Monday, July 5, 2021

ആസ്വദിച്ചു തീരാത്ത ബാല്യകാലസഖി

ബഷീര്‍ കൃതികളുടെ ആസ്വാദനം എന്നതിനെക്കാള്‍ ബഷീര്‍ എന്ന ഇമ്മിണിബല്യേ ഒന്നിനെ തന്നെയാണ്‌ യഥാര്‍‌ഥത്തില്‍ ആസ്വദിക്കേണ്ടത്. ബഷീറിന്റെ ബാല്യകാല സഖി ഓരോ വായനക്കരന്റെയും സഖിയാണ്‌.കാളിദാസൻ മരിച്ചു, കണ്വമാമുനി മരിച്ചു,അനസൂയ മരിച്ചു,പ്രിയംവദ മരിച്ചു,ശകുന്തള മാത്രം മരിച്ചില്ല എന്ന വയലാറിന്റെ വരികളിലെ കാല്‍‌പനികത പോലെയാണ്‌ ബഷീര്‍ കഥാപാത്രങ്ങളുടെ കഥയും.

എഴുത്തുകാരനും,ചുറ്റും കൂടിയവരും, വിമര്‍‌ശകരും, ആസ്വാദകരും ഒക്കെ മരിച്ചു പോയിരിക്കുന്നു.പക്ഷെ ബഷീറിന്റെ കഥാപാത്രങ്ങള്‍ ആരും തന്നെ മരിച്ചിട്ടില്ല-മരിക്കുകയും ഇല്ല.

ഭാഷാ പ്രയോഗങ്ങളിലെ വ്യാകരണ ധര്‍‌മ്മങ്ങളെക്കാള്‍ തന്റെ വിഭാവനയിലെ കഥാ തന്തുവിലെ മര്‍‌മ്മങ്ങളായിരുന്നു ബഷീറിന്‌ പഥ്യം.അക്ഷരങ്ങള്‍‌ക്കും അതിന്റെ സ്വര ഭേദങ്ങള്‍‌ക്കും അതിലൂടെ വിരിയുന്ന ആശയങ്ങള്‍‌ക്കും ആസ്വാദനങ്ങള്‍‌ക്കും ചിട്ടപ്പെടുത്തപ്പെട്ട കൃത്രിമ നിയമ സം‌ഹിതയില്‍ ബഷീര്‍ വിശ്വസിച്ചിരുന്നില്ല. ഭാഷാ വ്യാകരണ മുറകളുടെ കെട്ടുകാഴ്‌ചകളുടെ അതിരുകളില്‍ ഭാവനയെ ഒതുക്കുകയായിരുന്നില്ല.മറിച്ച്‌ തനിക്ക്‌ ചുറ്റുമുള്ള കാഴ്‌ചകള്‍ അനുഭവിച്ചറിഞ്ഞ പരിവേഷത്തോടെ അപ്പടി പകര്‍‌ത്തുക എന്നതായിരുന്നു ബഷീര്‍ എന്ന മഹാനായ എഴുത്തുകാരന്റെ ശീലും ശൈലിയും.

സങ്കല്‍‌പങ്ങള്‍‌ക്ക്‌ വേണ്ടി - തത്വ ജ്ഞാനങ്ങള്‍‌ക്ക്‌ വേണ്ടി ഒന്നും ഈ നിസ്വാര്‍‌ഥനായ എഴുത്തുകാരന്‍  പ്രയാസപ്പെടുന്നില്ല.‌അകൃത്രിമങ്ങളായ ജിവിതാനുഭവങ്ങളുടെ ഏറ്റവും പച്ചയായ ഭാവമാണ് പ്രതീക്ഷയാണ്‌‌ അദ്ദേഹത്തിന്റെ കാല്‍‌പനികതകളുടെ ലോകം.പൊതു നിരീക്ഷണത്തില്‍ വിവരമില്ലായ്‌മയില്‍ നിന്നെന്നപോലെ നിര്‍ഗളിക്കാവുന്ന സ്വാഭാവികതകളാണ്‌ ബഷീറിന്റെ ദാര്‍‌ശനികതകളുടെ ലോകം.

ഒന്നും ഒന്നും കൂട്ടിയാല്‍ ഇമ്മിണി ബല്യേ ഒന്ന്‌ എന്നത്‌ കണക്ക് അറിയാത്ത മജീദിന്റെ നിഷ്‌കളങ്കതയെയാണ്‌ സൂചിപ്പിക്കുന്നത്.ഒപ്പം കണക്ക്‌ അറിയുന്നവര്‍‌ക്ക്‌ പുതിയ ഒരു ദാര്‍‌ശനിക പാഠവും.എന്നാല്‍ വിജ്ഞാനത്തിന്റെ കുത്തകക്കാര്‍‌ ഇതൊന്നും വകവെച്ചു നല്‍‌കിക്കൊള്ളണമെന്നില്ല.

രണ്ട്‌ പുഴകള്‍ സം‌ഗമിച്ച് വീണ്ടും ഒന്നായി ഒഴുകുന്നതില്‍ നിന്ന്‌ മജീദ്‌ ഉള്‍‌കൊള്ളുന്ന ബല്യേ ഒന്ന്‌ എന്ന യാഥര്‍‌ഥ്യവും ഒന്നും ഒന്നും കൂട്ടിയാല്‍ രണ്ട്‌ എന്ന ഗണിത ശാസ്‌ത്ര അക്ഷരാര്‍‌ഥ വിവരവും പരസ്‌പരം കലഹിക്കേണ്ട ഒരു സമസ്യയല്ല.ബല്യേ ഒന്ന്‌ എന്നത്‌ പച്ചയായ യാഥാര്‍‌ഥ്യമാണ്‌.രണ്ട്‌ എന്നത്‌ ഭൗതിക ജീവിത സാഹചര്യത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യവും‌. ജീവിതായോധനത്തിന്‌  ഈ പരുക്കന്‍ യാഥാര്‍ഥ്യം വേണ്ടി വരും.എന്നാല്‍ ജിവിതം ഏറെ ഹൃദ്യമായി ആസ്വദിക്കാന്‍ പച്ചയായ യാഥാര്‍‌ഥ്യത്തെ ഉള്‍കൊണ്ടവര്‍‌ക്കേ സാധിക്കുകയുള്ളൂ..

ഉല്‍‌കൃഷ്‌ടവും അല്ലാത്തതും എന്നതിന്‌ പാശ്ചാത്യ പൗരസ്ത്യ‌ വര്‍‌ണ്ണാടിസ്ഥാനങ്ങളില്‍ തീരുമാനിക്കപ്പെടുന്ന അലിഖിത നിയമങ്ങളെ കടപുഴക്കി വീഴ്‌ത്തുന്നതില്‍ നൈപുണ്യമുള്ള മാന്ത്രികനാണ് വൈക്കം മുഹമ്മദ്‌ ബഷീര്‍‌‌.സമൂഹത്തില്‍ വേരോട്ടമുള്ള തിന്മകളുടെ പടര്‍‌പ്പുല്ലുകളെ പിഴുതെറിയാന്‍ കെല്‍പുള്ള സര്‍‌ഗാത്മക തൂലിക കൊണ്ട് മലയാളത്തെ ശുദ്ധീകരിക്കാനും സമ്പന്നമാക്കാനും അശ്രാന്തം പരിശ്രമിച്ച സുല്‍‌ത്താനാണ്‌ ബഷീര്‍.

ജീവിത ഗന്ധിയായ തന്റെ ഇതര കൃതികളെപ്പോലെ മഹത്തരമാണ്‌  ബാല്യകാല സഖിയുടെ ഇതിവൃത്തം.ഇമ്മിണി ബല്യേ ഒന്ന്‌ എന്ന സ്വാഭാവിക ദാര്‍‌ശനികതയെ‌ പ്രതിഷ്‌ഠിച്ചു വെച്ച‌ പച്ച മനുഷ്യരുടെ ലോകവും.

സിനമാ താരം ശ്രീ മമ്മുട്ടി ബഷീറിനെ കുറിച്ച് പറഞ്ഞത് ഒരിക്കല്‍ കൂടെ അടിവരയിട്ടു കൊണ്ട്‌ ചുരുക്കട്ടെ.ഫിലോസഫിയെ സാധാരണക്കാരന്റെ ഭാഷയില്‍ പറഞ്ഞ എഴുത്തുകാരനാണ്‌ വൈക്കം മുഹമ്മദ് ബഷീര്‍.

0 comments:

Post a Comment

Note: Only a member of this blog may post a comment.