Friday, May 21, 2021

ഇടതുപക്ഷത്തിന്‌ രണ്ടാമൂഴം

ഇടത്തു പക്ഷ സര്‍‌ക്കാര്‍ പുതിയ ഭരണ ചക്ര കാലയളവിലേക്ക്‌  അധികാരാരോഹണം നടത്തിയിരിക്കുന്നു.ശ്രീ പിണറായി വിജയന്റെ സാരഥ്യത്തിലെ പുതിയ സര്‍‌ക്കാറിന്‌ അഭിവാദ്യങ്ങള്‍.ചരിത്ര പ്രാധാന്യമുള്ള ഇടതുപക്ഷ മുന്നണി സര്‍‌ക്കാറിന്റെ രണ്ടാമൂഴ മുഹൂര്‍‌ത്തത്തില്‍ ചില ചിന്തകള്‍ പങ്കുവെക്കുകയാണ്‌.

ഇടതുപക്ഷ മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും രാഷ്‌ട്രീയ ബലാബലം നോക്കുന്ന കേരള രാഷ്‌ട്രീയ തെരഞ്ഞെടുപ്പ്‌ ഗോദകള്‍ ഒരു സാധാരണ മലയാളിയുടെ ഉത്സവക്കാലങ്ങളില്‍ ഒന്നാണ്‌ എന്നു വിലയിരുത്താവുന്നത്ര ആസ്വാദ്യകരമാണ്‌.

ഇതില്‍ നിന്നും ഭിന്നമായി ഫാഷിസ്റ്റുകളും ജനാധിപത്യ മുന്നണികളും എന്ന വിധത്തിലുള്ള മത്സരക്കളരികളിലെ പോരും പെരുമ്പറയും മുഴങ്ങുന്ന തെരഞ്ഞെടുപ്പ്‌ മത്സര മൈതാനങ്ങള്‍ ഒരു ശരാശരി മലയാളിയുടെ മനസ്സും മസ്‌തിഷ്‌കവും വേവിക്കുന്നു എന്നതാണ്‌ വാസ്‌തവം.

2021ലെ തെരഞ്ഞെടുപ്പ്‌ കാലം ഫാഷിസത്തെ എല്ലാ അര്‍‌ഥത്തിലും ദുര്‍‌ബലമാക്കുക എന്ന രാഷ്‌ട്രീയ മുദ്രാവാക്യം കേരള ജനതയുടെ വികാരവും വിചാരവുമായി പച്ച പിടിപ്പിച്ചു നിര്‍‌ത്തുന്നതില്‍ ഇരുമുന്നണികളും മുന്നണി സമവാക്യങ്ങളില്‍ പെടാത്തവരും സ്വീകരിച്ച ക്രിയാത്മകമായ നിലപാടുകള്‍ ശ്‌ളാഘനീയമാണ്‌.ഉത്തരവാദപ്പെട്ട മാധ്യമങ്ങളുടെ സക്രിയമായ ഇടപെടലുകളും അഭിനന്ദനാര്‍‌ഹം തന്നെ.

യാത്രക്കാരുടെ ജിവന്‍ പോലും അപകടത്തിലാക്കിയ വിമാനറാഞ്ചികള്‍ വിമാനത്തിലുള്ളവരുടെ കുട്ടികളോട്‌ കാണിക്കുന്ന സ്‌നേഹ വാത്സല്യത്തില്‍ തങ്ങള്‍ അകപ്പെട്ടുപോയ ദുരന്തം പോലും ഒരുവേള മറന്നു പോകുമത്രെ. ഇതിനോട്‌ സമാനമായ സന്ദര്‍‌ഭങ്ങള്‍‌ക്ക്‌ ദുര്‍‌ഘട രാഷ്‌ട്രീയ കാലാവസ്ഥയില്‍ അകപ്പെട്ട നമ്മുടെ മഹാഭാരതവും സാക്ഷിയാകാറുണ്ട്‌.ഇത്തരത്തിലുള്ള മുഹൂര്‍‌ത്തങ്ങളെ സമര്‍‌ഥമായി ചുഷണം ചെയ്യുന്നവരാണ്‌ രാജ്യത്തിന്റെ അധികാരക്കസേരകളില്‍ വാണരുളുന്നവര്‍.പ്രബുദ്ധരായ പൊതു സമൂഹവും രാഷ്‌ട്രീയ ധാരകളും വിശിഷ്യാ മാധ്യമങ്ങളും ഇനിയും ഈ തിരിച്ചറിവ്‌ നേടിയെടുക്കേണ്ടതുണ്ട്‌.അഥവാ സ്‌റ്റോക്‌ഹോം സിന്‍ഡ്രോം ബാധിക്കാതെ നോക്കണമെന്നു സാരം.

===

പിണറായി സര്‍‌ക്കാരിന്റെ കഴിഞ്ഞകാല ഊഴം കേരളീയന്‌ കാര്യമായ വിരോധമുണ്ടാക്കുന്നതൊന്നും സം‌ഭവിച്ചിട്ടില്ലായിരിക്കാം. സര്‍‌ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ഒന്നും തന്നെ ഒരു സാധാരണ പൗരനെ പ്രത്യക്ഷമായൊ പരോക്ഷമായൊ ബാധിക്കുന്നതും ആയിരുന്നില്ല.മാത്രമല്ല ഫാഷിസ്റ്റ് ഭരണകൂട ഏജന്‍‌സികളുടെ പക്ഷപാതപരമായ നടപടികളുടെ പരിണിതിയാണ്‌ ഈ ശരവ്യൂഹങ്ങളെല്ലാം എന്ന് ബോധ്യപ്പെടുത്താന്‍ നിഷ്‌പ്രയാസം സാധിക്കും വിധമുള്ള രാഷ്‌ട്രീയ കാലാവസ്ഥയും ഇടതുപക്ഷത്തിന്‌ തുണയായി എന്നാണ്‌ അനുമാനിക്കപ്പെടുന്നത്.

അഭ്യന്തര വകുപ്പിലെ ഫാഷിസ്റ്റ് സ്വാധീനം,വിദ്യാഭ്യാസ രം‌ഗത്തെയും തൊഴില്‍ മേഖലയിലെയും ക്രമക്കേടുകള്‍, സംവരണ മാനദണ്ഡങ്ങളിലെ ഒളിച്ചു കളികള്‍, ചവിട്ടിമെതിക്കപ്പെട്ട മനുഷ്യാവകാശങ്ങള്‍,സ്‌ത്രീ വിരുദ്ധതയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍,വേദ ഗ്രന്ഥങ്ങളുടെ മറവില്‍ ചെയ്‌ത മാപ്പര്‍‌ഹിക്കാത്ത കുറ്റകൃത്യങ്ങള്‍ തുടങ്ങി മാധ്യമ വിചാരണയില്‍ മുഴങ്ങിയതും തിളങ്ങിയതും എല്ലാമെല്ലാം പ്രളയത്തിലും മഹാമാരിയിലും ഒലിച്ചു പോയി.

പ്രകൃതി ക്ഷോപവും പ്രളയവും കോവിഡ്‌ ദുരന്തവും അതിലുപരി മഹാമാരിയും വിതച്ച പ്രതിസന്ധികള്‍ അതി സമര്‍‌ഥമായി നേരിടാന്‍ കേരളത്തിലെ വിശേഷാല്‍ സാഹചര്യത്തിലൂടെ ഇടതുപക്ഷ സര്‍‌ക്കാറിന്‌ സാധിച്ചിട്ടുണ്ട്‌.ദുരിതങ്ങളില്‍ കയ്മെയ് മറന്നു സേവന നിരതരാകാനുള്ള മലയാളി - വിശിഷ്യാ പ്രവാസി സമൂഹത്തിന്റെ എല്ലാ അര്‍‌ഥത്തിലുള്ള സം‌ഭാവനകളും സഹകരണവും സജീവതയും സര്‍‌ക്കാറിന്‌ തുണയായി. 

കൂടാതെ കേരളത്തിലെ വിശ്വാസി സമൂഹത്തിന്റെ മഹല്ല്‌ കേന്ദ്രീകത സേവന സം‌രം‌ഭങ്ങളും,കേന്ദ്രീകതമായ ഇതര പദ്ധതികളും,രാജ്യവ്യാപകമായ അടുക്കും ചിട്ടയുമുള്ള സന്നദ്ധ സേവന പ്രവര്‍‌ത്തനങ്ങളുടെ ഫലമായുണ്ടായ പുനര്‍‌ നിര്‍‌മ്മാണ പദ്ധതികളും ഒരര്‍‌ഥത്തില്‍ ഭരണകൂടത്തെ സര്‍‌ഗാത്മകമായും ക്രിയാത്മകമായും സഹായിച്ച ഘടകങ്ങളാണ്‌.

പൊതു സമൂഹത്തെ സേവന സന്നദ്ധരാക്കുന്നതില്‍ മാതൃകാപരമായ ദിശാബോധം നല്‍‌കുന്നതിലും പ്രാവര്‍ത്തികമാക്കുന്നതിലും വിശ്വാസി സമൂഹത്തിന്റെ സക്രിയമായ ഇടപെടലുകള്‍ അഭിമാനാര്‍‌ഹമായ ചുവടുവെപ്പുകളായാണ്‌ വിലയിരുത്തപ്പെടുന്നത്.ദുരന്ത ഭൂമികയില്‍ രാഷ്‌ട്രീയ സമവാക്യങ്ങള്‍ക്കപ്പുറം പൊതു സമുഹവും ഇതര സാമൂഹ്യ സാംസ്‌ക്കാരിക രാഷ്‌ട്രീയ സം‌ഘങ്ങളും സര്‍‌ക്കാറിനോടൊപ്പം നടന്നു.ഇത്‌  പ്രബുദ്ധ കേരളം രാജ്യത്തിനും ലോകത്തിനും കാട്ടിക്കൊടുത്ത മഹത്തായ ഒരു സന്ദേശമാണ്‌.

===

രാജ്യത്ത്‌ ഭരണ സംവിധാനം ഫലപ്രദമായ രീതിയില്‍  ചലിപ്പിക്കാനും ഏകോപിപ്പിക്കാനും സമൂഹത്തിന്റെ എല്ലാ ധാരകളിലും കൃത്യമായ തോതില്‍ എത്തിക്കാനും കഴിയും വിധമാണ്‌ തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ ക്രമീകരണം.രാജ്യത്തെ ഗ്രാമങ്ങളെക്കുറിച്ചുള്ള  മഹാത്മാ ഗാന്ധിജിയുടെ വിഭാവനയുടെ നേര്‍‌ത്ത ഭാവം കേരളത്തില്‍ ഉള്ളത്ര കാര്യക്ഷമമായി രാജ്യത്തെ ഇതര സം‌സ്‌ഥാനങ്ങളില്‍ ഉണ്ടായിരിക്കില്ല എന്നാണ്‌ പറയപ്പെടുന്നത്.കേരളം നേരിട്ട ദുരന്ത  മുഖങ്ങളില്‍ തദ്ദേശ സ്വയം ഭരണ തലങ്ങളെ ക്രിയാത്മാക്കുന്നതിലും സജീവമാക്കുന്നതിലും സര്‍‌ക്കാര്‍ കാഴ്‌ചവെച്ച നൈപുണ്യും എടുത്തോതേണ്ടതാണ്‌.

കേരളത്തിലെ ഗ്രാമഗ്രാമങ്ങളെയും പട്ടണ പ്രദേശങ്ങളേയും സാന്ത്വന സേവന സന്നദ്ധ പ്രവര്‍‌ത്തനങ്ങളിലൂടെ സമാശ്വസിപ്പിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വിവിധ തലങ്ങളിലൂടെ ബന്ധിപ്പിക്കുന്നതോടൊപ്പം,ഇടതു പക്ഷ രാഷ്‌ട്രീയ സാന്നിധ്യത്തെ സജീവമാക്കും വിധമുള്ള ക്രമപ്രവൃദ്ധമായ ചിട്ടവട്ടങ്ങള്‍ അതി സമര്‍‌ഥമായി ശക്തിപ്പെടുത്താനും ഇടതു പക്ഷ രാഷ്‌ട്രീയ സം‌വിധാനത്തിന്‌ സാധിച്ചിട്ടുണ്ട്‌.

ലോക്‌ഡൗണ്‍ കാലങ്ങളിലും കണ്ടയിന്‍‌മന്റ്‌ സോണുകളിലും പഞ്ചായത്ത് തലത്തില്‍ രൂപീകരിക്കപ്പെടുന്ന സന്നദ്ധ സേവന പ്രവര്‍‌ത്തകരും അവരെ ഏകോപിപ്പിക്കുന്നവരും എല്ലാം രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കങ്ങളാണ്‌ പലയിടങ്ങളിലും പ്രത്യക്ഷമായും പരോക്ഷമായും നടത്തി കൊണ്ടിരിക്കുന്നത്.ദുരിത കാലത്ത് നിത്യ സമ്പര്‍‌ക്കം പുലത്തിയിരുന്ന പഞ്ചായത്ത് വാര്‍‌ഡ്‌തല പ്രവര്‍‌ത്തകര്‍ തന്നെയായിരുന്നു തെരഞ്ഞെടുപ്പ്‌ കാലത്തെ പ്രചരണ പ്രവര്‍‌ത്തനങ്ങള്‍‌ക്കും നിയോഗിക്കപ്പെട്ടത്.

വരമ്പത്ത് പിടിച്ചു നിര്‍‌ത്തി കൂലിവാങ്ങിച്ചപ്പോള്‍ ഇടതു പക്ഷത്തിന്‌ രണ്ടാമൂഴം കിട്ടിയെന്നും വേണമെങ്കില്‍ പറയാം.

തികച്ചും പ്രതികൂല സാഹചര്യത്തെ തങ്ങള്‍‌ക്കനുകൂലമാക്കി മാറ്റുന്നതില്‍ ഇടതു പക്ഷ രാഷ്‌ട്രീയ സംവിധാനം വിജയിച്ചിട്ടുണ്ട്‌.ഗ്രാസ്സ്റൂട്ട് തലത്തില്‍ ശക്തമായി വേരോട്ടം നടത്താനും സാധിച്ചിട്ടുണ്ട്‌.ഐക്യ ജനാധിപത്യ മുന്നണി ആണ്ട്‌ തോറും നടത്തിവരാറുള്ള തെരഞ്ഞെടുപ്പ്‌ കാല ചടങ്ങ് പോലും കാഴ്‌ചവെക്കാത്ത സാഹചര്യത്തില്‍ ഇനിയും ഒരു തിരിച്ചു വരവ്‌ ആഗ്രഹിക്കുന്നുവെങ്കില്‍ ഇടതു പക്ഷത്തെ അതിജയിക്കാന്‍ അത്യധ്വാനം ചെയ്യേണ്ടി വരും.മേലിളകി പണിയെടുക്കേണ്ടി വരും.

കോണ്‍‌ഗ്രസ്സ് പാര്‍‌ട്ടി പഞ്ചായത്ത് ജില്ലാ സം‌സ്ഥാന തലങ്ങളില്‍ പ്രമാണിമാരും അവരുടെ മക്കളും സ്ഥാനമാനങ്ങള്‍ പങ്കിട്ട്‌ ചുളിവ്‌ മാറാത്ത ഖദറും ഉടുത്ത് പൂമുഖത്തെ ചാരുമഞ്ചങ്ങളില്‍ കിടന്ന്‌ സ്വപ്‌നം കാണുകയാണ്‌.പണ്ടേ ദുര്‍‌ബല ഇപ്പോള്‍ ഗര്‍‌ഭിണിയും എന്ന ചൊല്ല്‌ പോലെ. എല്ലാം കിടന്ന കിടപ്പില്‍.ഓണ്‍ ലൈന്‍ ശരണം.പ്രഭുകുമാരന്മാര്‍‌ക്ക്‌ ഓഫ്‌ ലൈന്‍ അത്ര പഥ്യമല്ലെന്നാണ്‌ ഇടതു ചേരിയുടെ നിരീക്ഷണം.

0 comments:

Post a Comment

Note: Only a member of this blog may post a comment.