേടിയെടുക്കേണ്ടതുണ്ട്‌.അഥവാ സ്‌റ്റോക്‌ഹോം സിന്‍ഡ്രോം ബാധിക്കാതെ നോക്കണമെന്നു സാരം.

===

പിണറായി സര്‍‌ക്കാരിന്റെ കഴിഞ്ഞകാല ഊഴം കേരളീയന്‌ കാര്യമായ വിരോധമുണ്ടാക്കുന്നതൊന്നും സം‌ഭവിച്ചിട്ടില്ലായിരിക്കാം. സര്‍‌ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ഒന്നും തന്നെ ഒരു സാധാരണ പൗരനെ പ്രത്യക്ഷമായൊ പരോക്ഷമായൊ ബാധിക്കുന്നതും ആയിരുന്നില്ല.മാത്രമല്ല ഫാഷിസ്റ്റ് ഭരണകൂട ഏജന്‍‌സികളുടെ പക്ഷപാതപരമായ നടപടികളുടെ പരിണിതിയാണ്‌ ഈ ശരവ്യൂഹങ്ങളെല്ലാം എന്ന് ബോധ്യപ്പെടുത്താന്‍ നിഷ്‌പ്രയാസം സാധിക്കും വിധമുള്ള രാഷ്‌ട്രീയ കാലാവസ്ഥയും ഇടതുപക്ഷത്തിന്‌ തുണയായി എന്നാണ്‌ അനുമാനിക്കപ്പെടുന്നത്.

അഭ്യന്തര വകുപ്പിലെ ഫാഷിസ്റ്റ് സ്വാധീനം,വിദ്യാഭ്യാസ രം‌ഗത്തെയും തൊഴില്‍ മേഖലയിലെയും ക്രമക്കേടുകള്‍, സംവരണ മാനദണ്ഡങ്ങളിലെ ഒളിച്ചു കളികള്‍, ചവിട്ടിമെതിക്കപ്പെട്ട മനുഷ്യാവകാശങ്ങള്‍,സ്‌ത്രീ വിരുദ്ധതയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍,വേദ ഗ്രന്ഥങ്ങളുടെ മറവില്‍ ചെയ്‌ത മാപ്പര്‍‌ഹിക്കാത്ത കുറ്റകൃത്യങ്ങള്‍ തുടങ്ങി മാധ്യമ വിചാരണയില്‍ മുഴങ്ങിയതും തിളങ്ങിയതും എല്ലാമെല്ലാം പ്രളയത്തിലും മഹാമാരിയിലും ഒലിച്ചു പോയി.

പ്രകൃതി ക്ഷോപവും പ്രളയവും കോവിഡ്‌ ദുരന്തവും അതിലുപരി മഹാമാരിയും വിതച്ച പ്രതിസന്ധികള്‍ അതി സമര്‍‌ഥമായി നേരിടാന്‍ കേരളത്തിലെ വിശേഷാല്‍ സാഹചര്യത്തിലൂടെ ഇടതുപക്ഷ സര്‍‌ക്കാറിന്‌ സാധിച്ചിട്ടുണ്ട്‌.ദുരിതങ്ങളില്‍ കയ്മെയ് മറന്നു സേവന നിരതരാകാനുള്ള മലയാളി - വിശിഷ്യാ പ്രവാസി സമൂഹത്തിന്റെ എല്ലാ അര്‍‌ഥത്തിലുള്ള സം‌ഭാവനകളും സഹകരണവും സജീവതയും സര്‍‌ക്കാറിന്‌ തുണയായി. 

കൂടാതെ കേരളത്തിലെ വിശ്വാസി സമൂഹത്തിന്റെ മഹല്ല്‌ കേന്ദ്രീകത സേവന സം‌രം‌ഭങ്ങളും,കേന്ദ്രീകതമായ ഇതര പദ്ധതികളും,രാജ്യവ്യാപകമായ അടുക്കും ചിട്ടയുമുള്ള സന്നദ്ധ സേവന പ്രവര്‍‌ത്തനങ്ങളുടെ ഫലമായുണ്ടായ പുനര്‍‌ നിര്‍‌മ്മാണ പദ്ധതികളും ഒരര്‍‌ഥത്തില്‍ ഭരണകൂടത്തെ സര്‍‌ഗാത്മകമായും ക്രിയാത്മകമായും സഹായിച്ച ഘടകങ്ങളാണ്‌.

പൊതു സമൂഹത്തെ സേവന സന്നദ്ധരാക്കുന്നതില്‍ മാതൃകാപരമായ ദിശാബോധം നല്‍‌കുന്നതിലും പ്രാവര്‍ത്തികമാക്കുന്നതിലും വിശ്വാസി സമൂഹത്തിന്റെ സക്രിയമായ ഇടപെടലുകള്‍ അഭിമാനാര്‍‌ഹമായ ചുവടുവെപ്പുകളായാണ്‌ വിലയിരുത്തപ്പെടുന്നത്.ദുരന്ത ഭൂമികയില്‍ രാഷ്‌ട്രീയ സമവാക്യങ്ങള്‍ക്കപ്പുറം പൊതു സമുഹവും ഇതര സാമൂഹ്യ സാംസ്‌ക്കാരിക രാഷ്‌ട്രീയ സം‌ഘങ്ങളും സര്‍‌ക്കാറിനോടൊപ്പം നടന്നു.ഇത്‌  പ്രബുദ്ധ കേരളം രാജ്യത്തിനും ലോകത്തിനും കാട്ടിക്കൊടുത്ത മഹത്തായ ഒരു സന്ദേശമാണ്‌.

===

രാജ്യത്ത്‌ ഭരണ സംവിധാനം ഫലപ്രദമായ രീതിയില്‍  ചലിപ്പിക്കാനും ഏകോപിപ്പിക്കാനും സമൂഹത്തിന്റെ എല്ലാ ധാരകളിലും കൃത്യമായ തോതില്‍ എത്തിക്കാനും കഴിയും വിധമാണ്‌ തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ ക്രമീകരണം.രാജ്യത്തെ ഗ്രാമങ്ങളെക്കുറിച്ചുള്ള  മഹാത്മാ ഗാന്ധിജിയുടെ വിഭാവനയുടെ നേര്‍‌ത്ത ഭാവം കേരളത്തില്‍ ഉള്ളത്ര കാര്യക്ഷമമായി രാജ്യത്തെ ഇതര സം‌സ്‌ഥാനങ്ങളില്‍ ഉണ്ടായിരിക്കില്ല എന്നാണ്‌ പറയപ്പെടുന്നത്.കേരളം നേരിട്ട ദുരന്ത  മുഖങ്ങളില്‍ തദ്ദേശ സ്വയം ഭരണ തലങ്ങളെ ക്രിയാത്മാക്കുന്നതിലും സജീവമാക്കുന്നതിലും സര്‍‌ക്കാര്‍ കാഴ്‌ചവെച്ച നൈപുണ്യും എടുത്തോതേണ്ടതാണ്‌.

കേരളത്തിലെ ഗ്രാമഗ്രാമങ്ങളെയും പട്ടണ പ്രദേശങ്ങളേയും സാന്ത്വന സേവന സന്നദ്ധ പ്രവര്‍‌ത്തനങ്ങളിലൂടെ സമാശ്വസിപ്പിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വിവിധ തലങ്ങളിലൂടെ ബന്ധിപ്പിക്കുന്നതോടൊപ്പം,ഇടതു പക്ഷ രാഷ്‌ട്രീയ സാന്നിധ്യത്തെ സജീവമാക്കും വിധമുള്ള ക്രമപ്രവൃദ്ധമായ ചിട്ടവട്ടങ്ങള്‍ അതി സമര്‍‌ഥമായി ശക്തിപ്പെടുത്താനും ഇടതു പക്ഷ രാഷ്‌ട്രീയ സം‌വിധാനത്തിന്‌ സാധിച്ചിട്ടുണ്ട്‌.

ലോക്‌ഡൗണ്‍ കാലങ്ങളിലും കണ്ടയിന്‍‌മന്റ്‌ സോണുകളിലും പഞ്ചായത്ത് തലത്തില്‍ രൂപീകരിക്കപ്പെടുന്ന സന്നദ്ധ സേവന പ്രവര്‍‌ത്തകരും അവരെ ഏകോപിപ്പിക്കുന്നവരും എല്ലാം രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കങ്ങളാണ്‌ പലയിടങ്ങളിലും പ്രത്യക്ഷമായും പരോക്ഷമായും നടത്തി കൊണ്ടിരിക്കുന്നത്.ദുരിത കാലത്ത് നിത്യ സമ്പര്‍‌ക്കം പുലത്തിയിരുന്ന പഞ്ചായത്ത് വാര്‍‌ഡ്‌തല പ്രവര്‍‌ത്തകര്‍ തന്നെയായിരുന്നു തെരഞ്ഞെടുപ്പ്‌ കാലത്തെ പ്രചരണ പ്രവര്‍‌ത്തനങ്ങള്‍‌ക്കും നിയോഗിക്കപ്പെട്ടത്.

വരമ്പത്ത് പിടിച്ചു നിര്‍‌ത്തി കൂലിവാങ്ങിച്ചപ്പോള്‍ ഇടതു പക്ഷത്തിന്‌ രണ്ടാമൂഴം കിട്ടിയെന്നും വേണമെങ്കില്‍ പറയാം.

തികച്ചും പ്രതികൂല സാഹചര്യത്തെ തങ്ങള്‍‌ക്കനുകൂലമാക്കി മാറ്റുന്നതില്‍ ഇടതു പക്ഷ രാഷ്‌ട്രീയ സംവിധാനം വിജയിച്ചിട്ടുണ്ട്‌.ഗ്രാസ്സ്റൂട്ട് തലത്തില്‍ ശക്തമായി വേരോട്ടം നടത്താനും സാധിച്ചിട്ടുണ്ട്‌.ഐക്യ ജനാധിപത്യ മുന്നണി ആണ്ട്‌ തോറും നടത്തിവരാറുള്ള തെരഞ്ഞെടുപ്പ്‌ കാല ചടങ്ങ് പോലും കാഴ്‌ചവെക്കാത്ത സാഹചര്യത്തില്‍ ഇനിയും ഒരു തിരിച്ചു വരവ്‌ ആഗ്രഹിക്കുന്നുവെങ്കില്‍ ഇടതു പക്ഷത്തെ അതിജയിക്കാന്‍ അത്യധ്വാനം ചെയ്യേണ്ടി വരും.മേലിളകി പണിയെടുക്കേണ്ടി വരും.

കോണ്‍‌ഗ്രസ്സ് പാര്‍‌ട്ടി പഞ്ചായത്ത് ജില്ലാ സം‌സ്ഥാന തലങ്ങളില്‍ പ്രമാണിമാരും അവരുടെ മക്കളും സ്ഥാനമാനങ്ങള്‍ പങ്കിട്ട്‌ ചുളിവ്‌ മാറാത്ത ഖദറും ഉടുത്ത് പൂമുഖത്തെ ചാരുമഞ്ചങ്ങളില്‍ കിടന്ന്‌ സ്വപ്‌നം കാണുകയാണ്‌.പണ്ടേ ദുര്‍‌ബല ഇപ്പോള്‍ ഗര്‍‌ഭിണിയും എന്ന ചൊല്ല്‌ പോലെ. എല്ലാം കിടന്ന കിടപ്പില്‍.ഓണ്‍ ലൈന്‍ ശരണം.പ്രഭുകുമാരന്മാര്‍‌ക്ക്‌ ഓഫ്‌ ലൈന്‍ അത്ര പഥ്യമല്ലെന്നാണ്‌ ഇടതു ചേരിയുടെ നിരീക്ഷണം.