Monday, July 5, 2021

വകഭേദം വന്ന ചുകപ്പ് സിന്‍‌ഡ്രോം

സ്‌‌റ്റോക് ഹോം സിന്‍‌ഡ്രോം എന്ന പ്രയോഗം ഏറെ പ്രസിദ്ധമാണ്‌.പണ്ട്‌ സ്‌റ്റോക് ഹോമിലേക്ക്‌ പറക്കുകയായിരുന്ന വിമാനം,ആകാശ കൊള്ളക്കാര്‍ റാഞ്ചിയതിനോടനുബന്ധിച്ചുണ്ടായ ഒരു പ്രയോഗമാണിത്.വിമാന റാഞ്ചല്‍ നാടകത്തിന്നിടയില്‍ യാത്രക്കാരുടെ കുഞ്ഞുങ്ങളോട് റാഞ്ചികള്‍ പ്രകടിപ്പിച്ച സ്‌നേഹ പരിലാളനകളില്‍ വിമാനത്തിലുണ്ടായിരുന്ന ചിലര്‍‌ക്ക്‌ അവരോട്‌ പ്രണയം തോന്നിയത്രെ.തങ്ങള്‍ അകപ്പെട്ട ദുരിതം പോലും മറന്ന ഈ പ്രണയിനികളുടെ ഭാവമാറ്റത്തെ  സ്‌റ്റോക്‌ ഹോം സിന്‍‌ഡ്രോം എന്ന പേരില്‍ വിളിക്കപ്പെട്ടു.പില്‍കാലത്ത് ഇത്തരത്തില്‍ സമൂഹത്തിന്‌ ഭീഷണി സൃഷ്‌ടിക്കുന്ന കുപ്രസിദ്ധരായവര്‍ കാണിക്കുന്ന മാനുഷികതയുടെ ചില നേര്‍‌ത്ത സമീപനങ്ങള്‍ പോലും മതിപ്പോടെ നിരീക്ഷിക്കുന്ന ഹതഭാഗ്യരുടെ അവസ്ഥയെ കുറിച്ച് സ്‌റ്റോക് ഹോം സിന്‍‌ഡ്രോം എന്നാണ്‌ വിവക്ഷിച്ചു പോരുന്നത്.

രാജ്യത്തെ ദേശിയ രാഷ്‌ട്രിയത്തില്‍ ഇത്തരത്തിലൊരു സിന്‍‌ഡ്രോം ബാധയെക്കുറിച്ച്‌  സോഷ്യല്‍ മീഡിയകള്‍ വിലയിരുത്തിയിരുന്നു.എന്നാല്‍ സം‌സ്ഥാന രാഷ്‌ട്രീയത്തിലും ഇവ്വിധമൊരു സിന്‍‌ഡ്രോം  ബാധ ഉണ്ടെന്നു പറഞ്ഞാല്‍ നിഷേധിക്കാന്‍ കഴിഞ്ഞെന്നു വരില്ല.

മനസ്സ്‌ വളരാത്ത എന്നാല്‍ മസില്‍ വളര്‍‌ന്ന യുവാക്കളുടെ സം‌ഘം.കൊന്നും കൊലവിളിച്ചും തിന്നും കുടിച്ചും കൂത്താടിയും അരങ്ങ് തിമിര്‍‌ത്താടി അര്‍‌മാദിക്കുന്നവര്‍.വളര്‍‌ന്നു വരുന്നവരുടെയും വളര്‍‌ന്നു വലുതായവരുടെയും  സങ്കേതത്തിലെ ഉറഞ്ഞാട്ടക്കാര്‍.എതിരാളികളുടെ നാവരിയാനും തലയറുക്കാനും ധാര്‍‌ഷ്‌ട്യം കാണിക്കുന്ന ചോരത്തിളപ്പുള്ളവരും ഭയ ലേശമില്ലാതെ ആര്‍‌ത്തുല്ലക്കുന്ന ചോരത്താരകങ്ങളും. അധികാരത്തിലിരിക്കുന്ന രാഷ്‌ട്രീയ കക്ഷിയുടെ അരങ്ങിലും അണിയറയിലുമുള്ള ചാവേര്‍പടയെ കുറിച്ച് വളരെ ലളിതമായ വ്യാഖാനമാണിത്.

ഈ പരാക്രമികളുടെ അധോലോക വിനോദങ്ങള്‍‌ക്കിടയില്‍ അവര്‍ കാണിക്കുന്ന ഒറ്റപ്പെട്ട സേവന പ്രവര്‍‌ത്തനങ്ങള്‍ പൊതു സമൂഹത്തില്‍ പിടിച്ചു നില്‍‌ക്കാനുള്ള പിടിവള്ളികള്‍ മാത്രമാണെന്നു തിരിച്ചറിയാനാകാത്ത  അനുധാവകരുടെ അവസ്ഥയെ ചുകപ്പ്‌ വകഭേദം വന്ന സിന്‍‌ഡ്രോം മാത്രമായി കാണാനേ നിഷ്‌പക്ഷരായവര്‍‌ക്ക്‌ സാധിക്കുകയുള്ളൂ. 

ഒരു രാഷ്‌ട്രീയക്കാരന്റെ ഭാഷ കടമെടുത്തു പറഞ്ഞാല്‍ പകല്‍ പൊതിച്ചോറുമായി വരുന്നവര്‍ തന്നെയാണ്‌ ഇരുട്ടിന്റെ മറവില്‍ തലച്ചോറെടുക്കാന്‍ മുതിരുന്നത് എന്നത് സങ്കടകരം തന്നെയാണ്‌.

രാജ്യത്ത് അതി ഭീകരമായത് അധികാര കേന്ദ്രങ്ങളില്‍ അനര്‍‌ഹരായ വകുപ്പധ്യക്ഷന്മാര്‍ നിയോഗിക്കപ്പെടുന്നു എന്നതത്രെ.പല വകുപ്പുകളിലും പ്രസ്‌തുത വകുപ്പിന്റെ വിചാരണ നേരിടേണ്ട വ്യക്തി തന്നെയായിരിക്കാം വകുപ്പ്‌ തലവന്‍.ഇതു തന്നെയായിരിക്കണം രാജ്യത്തിന്റെ അതി ദയനീയമായ അവസ്ഥ.ഈ അവസ്ഥ മാറണമെങ്കില്‍ വ്യവസ്ഥ മാറണം.വ്യവസ്ഥ മാറണമെങ്കില്‍ ആത്യന്തികമായി സമൂഹം മാറണം.അതിനാല്‍,നന്മയുടെ പ്രസാരണവും തിന്മയുടെ നിരാകരണവും അനസ്യൂതം നടക്കണം.

ഈ പ്രസാരണം ശാന്ത സുന്ദരമാണ്‌,ആകര്‍‌ഷകമാണ്‌ അതിലുപരി വിദ്യാഭ്യാസമുള്ള ചിന്തിക്കുന്ന ജനങ്ങള്‍‌ക്ക്‌ അനുഭൂതിദായകവുമത്രെ.ഈ സമാധാന കാം‌ക്ഷികളുടെ തൂലികയും മീഡിയയും തള്ളിക്കളയേണ്ടവല്ല എന്നു നിരീക്ഷിക്കുന്നവര്‍ ധാരാളമുണ്ട്‌.നിശബ്‌ദമായും അല്ലാതെയും ഈ പ്രസാരണ ദൗത്യത്തെ വിലമതിക്കുന്ന ബുദ്ധി രാക്ഷസന്മാരും ഉണ്ട്‌ എന്നതത്രെ യാഥാര്‍‌ഥ്യം.സാഹചര്യങ്ങളുടെ സമ്മര്‍‌ദ്ധം കൊണ്ടോ മറ്റൊ പൂര്‍‌ണ്ണാര്‍‌ഥത്തില്‍ പ്രത്യക്ഷപ്പെടാത്തവരും ഉണ്ടായിരിക്കാനാണ്‌ സാധ്യത.

ഒരു മാതൃകാ രാഷ്‌ട്രത്തിന്റെ നിര്‍മ്മിതിയുടെ ഭാഗമായി സാമൂഹിക സാം‌സ്‌ക്കാരികമായ ഉണര്‍‌വ്വും ഉന്മേഷവും ശാന്തിയും സമാധാനവും നിലനിര്‍‌ത്തുന്നതിലും പരിപാലിക്കുന്നതിലും ഒക്കെയാണ്‌ മനുഷ്യപ്പറ്റുള്ള ഭരണ സാരിഥികള്‍ ശ്രദ്ധകേന്ദ്രീകരിച്ചു കൊണ്ടിരിക്കുക.ലോകത്തിലെ എല്ലാ അര്‍‌ഥത്തിലും എണ്ണപ്പെട്ട ഒരു മഹാരാജ്യത്തിന്റെ അവസ്ഥയും വ്യവസ്ഥയും; ദൗര്‍‌ഭാഗ്യകരം എന്നു പറയട്ടെ പരിതാപകരം എന്നതിലും അപ്പുറമാണ്‌.ഇത് ദേശീയതലത്തിലായാലും സംസ്ഥാനതലത്തിലായാലും.ദേശിയ തലത്തില്‍ ഈ ദുരിതം ഇരട്ടിയലധികമാണെന്നു മാത്രം.

കേവല പരമത നിന്ദയും വെറുപ്പും വിദ്വേഷവും ക്രൂരതയും മനുഷ്യത്വമില്ലായ്‌മയും മാത്രം കൈമുതലാക്കിയുള്ള ഈ ഉന്മാദ ദേശീയ ജനസം‌ഘം  രാജ്യത്തെ എങ്ങോട്ടാണ്‌ നയിച്ചു കൊണ്ടിരിക്കുന്നത്.

ക്ഷുദ്ര ജീവികള്‍‌ക്കുള്ള വിലപോലും കല്‍‌പ്പിക്കപ്പെടാത്തവിധം പച്ചക്കും പഴുപ്പിച്ചും കൊന്നും കൊലവിളിച്ചും ആര്‍‌ത്തട്ടഹസിക്കുന്ന കാവി ഭീകരതയുടെ വിവിധ തരത്തിലും തലത്തിലുമുള്ള ഗൂഢനീക്കങ്ങള്‍ നിവര്‍‌ത്തികേട്‌ കൊണ്ട്‌ നേരിടാനാകാത്ത സം‌സ്ഥാന രാഷ്‌ട്രീയ സാഹചര്യം ജനം വായിച്ചെടുക്കുന്നുണ്ട്‌.

ഇതോടൊപ്പം ചേര്‍‌ത്തു വായിക്കേണ്ട മറ്റൊരു മഹാ ദുരന്തം, ദേശീയ പട്ടക്കാരന്റെ വെളിപാടാണ്‌.ഈ വേഷം കെട്ടുകാരുടെ  അജണ്ടയില്‍ അധികാര ശീതളിമയിലെ സ്ഥാനമാനങ്ങളും പേരും പെരുമയുമാണ്‌  പ്രഥമപരിഗണനയെന്ന്‌ ബോധം തെളിഞ്ഞവര്‍‌ക്കൊക്കെ അറിയാവുന്ന കാര്യമാണ്‌.ദേശീയ തലത്തിലായാലും പ്രാദേശിക തലത്തിലായാലും ഭൗതികാര്‍‌ഥത്തിലുള്ള ലാഭം മാത്രം ഉന്നം വെക്കുന്നവരെ കുറിച്ച്‌ പറയാതിരിക്കലാണ്‌ ഭേദം.

ഈ കൊച്ചു കേരളത്തില്‍ മഹാമാരിയുടെ മറയില്‍ എന്തൊക്കെയാണ്‌  നടമാടിക്കൊണ്ടിരിക്കുന്നത്.മറു പക്ഷത്തിന്റെ ബലഹീനതകള്‍ കൊണ്ട്‌ അധികാരത്തുടര്‍‌ച്ചയുണ്ടായതില്‍ ഇത്രയൊക്കെ നിഗളിക്കാമോ.? തുടര്‍ ഭരണം സാധ്യമായി എന്നതിന്റെ പേരില്‍ ജനാധിപത്യ വിശ്വാസികള്‍ തിരുവായ്‌ക്ക്‌ എതിര്‍‌വായ് ഇല്ലാത്തവരാകണം എന്നുണ്ടോ..?

സാധാരണക്കാരെ അവഗണിക്കുന്ന ആസൂത്രണങ്ങളും പദ്ധതികളും വിമര്‍‌ശന വിധേയമാക്കപ്പെടുന്നതില്‍ അത്ഭുതം കൂറുന്നത്ര ഇടത് പക്ഷ അസഹിഷ്‌ണുത വര്‍‌ദ്ധിച്ചിരിക്കുന്നു.ഇതിന്റെയൊക്കെ സൂത്രധാരകന്മാര്‍ ഇസ്‌ലാമിക പ്രസ്ഥാനവും അതിന്റെ രാഷ്‌ട്രിയവുമാണെന്ന്‌ അരിശം കൊള്ളുന്ന യുവജന നേതാക്കളുടെ വാക്‌ധോരണിയില്‍ ഇടതുചേരിയുടെ സാമൂഹിക അകലം കൃത്യമായി തിട്ടപ്പെടുത്താനും സാധിക്കുന്നുണ്ട്‌.

തീവ്രവാദത്തിന്റെയും ഭീകര വാദത്തിന്റെയും കള്ളക്കടത്തിന്റെയും സ്വജനപക്ഷപാതിത്വത്തിന്റെയും സകലമാന ജീര്‍‌ണ്ണതകളും പേറുന്ന ഒരു രാഷ്‌ട്രീയ സംവിധാനം കാട്ടിക്കൂട്ടുന്ന ധാര്‍‌ഷ്‌ട്യം നിറഞ്ഞ നിലപാടുകള്‍ സകല സീമകളും കടന്നിരിക്കുന്നു.ദൈവ നിരാസത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സാമൂഹിക ക്രമമാകാമെന്നും.ദൈവത്തെ ഉള്‍‌കൊള്ളുന്ന സം‌സ്‌ക്കാരവും സാമൂഹിക ക്രമവും അപകടകരമാണെന്നും പ്രചരിപ്പിക്കുന്നതിലെ യുക്തി എന്തായിരിക്കും. ദൈവത്തെ അം‌ഗീകരിക്കുന്നവരുടെ സമാധാനപരമായ പ്രവര്‍‌ത്തനങ്ങളില്‍ അണി ചേര്‍‌ന്നവരെ അനഭിമതരായി ഗണിക്കുകയും,ദൈവ നിരാസത്തെ പുല്‍‌കുന്നവരായ കൊടും കുറ്റവാളികളും കൊലപാതകികള്‍ പോലും ആദരിക്കപ്പെടുകയും ചെയ്യുന്നതിലെ വൈരുധ്യം ആര്‍‌ക്കാണ്‌ മനസ്സിലാകാത്തത്.

ലോകത്തിന്‌ ഒരു ശക്തിയുണ്ട്‌ എന്ന്‌ വിശ്വസിക്കുന്നവര്‍‌ക്ക്‌ മതമുണ്ട്‌.ഒരു ശക്തിയും ഇല്ല എന്ന്‌ പ്രഖ്യാപിക്കുന്നവര്‍‌ക്കും മതമുണ്ട്‌.ലോകത്തിനു്‌ ഒരു ശക്തിയുണ്ടെന്നു പറയുകയും എന്നാല്‍ പ്രവാചകന്മാരെയും പരിവ്രാചകന്മാരെയും ആള്‍‌ ദൈവങ്ങളെയും  ദൈവമായി സങ്കല്‍‌പിച്ചും പ്രതിഷ്‌ഠിച്ചും സം‌തൃപ്‌തിയടയുകയും ചെയ്യുന്നവര്‍‌ക്കും മതമുണ്ട്‌.ദൈവാധിഷ്‌ഠിതമൊ അല്ലാത്തതൊ ആയ ദര്‍‌ശനത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടി പരിശ്രമിക്കുന്നവര്‍‌ക്കും പരിശ്രമിക്കാത്തവര്‍‌ക്കും മതമുണ്ട്‌.മതമില്ലാത്ത ആരും ഭൂമുഖത്തില്ല.

തങ്ങളുടെ വിഭാവനകള്‍ വീക്ഷണങ്ങള്‍ അപരന്റെ ചിന്തയില്‍ അടിച്ചേല്‍‌പ്പിക്കുന്ന രീതിയാണ്‌ ഫാഷിസം.ഇതര ദര്‍‌ശനങ്ങളോട് ചിന്താ ധാരകളോട്‌ അസഹിഷ്‌ണുതയോടെ ചിന്തിക്കുകയും പ്രവര്‍‌ത്തിക്കുകയും നീതിയുക്തമായാലും ഇല്ലങ്കിലും തന്റെ സം‌ഘത്തിനു വേണ്ടി നിലകൊള്ളുകയും സ്വജന പക്ഷപാതിത്വത്തില്‍ ഹരം കൊള്ളുകയും ചെയ്യുന്നതുമത്രെ തീവ്ര വാദവും ഭീകര വാദവും.ഒരു വേള രാഷ്‌ട്രീയ മുദ്രയില്‍ അറിയപ്പെടുന്ന അരാഷ്‌ട്രീയ വാദവും.

കൂരാകൂരിരുട്ടത്ത് നിന്നു കൊണ്ട്‌ വെളിച്ചമാണ്‌ എന്നു അക്രോശിക്കുന്നവരും,കൂരിരുട്ടിലേക്ക്‌ ഒരു നെയ്‌തിരിയുമായി കടന്നു വരുന്നവരും സമമാകുകയില്ല.

പകലോന്‍ അതിന്റെ സഞ്ചാര പാതയില്‍ സമയ ക്രമം പോലെ ഉദിച്ചും അസ്‌തമിച്ചും നിര്‍‌ണ്ണിതമായ കര്‍‌മ്മ നിര്‍‌വഹണത്തിലാണ്‌.കാര്‍ മേഘങ്ങള്‍ അവയുടെ ദൗത്യം നിര്‍‌വഹിച്ചു കൊണ്ട്‌ മഴ വര്‍‌ഷിക്കുന്നു.മരങ്ങള്‍ ജീവവായു ഉല്‍‌പാദിപ്പിച്ചു കൊണ്ടിരിക്കുന്നു.സ്വാതന്ത്ര്യം നല്‍‌കപ്പെട്ട മനുഷ്യന്‍ അവന്‌ നല്‍കപ്പെട്ട മാര്‍‌ഗ ദര്‍‌ശനം സ്വീകരിച്ച് സ്വന്തം ജീവിതത്തെ പ്രകാശമാനമാക്കുന്നതോടൊപ്പം ഇരുളടഞ്ഞ ജിവിത പാന്ഥാവിലകപ്പെട്ടവര്‍‌ക്ക്‌ വിളക്കായി വെളിച്ചമായി മാറുകയും ചെയ്യുന്നു.

'കുരുടനും കാഴ്ചയുള്ളവനും തുല്യരല്ല. ഇരുട്ടും വെളിച്ചവും ഒരുപോലെയല്ല. കുളിര്‍ തണലും കൊടും വെയിലും തുല്യമല്ല. ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമന്മാരല്ല'.ഇതത്രെ ഖുര്‍‌ആനിന്റെ പ്രഘോഷണം.

എഴുതുന്നവര്‍ എഴുത്ത് തുടരും മായ്‌ക്കുന്നവര്‍ മായ്‌ച്ചു കൊണ്ടേയിരിയ്‌ക്കും അവര്‍ സ്വയം മാഞ്ഞു പോകുന്നതുവരെ.

അപഹർത്താക്കളെ സ്വയംവരം ചെയ്യാനൊരുങ്ങിയ ഉന്മാദിനികളെക്കാൾ കഷ്‌‌ടമാണത്രെ വകഭേദം വന്ന ചുകപ്പ് സിന്‍‌ഡ്രോം ബാധിച്ചവരുടെ അവസ്ഥ.

0 comments:

Post a Comment

Note: Only a member of this blog may post a comment.